ഇളയരാജ | PHOTO: MATHRUBHUMI, PTI
അതിവൈകാരികത കലർന്ന ചിത്രീകരണം. എങ്കിലും ‘മന്നൻ’ സിനിമയിലെ ആ ഗാനരംഗം കാണുമ്പോൾ ഇന്നും കണ്ണുനിറയും. സ്വന്തം അമ്മയെ മാത്രമല്ല, സ്നേഹനിധികളായ ഒരുപാട് അമ്മമാരെ ഓർത്തുപോകുന്നതിനാലാകാം. ‘അമ്മാ എൻട്രഴൈക്കാത ഉയരില്ലയേ’ എന്ന പാട്ട് അമ്മ ചിന്നത്തായമ്മാളിനെ ഓർത്ത് സൃഷ്ടിച്ചതാണോ എന്ന് പലരും ചോദിക്കാറുണ്ട് ഇളയരാജയോട്. ‘‘എന്റെ മാത്രമല്ല എല്ലാവരുടെയും അമ്മമാരോടുള്ള സ്നേഹം ഉൾച്ചേർന്നിട്ടുണ്ട് ആ പാട്ടിൽ’’ -രാജ പറയും. ‘‘ഒരു സുപ്രഭാതത്തിൽ പറക്കമുറ്റാത്ത ആൺമക്കൾ മൂന്നുപേരും മുന്നിൽവന്നുനിന്ന് സംഗീതം പഠിക്കാൻ മദ്രാസ് എന്ന മഹാനഗരത്തിലേക്കു പോകണം എന്ന് ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ട ട്രാൻസിസ്റ്റർ റേഡിയോ വിറ്റുകളയാൻ മടിക്കാതിരുന്ന ആളാണ് എന്റെ അമ്മ. റേഡിയോ വിറ്റുകിട്ടിയ 400 രൂപ മുഴുവനായും ഞങ്ങളെ ഏൽപ്പിച്ച് ഞങ്ങളെ യാത്രയാക്കി അവർ. വേണമെങ്കിൽ അതിൽനിന്നൊരു നൂറുരൂപയെടുത്ത് വീട്ടുചെലവിനെന്നു പറഞ്ഞു കൈയിൽ സൂക്ഷിക്കാമായിരുന്നു അമ്മയ്ക്ക്. അതുപോലും ചെയ്തില്ല അവർ. മക്കളെ ജീവനെക്കാൾ സ്നേഹിച്ച ആ അമ്മയില്ലെങ്കിൽ ഇന്ന് നിങ്ങൾ അറിയുന്ന ഇളയരാജയും ഇല്ല. നിങ്ങളിൽ ഓരോരുത്തർക്കുമുണ്ടാകും സ്വന്തം അമ്മയെക്കുറിച്ച് അയവിറക്കാൻ ഇതുപോലുള്ള ആർദ്രമായ ഓർമകൾ. അവർക്കെല്ലാം വേണ്ടിയാണ് ഈ പാട്ട്...’’
‘മന്നനി’ലെ (1992) പാട്ടിന്റെ സന്ദർഭം വിവരിച്ചുകൊടുത്തശേഷം സംവിധായകൻ പി. വാസു പറഞ്ഞു: ‘‘എനിക്ക് ഇവിടെ വേണ്ടത് തായ് മൂകാംബികൈ എന്ന പടത്തിനുവേണ്ടി പത്തുവർഷംമുമ്പ് അങ്ങ് സൃഷ്ടിച്ച ‘ജനനീ ജനനീ ജഗം നീ അകം നീ’ പോലൊരു പാട്ടാണ്. ഇന്നും ആ പാട്ടുകേട്ടാൽ ഞാൻ കരയും. അത്രയും ഫീൽ വേണം ഈ പാട്ടിനും. അതേ ട്യൂൺതന്നെ ആവർത്തിച്ചാലും കുഴപ്പമില്ല.’’ ചിരിയും അമ്പരപ്പും ഒരുമിച്ചുവന്നു ഇളയരാജയ്ക്ക്. വാസുവിന്റെ മുഖത്തുനോക്കി അദ്ദേഹം പറഞ്ഞു: ‘‘ജനനീ ജനനീ നേരത്തേ വന്നുപോയില്ലേ? ഇനി അതുപോലൊരു പാട്ടിന് പ്രസക്തിയില്ല. മാത്രമല്ല, മഹാമായയായ മൂകാംബികാദേവിയെക്കുറിച്ചാണ് ആ പാട്ട്. ഇവിടെ വേണ്ടത് പാവപ്പെട്ട ഒരു അമ്മയെക്കുറിച്ചുള്ള പാട്ടും. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കാം.’’
