കാലത്തിന്റെ ഇടനെഞ്ചില്‍ ആഴത്തില്‍ ഉയിരിടുന്ന നീലിമയോട് പ്രണയത്തെ ഉപമിച്ച് വ്യത്യസ്തമായൊരു പ്രണയഗാനം 'ദ എയ്റ്റ്ത് നോട്ടി'ലൂടെ വാലന്റൈന്‍സ് ഡേ സമ്മാനമായി സംഗീതപ്രേമികളിലേക്ക്. നീലക്കുറിഞ്ഞികള്‍ ഹൃദയത്തില്‍ സൂക്ഷിച്ച സ്വപ്നങ്ങളോടും പ്രണയത്തെ ചേര്‍ത്ത് വെച്ച ഗാനത്തിന്റെ വരികള്‍ രചിച്ചത് ഷീബ അമീറാണ്. ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകനും ഗായകനുമായ വീത്‌ രാഗാണ്.  

സാമൂഹികപ്രവര്‍ത്തകയെന്ന നിലയില്‍ ചിരപരിചിതയായ ഷീബ അമീര്‍ പ്രണയത്തിന് വേറിട്ട നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്. രണ്ട് ഹൃദയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഉത്തമവികാരത്തിനപ്പുറം കരുണ, സ്‌നേഹം, അനുകമ്പ, ആത്മസമര്‍പ്പണം തുടങ്ങി ഒട്ടു മിക്ക ആര്‍ദ്രവികാരങ്ങളേയും പ്രണയമെന്ന് വാക്കില്‍ ഉള്‍പെടുത്താനാണ് തനിക്കിഷ്ടമെന്ന് ഷീബ അമീര്‍ പറയുന്നു. 

പ്രകൃതിയിലെ മനോഹരമായ ഒരോ കാഴ്ചകളേയും ജീവിതവേദനകള്‍ അതിജീവിക്കാനുള്ള അഭയമായി വഴിതിരിച്ചു വിടുന്നതിലും പ്രണയഭാവം കണ്ടെത്താമെന്ന് പറയുന്ന പാട്ടിന്റെ എഴുത്തുകാരി നീലക്കുറിഞ്ഞി വിടരുന്നത് കാണാന്‍ കാത്തിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നതായും അത്തരത്തിലെ ചാരുതയാര്‍ന്ന ഓര്‍മകളും ഗാനത്തിന്റെ രചനാവഴിയില്‍ കൂട്ടുവന്നതായി ഓര്‍മിക്കുന്നു. മറ്റൊരാള്‍ക്കായി നമ്മള്‍ നീട്ടുന്ന വിരല്‍ത്തുമ്പുകളിലുണ്ടാവും പ്രണയഭാവമെന്ന് ഷീബ അമീര്‍ പറയുന്നു.

വരികള്‍ക്ക് ആവശ്യമായ ആര്‍ദ്രവും മനോഹരവുമായ ഈണമാണ് വീത്‌ രാഗ് നല്‍കിയിരിക്കുന്നത്. ഗസല്‍ഗായകനായും സംഗീതസംവിധായകനായും സംഗീതലോകത്തിന് പരിചിതനായ വീത്‌ രാഗ് ഗാനത്തിന് മൃദുലമായ സമീപനമാണ് നല്‍കിയിരിക്കുന്നത്. മനോഹരമായ ആലാപനവും ഗാനത്തെ വ്യത്യസ്തമാക്കുന്നുണ്ട്. 

ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണത്തിന്റെ സംവിധാനം സുജിത് സുധി, മിക്‌സിങ് & മാസ്റ്ററിങ് സജി ആര്‍ നായര്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. കൂടാതെ കേരളത്തിലെ മുന്‍നിര സംഗീതപ്രവര്‍ത്തകരായ പോള്‍സണ്‍ കെ.ജെ, രാജു ജോര്‍ജ്, സുനില്‍കുമാര്‍ പി.കെ., സംഗീത് പവിത്രന്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. 

 

Content Highlights: Neelimayanente Pranayam Sheeba Ameer Veetraag Valentine's Day Song