അവാര്‍ഡ് നിശാ വേദിയില്‍ ``വചന''ത്തിലെ പാട്ട് യുവഗായകന്‍ പാടിത്തുടങ്ങിയപ്പോള്‍, അടുത്തിരുന്ന ഒ.എന്‍.വി.യുടെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയി. അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി കളിയാടുന്നു അവിടെ. ഗായകന്‍ പാടിയത് ഇങ്ങനെ:
``നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നു..'
'ഒ.എന്‍.വി എഴുതിയത് ഇങ്ങനെ: ``നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികി ല്‍ നിന്നു..''
തിരികെ ഭാരത് ടൂറിസ്റ്റ് ഹോമിലെ മുറിയിലേക്ക് കവിയെ അനുഗമിക്കുമ്പോള്‍ ചോദിച്ചു: ``നീര്‍മിഴിപ്പീലി എന്ന് സാര്‍ എഴുതില്ല എന്നറിയാം. പക്ഷേ യേശുദാസിന്റെ ആലാപനത്തില്‍ എങ്ങനെ ഇതുപോലൊരു പിഴവ് കടന്നുകൂടി?'' തലയാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ``അറിയില്ല. റെക്കോര്‍ഡിംഗില്‍ വന്ന അശ്രദ്ധ കൊണ്ടാകാം. എങ്കിലും അതേ അബദ്ധം മറ്റുള്ളവരും പതിവായി ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നും.''
നീള്‍മിഴി എങ്ങനെ നീര്‍മിഴിയായി എന്നറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷം ``വചന''ത്തിന്റെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനില്‍ നിന്നാണ്. ആ കഥ ഇങ്ങനെ:
``തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡ് ജങ്ക്ഷനിലെ ഹോട്ടല്‍ ലിഡോയില്‍ വെച്ചായിരുന്നു `വചന'ത്തിന്റെ കമ്പോസിംഗ്. നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നു എന്ന പല്ലവി ഒ എന്‍ വി എഴുതിക്കൊടുത്തപ്പോള്‍ തന്നെ മനോഹരമായ ഒരു ഈണം മോഹന്‍ സിതാരയുടെ വയലിനില്‍ പിറന്നു. ഒരു പക്ഷേ സിനിമക്ക് വേണ്ടി മോഹന്‍ സൃഷ്ടിച്ച ഏറ്റവും റൊമാന്റിക് ആയ ഈണം.. പാട്ടിന്റെ ട്രാക്ക് യേശുദാസിനു പാടാന്‍ ചെന്നൈയിലേക്ക് അയച്ചുകൊടുക്കുകയാണ് പിന്നീട് ചെയ്തത്. നീള്‍മിഴിപ്പീലിക്ക് പകരം ദാസ് പാടി തിരിച്ചയച്ചു തന്നത് നീര്‍മിഴിപ്പീലി എന്ന്. ആ സമയത്ത് അതാരുടേയും ശ്രദ്ധയില്‍ പെട്ടതുമില്ല. ഫൈനല്‍ മിക്‌സിംഗ് കഴിഞ്ഞ ശേഷമാണ് പിഴവ് എല്ലാവരും ശ്രദ്ധിക്കുന്നത്. നീര്‍മിഴിപ്പീലിയില്‍ വീണ്ടും നീര്‍മണി തുളുമ്പേണ്ട കാര്യമില്ലല്ലോ. അത് അനാവശ്യമായ ആവര്‍ത്തനമല്ലേ? എന്തുചെയ്യാം. അപ്പോഴേക്കും ദാസ് അമേരിക്കയിലേക്ക് പറന്നിരുന്നു. മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചെത്തൂ. സിനിമ പുറത്തിറക്കിയേ പറ്റൂ താനും. അങ്ങനെ ആദ്യ വാക്കിലെ ഉച്ചാരണപ്പിശകോടെ തന്നെ ആ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. ഭാഗ്യവശാല്‍ നീര്‍മിഴിപ്പീലി എന്ന പ്രയോഗം പാട്ടിന്റെ ജനകീയതയെ ബാധിക്കുകയുണ്ടായില്ല. എങ്കിലും തെറ്റ് തെറ്റു തന്നെയല്ലേ..?''
Content Highlights: Neermizhi neelmizhi peeliyil neermani thulumpi vachanam suresh gopi jayaram sithara


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..