പണ്ഡിറ്റ് ജസ്രാജിന് ആദരാഞ്ജലികൾ
---------------------

ഗുരുവായൂരിലെ മയിൽപ്പീലി പുരസ്കാരദാന വേദിയിൽ വെച്ച് , ``സംഗീതത്തെ കുറിച്ച് എഴുതുന്നയാൾ'' എന്നു പറഞ്ഞു അബ്ദുസ്സമദ് സമദാനി പരിചയപ്പെടുത്തിയപ്പോൾ വാത്സല്യത്തോടെ ചിരിച്ചു പണ്ഡിറ്റ്ജി. അവാർഡ് ഏറ്റുവാങ്ങാൻ നീട്ടിയ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ച്, കണ്ണുകളിലേക്ക് ഉറ്റുനോക്കി മൃദുവായ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു: ``വളരെ സന്തോഷം. എഴുത്തുകാരെ എനിക്ക് ബഹുമാനമാണ്. പാടാനല്ലേ പറ്റൂ എനിക്ക്. എഴുതാൻ വയ്യല്ലോ...''

ജാള്യം മറച്ചുവെക്കാതെ ഞാൻ പറഞ്ഞു: ``അയ്യോ, അത്ര വലിയ എഴുത്തുകാരനൊന്നുമല്ല. സിനിമാ സംഗീതത്തെ കുറിച്ചേ എഴുതാറുള്ളൂ..''

ഇത്തവണ പണ്ഡിറ്റ് ജസ്രാജിന്റെ മുഖത്തെ ചിരി മാഞ്ഞു. ഗൗരവഭാവത്തോടെ അദ്ദേഹം പറഞ്ഞു: ``അതെന്താ സിനിമാ സംഗീതം സംഗീതമല്ലേ? ഞാനും പാടിയിട്ടുണ്ട് സിനിമയിൽ. അറിയുമോ?''

അറിയില്ലായിരുന്നു ആ നിമിഷം വരെ. പിന്നീടാണ് പണ്ഡിറ്റ്ജിയുടെ ചലച്ചിത്ര ഗാനങ്ങൾ തേടിനടന്നതും കൗതുകത്തോടെ അദ്ദേഹത്തെ കേട്ടതും. ഒന്ന് മനസ്സിലായി അപ്പോൾ. തനിക്ക് മാത്രം പാടി ഫലിപ്പിക്കാൻ കഴിയുന്ന കഴിയുന്ന പാട്ടുകളേ പണ്ഡിറ്റ്ജി സിനിമയിൽ പാടിയിട്ടുള്ളു. സവിശേഷമായ ആ ``ജസ്രാജിയൻ'' മുദ്ര പതിഞ്ഞുകിടക്കുന്ന പാട്ടുകൾ. വസന്ത് ദേശായി മുതൽ അദ്നാൻ സമി വരെയുള്ള സംഗീത സംവിധായകർ സൃഷ്ടിച്ച ശാസ്ത്രീയ രാഗ സ്പർശമുള്ള ഗാനശില്പങ്ങൾ..

ആദ്യം പാടിയത് 1966 ലാണ്. ഭാര്യാപിതാവ് വി ശാന്താറാം സംവിധാനം ചെയ്ത ``ലഡ്കി സഹ്യാദ്രി കി'' എന്ന സിനിമയിൽ. ശാസ്ത്രീയ സംഗീതത്തിന്റെ സാദ്ധ്യതകൾ ഇത്ര ഔചിത്യപൂർവം പ്രയോജനപ്പെടുത്തിയ ചലച്ചിത്രകാരന്മാർ ശാന്താറാമിനെ പോലെ വേറെയുണ്ടോ എന്ന് സംശയം. ``ലഡ്കി സഹ്യാദ്രി കി'' യിൽ ഒരു ഭജനാണ് നവാഗത പിന്നണി ഗായകൻ ജസ്രാജ് പാടിയത്: ഭരത് വ്യാസ് എഴുതി വസന്ത് ദേശായ് ചിട്ടപ്പെടുത്തിയ `വന്ദന കരോ അർച്ചന കരോ'. പ്രിയരാഗമായ ആഹിർഭൈരവി തന്നെ അരങ്ങേറ്റ സിനിമയിലെ ആലാപനത്തിന് കൂട്ട് വന്നത് വിധിനിയോഗമാകാം.