‘ജനനീ ജനനീ’ എന്ന ഗാനത്തിന്റെ പല്ലവിയുടെ തുടക്കത്തിലെ നോട്ട്‌സ് ഏറക്കുറെ നിലനിർത്തിക്കൊണ്ട് പുതിയൊരു ഈണം സൃഷ്ടിക്കുന്നു ഇളയരാജ. ആദ്യ വരി കഴിഞ്ഞാൽ തീർത്തും വ്യത്യസ്തമായ മറ്റൊരു പാതയിലൂടെയാണ് ഗാനത്തിന്റെ സഞ്ചാരം. ട്യൂൺ മൂളിക്കൊടുത്തപ്പോഴേ വാലി വരികൾ എഴുതി. ‘പൊരുളോട് പുകൾ വേണ്ടും മകനല്ല തായേ ഉൻ അരുൾ വേണ്ടും എനക്കിൻട്രു അതു പോതുമേ, അടുത്തിങ്ക് പിറപ്പൊൻട്രു അമൈന്താലും നാൻ ഉന്തൻ മകനാക പിറക്കിൻട്ര വരം വേണ്ടുമേ’ എന്ന വരി വായിച്ചുകേട്ടപ്പോൾ കൂടിയിരുന്നവരെല്ലാം വികാരാധീനരായി എന്നോർക്കുന്നു രാജ. എത്ര ഹൃദയസ്പർശിയായ വരികൾ. പേരും പെരുമയും വേണ്ടെനിക്ക്, അമ്മേ നിന്റെ അനുഗ്രഹം മാത്രംമതി. ഇനിയൊരു ജന്മമുണ്ടെങ്കിൽ അമ്മയുടെ മകനായിത്തന്നെ ജനിക്കണമെന്ന ഒരൊറ്റ വരംമാത്രം മോഹിക്കുന്നു ഞാൻ...’ അമ്മയായി അഭിനയിച്ച പഴയകാല നടി പണ്ഡരീബായിയെ ചുമന്നുകൊണ്ട് രജനീകാന്ത് പാടി അഭിനയിച്ച ഗാനം ആ രംഗത്തിന്റെ എല്ലാ വികാരതീവ്രതയോടുംകൂടി ഇടനെഞ്ചിൽ ഏറ്റുവാങ്ങുകയായിരുന്നു ജനം.
എത്രയെത്ര അനശ്വരഗാനങ്ങൾ
അങ്ങനെ എത്രയെത്ര അനശ്വര ഗാനങ്ങൾ. ഓരോ പാട്ടിനു പിന്നിലുമുണ്ടാകും ഇതുപോലെ ഹൃദയത്തെ തൊടുന്ന കഥകൾ. അവയെല്ലാം ഇന്ന് തെന്നിന്ത്യൻ സിനിമാചരിത്രത്തിന്റെ ഭാഗം. ‘‘ഞാൻ സംഗീതത്തിന് നൽകിയതിനെക്കാൾ, അതെനിക്ക് തിരിച്ചുതന്നിട്ടുണ്ട്.’’ -ഇളയരാജ ഒരിക്കൽ പറഞ്ഞു. എങ്കിലും പദ്മഭൂഷൺ കൊണ്ടോ പദ്മവിഭൂഷൺ കൊണ്ടോ അഞ്ചു ദേശീയ അവാർഡുകൾകൊണ്ടോ എണ്ണമറ്റ സംസ്ഥാന ബഹുമതികൾകൊണ്ടോ അളക്കാവുന്നതല്ല രാജയുടെ സംഗീതമാഹാത്മ്യം എന്നത് കാലം തെളിയിച്ച സത്യം.
‘അന്നൈക്കിളി’ (1976)യിലെ പാട്ടുകൾ ആദ്യം കേട്ട നിമിഷങ്ങൾ ഓർമയുണ്ട്. വയനാട്ടിലെ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ ഓലക്കൊട്ടകയ്ക്കു പുറത്തെ പാട്ടുകോളാമ്പികളിലൂടെയാണ് എസ്. ജാനകിയുടെ ശബ്ദത്തിൽ ‘മച്ചാന പാത്തീങ്കളാ’യും ‘അന്നൈക്കിളി ഉന്നൈ തേടുതേ’യും ആദ്യമായി കാതിൽ ഒഴുകിയെത്തിയത്. അതുവരെ കേട്ട തമിഴ് പാട്ടുകളിൽനിന്ന് തീർത്തും വ്യത്യസ്തമായ ശ്രവ്യാനുഭവം. സൗണ്ടിങ്ങിലും വാദ്യവിന്യാസത്തിലും മാത്രമല്ല ഗായകശബ്ദത്തിന്റെ പരിചരണത്തിൽവരെ പുതുമ. പതിറ്റാണ്ടുകൾക്കിപ്പുറവും അതേ പുതുമ അനുഭവിപ്പിക്കാൻ ആ പാട്ടുകൾക്ക് കഴിയുന്നു എന്നതാണ് ഇളയരാജ സംഗീതത്തിന്റെ മാജിക്.
