പ്രേക്ഷകരെ അമ്പരപ്പിച്ച ബാഹുബലി രണ്ടാംഭാഗത്തിന്റെ തമിഴ് പതിപ്പില്‍ ശബ്ദംകൊണ്ട് കൈയൊപ്പ് ചാര്‍ത്തിയ ഗായിക മലയാളത്തിന് സ്വന്തം. 'കണ്ണാ നീ തൂങ്കടാ' എന്നു തുടങ്ങുന്ന ഗാനം പാടിയത് തിരുവനന്തപുരം സ്വദേശിയായ നയനാ നായരാണ്. ബാഹുബലിയുടെ അനുഭവങ്ങളും പാട്ടിന്റെ ലോകത്തെ വിശേഷങ്ങളും പങ്കുവെച്ച് നയന.
ബാഹുബലിയുടെ സംഗീത സംവിധായകനായ കീരവാണിക്ക് നയന പാടിയ കുറച്ച് പാട്ടുകള്നേരത്തെ അയച്ചുകൊടുത്തിരുന്നു. അങ്ങനെ 2015ല്‍ അദ്ദേഹത്തിന്റെ ടീമില്‍ ചേരാന്‍ സാധിച്ചു. അവിടെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോഴാണ് 2016ല്‍ ബാഹുബലിക്കായി ട്രാക്ക് പാടാന്‍ അവസരം ലഭിച്ചത്. പക്ഷേ, ബാഹുബലിക്ക് വേണ്ടിയായിരുന്നെന്ന് അന്ന് അറിയില്ലായിരുന്നു. തമിഴിലായിരുന്നു എല്ലാ പാട്ടുകളും ആദ്യം ചെയ്തത്. പിന്നീട് അവസരം തന്നപ്പോള്‍ ശരിക്കും അനുഗ്രഹമായി തോന്നി.
തമിഴ് സംസാരിക്കാന്‍ അറിയുമെന്നത് ഭാഗ്യമായി. പല്ലവി പാടി റെക്കോഡ് ചെയ്തിരുന്നു. വൈരമുത്തുവിന്റെ മകനായ മദന്‍ ഗാര്‍ഗി ആണ് വരികള്‍ എഴുതിയത്. രാജമൗലി- കീരവാണി-മദന്‍ ഗാര്‍ഗി എന്നിവരോടൊപ്പം പാട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്കുന്നു. പാട്ടു കേട്ട് ധാരാളംപേര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞത് കൂടുതല്‍ ആവേശം നല്കുന്നു.
മൂന്ന് വയസ്സുമുതല്‍ പാട്ട് പഠിക്കുന്നുണ്ട്. 12-ാം വയസ്സില്‍ 'കഥപറയും തെരുവോരം' എന്ന കുട്ടികളുടെ ചിത്രത്തില്‍ രമേഷ് നാരായണന്റെ സംഗീതസംവിധാനത്തില്‍ പാടുന്നതാണ് തുടക്കം. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. ശരത്, എം.ജി.ശ്രീകുമാര്‍ പോലുള്ള പ്രഗത്ഭരോടൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിച്ചു.
കര്‍ണാടക സംഗീതമാണ് പഠിച്ചത്. ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട്. പാശ്ചാത്യ സംഗീതത്തോടുള്ള താത്പര്യം കൊണ്ട് ഇപ്പോള്‍ അതും പഠിക്കുന്നുണ്ട്. ആരുടേയും കീഴിലല്ല. സ്വന്തമായുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
വഴുതക്കാട് കാര്‍മല്‍ സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. പിന്നീട് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. ജോലി കിട്ടിയെങ്കിലും ഐ.ടി. മേഖലയുടെ സമ്മര്‍ദത്തോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് അര്‍ജുനൊപ്പം ഹൈദരാബാദിലാണ് താമസം.
അച്ഛന് ജി.സോമശേഖരന്‍ നായര്‍ സര്‍വേ-ലാന്‍ഡ് വകുപ്പ് ഡയറക്ടറായി വിരമിച്ചു. അമ്മ പ്രഭാനായര്‍. സഹോദരി നന്ദന ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്നു. കുടുംബം ഇടപ്പഴഞ്ഞിയിലാണ് താമസം.
റിയാലിറ്റി ഷോകളും ബാന്‍ഡുകളും പുതിയ പാട്ടുകാരെയും കഴിവുകളെയും പരിചയപ്പെടുത്തുന്നുണ്ട്. പക്ഷേ, ഈ മേഖലയിലേക്ക് വരുന്ന എല്ലാവരേയും സ്വീകരിക്കാന്‍ മനസ്സുള്ള ആസ്വാദകരാണ് ഏറ്റവും പ്രധാനമെന്നും നയന പറയുന്നു. മാതൃഭൂമി കപ്പ ടി.വി.യിലെ മ്യൂസിക് മോജോയില്‍ ഗായകന് ശ്രീനാഥിനൊപ്പം കടുംതുടി ബാന്‍ഡില്‍ പാടിയത് കണ്ട് ആളുകള്‍ ഇപ്പോഴും വിളിച്ച് അഭിപ്രായം അറിയിക്കുന്നത് വലിയ സന്തോഷമാണ്.
മലയാളത്തില്‍ ആമയും മുയലും, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളില്‍ നയന പാടിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..