1971 ൽ പുറത്തിറങ്ങിയ ``ഫിർ ഭീ''യിലുമുണ്ട് പണ്ഡിറ്റ്ജിയുടെ നാദസാന്നിധ്യം; മുഴുനീള ഗാനങ്ങളിലൂടെയല്ല എന്ന് മാത്രം. സുഹൃത്തും സംഗീത സംവിധായകനുമായ രഘുനാഥ് സേട്ടിന്റെ നിർബന്ധമായിരുന്നു പടത്തിന്റെ പശ്ചാത്തലത്തിൽ ജസ്രാജിന്റെ ആലാപും ഖയാലും കേൾപ്പിക്കണമെന്ന്. പക്ഷേ രണ്ടു വർഷം കഴിഞ്ഞു റിലീസായ ``ബീർബൽ മൈ ബ്രദർ'' എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒരു ജുഗൽബന്ദിയിൽ തന്നെ പങ്കാളിയായി ജസ്രാജ്. കൂടെ പാടിയത് സാക്ഷാൽ പണ്ഡിറ്റ് ഭീംസെൻ ജോഷി. മാൽക്കോസ് രാഗത്തിൽ ശ്യാം പ്രഭാകർ സ്വരപ്പെടുത്തിയ ``രംഗ് രലിയാ കരത് സൗത്തൻ കേ സംഗ്'' കേൾക്കുമ്പോൾ രണ്ടു മഹാ സംഗീത സരണികളുടെ അപൂർവ സമ്മേളനത്തിന്റെ ഇന്ദ്രജാലം അനുഭവിച്ചറിയുന്നു നാം. താൻ, മീൻഡ്, ഗമകം, മുർകി തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ എല്ലാ വശ്യ ഘടകങ്ങളേയും സമന്വയിപ്പിക്കുന്ന ആലാപനം.

അദ്നാൻ സമിയുടെ ഈണത്തിൽ 1920 (2008) എന്ന ചിത്രത്തിന് വേണ്ടി പാടിയ ``വാദാ തുംസേ ഹേ വാദാ'', ഏക് ഹസീനാ ഥി യിൽ അമിത് മോഹിലെ ചിട്ടപ്പെടുത്തിയ ``നീന്ദ് നാ ആയേ'' എന്നിവയും വേറിട്ട ശ്രവ്യാനുഭവങ്ങൾ. സ്വാതന്ത്ര്യ സമരസേനാനി ഗൗർ ഹരിദാസിന്റെ ജീവിതം പ്രമേയമാക്കി ആനന്ദ് മഹാദേവൻ 2013 ൽ ഒരുക്കിയ ``ഗൗർ ഹരി ദാസ്താനി''ലാണ് പിന്നീട് പണ്ഡിറ്റ്ജിയുടെ ആലാപനം കേട്ടത് -- വയലിൻ ഇതിഹാസം എൽ സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ``വൈഷ്ണവ ജനതോ''. കവിതാ കൃഷ്ണമൂർത്തിയായിരുന്നു സഹഗായിക. ഒടുവിൽ പാടിയത് ആരാധനാപാത്രമായ ലതാ മങ്കേഷ്കർക്കും സുരേഷ് വാഡ്കർക്കും ഒപ്പം ഒരു ആരതിയാണ് -- ആയി തുജാ ആശീർവാദ് എന്ന മറാഠി ചിത്രത്തിലെ ``ഓം നമോ സുഖദായിനീ..''

സൂര്യതേജസ്സ് എന്ന് പണ്ഡിറ്റ് ജസ്രാജിനെ വിശേഷിപ്പിച്ചിട്ടുണ്ട് സ്വരദേവതയായ ലതാ മങ്കേഷ്കർ. ഇന്ത്യൻ സംഗീതവേദിയിൽ ഒൻപത് പതിറ്റാണ്ടോളമായി ജ്വലിച്ചു നിൽക്കുന്ന ആ സൂര്യബിംബം ഇനി മുതൽ ഒരു ഗ്രഹം കൂടിയാണ്. 2006 വി പി 32 എന്ന ചെറുഗ്രഹത്തിന് ലോക ജ്യോതിശാസ്ത്ര സംഘടന (എ എ യു) പണ്ഡിറ്റ് ജസ്രാജ് എന്ന് നാമകരണം ചെയ്തത് കഴിഞ്ഞ ദിവസം മാത്രം. മൊസാർട്ട്, ബീഥോവൻ, ലൂസിയാനോ പാവറോട്ടി എന്നിവർക്കൊപ്പം പണ്ഡിറ്റ്ജിയും ഉണ്ടാകും ഇനി ബഹിരാകാശത്ത്.

എത്ര സംഗീത സാന്ദ്രമായിരിക്കും എന്നോർത്തുനോക്കൂ ആ ഭ്രമണപഥം..

Content Highlights :musician pandit jasraj passes away ravi menon at guruvayur article