മനസ്സെന്ന ഹാർമോണിയം
മനസ്സാണ് തന്റെ ഹാർമോണിയം എന്നു പറഞ്ഞിട്ടുണ്ട് രാജ. ഈണങ്ങൾ പിറന്നുവീഴുന്നത് മനസ്സിന്റെ അദൃശ്യമായ കീബോർഡിലാണ്. നൊട്ടേഷനുകളും ഹാർമണിയും ഓർക്കസ്‌ട്രേഷനുമെല്ലാം പിന്നെയേവരൂ. ഒരേ ഗാനസന്ദർഭത്തിനുവേണ്ടി എട്ടും പത്തും ഈണങ്ങൾവരെ വഴിക്കുവഴിയായി മിനഞ്ഞെടുക്കേണ്ടിവരും ചിലപ്പോൾ. അവയിൽനിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതാവും സംവിധായകന്റെ വെല്ലുവിളി. ഉപേക്ഷിക്കപ്പെട്ട ഈണങ്ങൾപോലും സൂപ്പർഹിറ്റ് ഗാനങ്ങളായി മാറിയ കഥകൾ സുലഭം.
‘മൂടുപനി’യിൽ പ്രതാപ് പോത്തന്റെ ചന്ദ്രു എന്ന കഥാപാത്രത്തിന് ഗിറ്റാർ വായിച്ചുപാടാൻ ഒരു പ്രണയഗാനം വേണം, സംവിധായകൻ ബാലു മഹേന്ദ്രയുടെ ആവശ്യം അതായിരുന്നു. ഇളയരാജ ഗിറ്റാറിൽ ആദ്യം വായിച്ച ‘സ്‌ക്രാച്ച് നോട്ട്‌സ്’ എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ, ബാലുവിന് തൃപ്തിപോരാ. കുറച്ചുകൂടി വെസ്റ്റേൺ ടച്ചുള്ള പാട്ട് വരട്ടെ എന്നായി അദ്ദേഹം. നിമിഷങ്ങൾക്കകം രാജ ഗിറ്റാറിൽ പുതിയൊരു ഈണം വായിക്കുന്നു; നഠഭൈരവി രാഗത്തിന്റെയും ജാസ് സംഗീതത്തിന്റെയും ഒരു തകർപ്പൻ ഫ്യൂഷൻ. ‘എൻ ഇനിയ പൊൻ നിലാവേ’ പിറന്നത് അങ്ങനെ. ഈണത്തിനനുസരിച്ചു വരികളെഴുതാൻ ഏറ്റവും പ്രയാസപ്പെട്ട പാട്ടാണ് അതെന്നു പറഞ്ഞിട്ടുണ്ട് ഗംഗൈ അമരൻ; അനുയോജ്യമായ വരികൾ ഒത്തുകിട്ടാത്തതുകൊണ്ടാണ് പല്ലവിയിൽ നിനൈവിലെ ഒരു സുഖം എന്ന വരിക്കുശേഷം ‘ധര ര രത്ത ദാ’ എന്ന് കൂട്ടിച്ചേർക്കേണ്ടിവന്നതെന്നും. എങ്കിലെന്ത്? യേശുദാസിന്റെ സ്വരത്തിൽ കാലാതിവർത്തിയായി മാറി ആ ഗാനം.
സിനിമയിലെ സന്ദർഭത്തിനുവേണ്ടി ആദ്യം സൃഷ്ടിച്ച ഈണം പക്ഷേ, ഉപേക്ഷിക്കാൻ മനസ്സുവന്നില്ല ഇളയരാജയ്ക്ക്. രണ്ടുവർഷംകഴിഞ്ഞു പുറത്തുവന്ന ‘പയണങ്ങൾ മുടിവതില്ലൈ’ എന്ന ചിത്രത്തിൽ ആ ട്യൂൺ ഇടംനേടിയതും എസ്.പി.ബി.യുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി അത് മാറിയതും ഇന്ന് ചരിത്രം. പുനർജന്മംനേടിയ ആ ഗാനം ഇതായിരുന്നു: ‘ഇളയനിലാ പൊഴുകിറതേ ഇദയം വരേ നനൈകിറതേ...’ രണ്ടു ഗാനങ്ങളിലും ഗിറ്റാർ തന്നെ പ്രധാന താരം. ഇളയനിലായിൽ ഗിറ്റാർ മീട്ടിയ ചന്ദ്രശേഖർ അടുത്തിടെയാണ് കഥാവശേഷനായത്.
