പ്രളയക്കെടുതിയില്‍ നിന്നു കര കയറുന്ന മലയാളിയെ സല്യൂട്ട് ചെയ്യുന്ന മ്യൂസിക്ക് വീഡിയോ 'ഞാന്‍ മലയാളി' തരംഗമാകുന്നു. നടന്‍ നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവിന്റെ ആദ്യ സംവിധാനസംരംഭമാണിത്. കഴുത്തറ്റം മൂടിയ വെള്ളത്തിൽ കുത്തിയൊഴുകിയ പുഴയിൽ കണ്ണ് തുടച്ചും ചോര പൊടിഞ്ഞും  അതിജീവനത്തിന്റെ ഓരോ പടവും താണ്ടിയ മലയാളിയെ സെല്യൂട്ട് ചെയ്യുന്ന വീഡിയോയുടെ പിറവിയുടെ കഥ നവനീത് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവച്ചു. 

മലയാളത്തില്‍ റാപ് മ്യൂസിക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയനായ ആര്‍ സീയെന്ന റമീസാണ് ഈ പാട്ടെഴുതി ഈണമിട്ടത്. റമീസ് നേരത്തെ തന്നെ കമ്പോസ് ചെയ്ത പാട്ടായിരുന്നു 'ഞാന്‍ മലയാളി'. കേരളക്കരയെ ആകെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അതൊരു മ്യൂസിക് വീഡിയോ ആകാന്‍ കാരണമായി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ട് ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒരുമിച്ചു നില്‍ക്കുന്നത് ക്യാമ്പുകളില്‍ നേരിട്ടു പോയപ്പോള്‍ കണ്ടു. അന്ന് മനസിലേക്കു വന്നത് ഈ പാട്ടിലെ വരികളാണ്. മലയാളിയുടെ വികാരം ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ഇതിലും നല്ലൊരു സമയം ഇനി വരില്ലെന്നു മനസിലാക്കി ആ പാട്ട് വിഷ്വലൈസ് ചെയ്യുകയായിരുന്നു. ഏട്ടന്‍ തന്നെയാണ് ഇനീഷ്യേറ്റീവ് എടുത്തത്. സംവിധാനം ഞാന്‍ ചെയ്തു എന്നു മാത്രം-നവനീത് പറഞ്ഞു.

നടന്‍ ടൊവിനോ തോമസാണ് തിങ്കളാഴ്ച്ച ആല്‍ബം റിലീസ് ചെയ്തത്. ടൊവിനോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. മ്യൂസിക് വീഡിയോ വഴി സമ്പാദിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും നവനീത് പറഞ്ഞു.