അഗളി: “പാട്ടുകേട്ടില്ലേ.... സൂപ്പറല്ലേ.....? എന്റെ പാട്ട് എനിക്ക് സൂപ്പറാണ്...” നിഷ്കളങ്കമായ ചിരിയോടെ ഇതുപറയുന്ന നക്കുപ്പതി പിരിവ് ഊരിലെ നഞ്ചിയമ്മ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സച്ചി സംവിധാനംചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ നഞ്ചിയമ്മ പാടിയ ആദിവാസി നാടൻപാട്ട് ഇതിനോടകം മലയാളികൾ സ്വീകരിച്ചുകഴിഞ്ഞു.

കാലിമേയ്ക്കൽ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ സ്വന്തമായി വരികൾ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കായി പാടിയിരിക്കുന്നത്. ഇതിൽ ‘കളക്കാത്തെ... എന്നുതുടങ്ങുന്ന പാട്ട് സിനിമയുടെ ടൈറ്റിൽസോങ്ങായി റിലീസ് ചെയ്തതോടെയാണ് നഞ്ചിയമ്മയും വൈറലായത്.

അട്ടപ്പാടിയിലെ ആദിവാസികൾ ചേർന്ന് 2004-ൽ ആരംഭിച്ച ആസാദ് കലാസമിതിയിലെ പാട്ടുകാരിയായ നഞ്ചിയമ്മ 2016-ൽ റാസി മുഹമ്മദ് സംവിധാനം ചെയ്ത ‘വെളുത്ത രാത്രികൾ’ എന്ന സംസ്ഥാന അവാർഡ് നേടിയ ചിത്രത്തിൽ അഞ്ചുപാട്ടുകൾ പാടിയിട്ടുണ്ട്. പാലക്കാട് ജില്ലാപഞ്ചായത്തും അഗളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും ചേർന്നു നിർമിച്ച് സിന്ധു സാജൻ സംവിധാനം ചെയ്ത ‘അഗ്ഗെദ് നായാഗ’ എന്ന ഹ്രസ്വചിത്രത്തിലും ഇവർ പാടി അഭിനയിച്ചിട്ടുണ്ട്.

60 വയസ്സായ നഞ്ചിയമ്മ സ്കൂളിൽപോയി പഠിച്ചിട്ടില്ല. ചെറുപ്പംമുതൽ മനസ്സിൽ വരുന്ന വരികൾക്ക് നാടൻപാട്ടുശൈലിയിൽ സംഗീതംനൽകി സ്വയം ചിട്ടപ്പെടുത്തിയാണ് പാടുന്നതെന്ന് നഞ്ചിയമ്മ പറയുന്നു. അട്ടപ്പാടിയിലെ മലമുകളിൽ പാടിയ പാട്ടുകൾ ചെന്നൈയിൽ റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടിയപ്പോൾ നഞ്ചിയമ്മയുടെ കണ്ണുനിറഞ്ഞതായി ആസാദി കലാസമിതിയുടെ സ്ഥാപകരിൽ ഒരാളും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ പ്രധാനപ്പെട്ട വേഷം കൈകാര്യംചെയ്തയാളുമായ വനംവകുപ്പ് ജീവനക്കാരൻ എസ്. പഴനിസ്വാമി പറഞ്ഞു. നഞ്ചിയമ്മയുടെ പാട്ടിൽ പഴനിസ്വാമിയും കോറസ് പാടിയിട്ടുണ്ട്.

പൊറേ, ദവിൽ, കൊകൽ, ജാൾട്ര തുടങ്ങിയ പരമ്പരാഗത ആദിവാസി സംഗീതവാദ്യോപകരണങ്ങളാണ് പാട്ടിൽ ഉപയോഗിച്ചത്. കള്ളക്കര ഊര് നിവാസികളായ സ്വാമിനാഥൻ(പൊറേ), മുകുകൻ(ദവിൽ), കുമാർ(ജാൾട്ര), തങ്കമണി, വള്ളി, റോജ, ചൊറിയന്നൂർ ഊരുകാരനായ പണിക്കൻ(കൊകൽ), നക്കുപ്പതി പിരിവിലെ മരുതി എന്നിവരാണ് നഞ്ചിയമ്മയോടൊപ്പം സിനിമയിൽ പാടിയത്. സിനിമയിൽ 60- ഓളം ആദിവാസികൾ ജൂനിയർ അർട്ടിസ്റ്റുകളായി അഭിനയിച്ചിട്ടുണ്ട്.

Content Highlights: Nachiyamma, ayyappanum koshiyum, tribal woman singer, prithviraj sukumaran, Biju Menon, Sachi