‘പുഴയോരത്ത് പൂവായ് വിരിഞ്ഞു’
അന്തരിച്ച സംവിധായകൻ ഡെന്നിസ് ജോസഫ് പങ്കുവെച്ച കൗതുകമുള്ള ഒരോർമയുണ്ട്. ‘അഥർവ’ ത്തിലെ ആദ്യ ഈണം സൃഷ്ടിക്കുംമുമ്പ് ഇശൈജ്ഞാനിയുടെ ചോദ്യം: ‘‘ഈ പാട്ടിനൊരു സാംപിൾ തരാനുണ്ടോ?’’ ഡെന്നിസിന് പെട്ടെന്ന് ഓർമവന്നത് പ്രിയ സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ആ വിഖ്യാത ഗാനമാണ്: ‘പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ, നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം...’ ഒരു പെണ്ണിന്റെ കഥയിൽ പി. സുശീല പാടിയ സൂപ്പർഹിറ്റ് ഗാനം.
ഡെന്നിസ് പല്ലവി പാടിനിർത്തിയതും ഇളയരാജ മനോഹരമായ ഒരീണം വായിച്ചതും ഒരുമിച്ച്. മലയാളികൾ എക്കാലവും മൂളിനടക്കാൻ പോകുന്ന ഈണം: ‘പുഴയോരത്തിൽ പൂന്തോണിയെത്തീലാ.’ രാജയുടെ ട്യൂണിനൊത്ത് വരികളെഴുതിയത് ഒ.എൻ.വി. പാടിയത് ചിത്ര. ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ ‘അഥർവ’ത്തിലെ മറ്റ് ഈണങ്ങളും പിറക്കാൻ: ‘പൂവായ് വിരിഞ്ഞു പൂന്തേൻ കിനിഞ്ഞു, അമ്പിളിക്കലയും നീരും...’ അവസാനമായി രാഗമാലികയിലുള്ള ഒരു ശ്ലോകവും. ആദ്യ രണ്ടു പാട്ടുകൾ ഈണത്തിനനുസരിച്ച് എഴുതിയതാണ് ഒ.എൻ.വി. പുള്ളുവൻപാട്ടിന്റെ മാതൃകയിലുള്ള ‘അമ്പിളിക്കല’ ആദ്യമെഴുതി ഈണമിട്ടതും.
‘‘പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. കഷ്ടിച്ച് അരമണിക്കൂറേ വേണ്ടിവന്നുള്ളൂ രാജാസാർക്ക് ആ പാട്ടുകൾ മുഴുവൻ സൃഷ്ടിക്കാൻ. ശ്വാസംവിടാൻപോലും സമയമില്ലാത്ത അവസ്ഥയിലായിരുന്നു അന്നദ്ദേഹം. പത്തുമണിക്ക് എത്തിക്കൊള്ളണം, പത്തേമുക്കാലിന് രാജാസാറിന് ഒരു തെലുഗു പടത്തിന്റെ റീറെക്കോഡിങ്ങിന് പോയേ പറ്റൂ എന്ന് അദ്ദേഹത്തിന്റെ മാനേജർ വിളിച്ചുപറഞ്ഞപ്പോൾ തോന്നിയ ആശങ്കയും നിരാശയും ആ ഈണങ്ങൾ കേട്ടതോടെ അവയുടെ പാട്ടിനുപോയി.’’ എത്രയോ പേർ പങ്കുവെച്ചുകേട്ടിരിക്കുന്നു സമാന അനുഭവങ്ങൾ.
‘അന്നൈക്കിളി’യുടെ സംഗീതസംവിധായകന്റെ പേര് ആദ്യം വായിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ പടം കണ്ടതും കോട്ടയത്തുനിന്നിറങ്ങുന്ന ഒരു സിനിമാ മാസികയിലാണ്. കൗതുകമുള്ള ആ പേര് അന്നേ മനസ്സിൽ തങ്ങി. ഏതോ പുരാതന രാജകുടുംബത്തിലെ ഇളംതലമുറയുടെ പ്രതിനിധിയാവണം -മനസ്സ് പറഞ്ഞു.
ആ അനുമാനം തെറ്റായിരുന്നില്ല എന്ന് തിരിച്ചറിയുന്നു 47 വർഷങ്ങൾക്കിപ്പുറം അതേ സ്കൂൾകുട്ടി. ചക്രവർത്തിപദത്തിലേക്ക് വളർന്നുകഴിഞ്ഞു അന്നത്തെ ‘ഇളയ’രാജ എന്നുമാത്രം...
Content Highlights: musician ilayaraja 80th birthday ravimenon writes about ilayaraja
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..