മരുന്നല്ല, പക്ഷേ, സംഗീതവും നമ്മൾ പരീക്ഷിക്കേണ്ട ഒരു പ്രതിരോധമാർഗമാണ്


രമേശ് ഗോപാലകൃഷ്ണൻ

നമുക്കു ചുറ്റിലും സദാ ചലിച്ചും ചരിച്ചും കൊണ്ടിരിക്കുന്ന എല്ലാ ജീവജാലങ്ങളിലും സകല പ്രതിഭാസങ്ങളിലും സംഗീതമുണ്ട്.

സംഗീതം കേൾക്കാനോ ആസ്വദിക്കാനോ സമയവും കാലവും ഒന്നും ബാധകമല്ല. ഒരു പാട്ട് അല്ലെങ്കിൽ സംഗീതം നമ്മെ തേടി വരുകയാണ് ചെയ്യുന്നത് അതു നമ്മുടെ അകത്തു നിന്നായാലും പുറത്തു നിന്നായാലും. സംഗീതം പ്രകൃതിയോട് ഏറ്റവും അടുത്തു നിൽക്കുന്ന കലയാണ്. നമുക്കു ചുറ്റിലും സദാ ചലിച്ചും ചരിച്ചും കൊണ്ടിരിക്കുന്ന എല്ലാ ജീവജാലങ്ങളിലും സകല പ്രതിഭാസങ്ങളിലും സംഗീതമുണ്ട്. പക്ഷികളും മൃഗങ്ങളും പാടുകയും നൃത്തം വെക്കുകയും ചെയ്യുന്നത് ഇതൊക്കെ കൊണ്ടാണ്.

പ്രകൃതിയിലെ പ്രതിഭാസങ്ങളായ മഞ്ഞിനും മഴയ്ക്കും വെയിലിനും കാറ്റിനും എല്ലാം സംഗീതാത്മകമായ ഒരു താളമുണ്ടെന്നും നാമറിയണം. ഇതൊക്കെ അറിയാനും അനുഭവിക്കാനുമുള്ള കഴിവും നമുക്കുണ്ട്. ഈ പ്രകൃതിയുടെ വിവിധ ഭാവങ്ങളുടെ ജൈവികസാന്നിധ്യമാണ് മനുഷ്യനിൽ അവന്റെ സംഗീതമായി ഉയിരെടുക്കുന്നത്. സംഗീതത്തെ ബൗദ്ധികമായ വികാരവിചാരങ്ങളുടെ കലയായി ആവിഷ്കരിക്കാൻ കഴിയുന്നുവെന്നതാണ് മനുഷ്യന്റെ സവിശേഷത.

ഈ പ്രകൃതിയുടെ സംഗീതം ശ്രവിക്കാനുള്ള ശേഷി മനുഷ്യന് കൈമോശം വന്നതിന്റെ തിക്തഫലമായിട്ടാണ് യുദ്ധങ്ങളും വിനാശകാരികളായ വൈറസുകളും ജന്മം കൊള്ളുന്നതെന്ന സത്യം തിരിച്ചറിയാനുള്ള അവസരം കൂടിയാണ് നമുക്കീ ഇരുണ്ട സമയം. ഭാരതീയ സംഗീതത്തിന്റെ അടിസ്ഥാനഘടകമായ സപ്തസ്വരങ്ങൾ പോലും പ്രകൃതിയുടെ വരദാനമാണ്. സ രി ഗ മ പ ധ നി എന്നിങ്ങനെ സപ്തസ്വരങ്ങളിൽ സ പ എന്നിവ പ്രകൃതിസ്വരങ്ങൾ എന്നറിയപ്പെടുന്നു. അവയെ അചലസ്വരങ്ങൾ എന്നും പറയാറുണ്ട്. എന്തെന്നാൽ മറ്റുള്ള അഞ്ച് സ്വരങ്ങളെപ്പോലെ ഈ രണ്ടെണ്ണത്തിനും തീവ്രമോ കോമളമോ ആയ വകഭേദങ്ങളില്ല. പ്രകൃതിസ്വരങ്ങളെ നാം അതേപടി നമ്മുടെ സംഗീതത്തിലേക്കു സ്വീകരിക്കുകയാണു ചെയ്തിട്ടുള്ളത്. അതായത് നമ്മുടെ സംഗീതസംസ്കാരം പ്രകൃതിയുമായി അഭേദ്യബന്ധം പുലർത്തുക മാത്രമല്ല അതിനെ അറിഞ്ഞുകൊണ്ട് വണങ്ങുകയും ചെയ്യുന്നുവെന്നർഥം.

പൗരാണികകാലം മുതൽക്കുതന്നെ സംഗീതം ഏറെ വളർന്നു വികാസം കൊണ്ട നാടാണ് ഭാരതം. ദൈനംദിനമായ ജനജീവിതത്തിന്റെ ഒരു ഭാഗംകൂടിയാണ് നമുക്ക് സംഗീതം എന്നു പറയാം. നിലമുഴുമ്പോഴും കൊയ്യുമ്പോഴും നാം പാട്ടുകൾ പാടുന്നു. വിവാഹം പോലുള്ള ഏതൊരു മംഗളകർമ്മത്തിലും നമുക്ക് സംഗീതം ഒരനിവാര്യ ഘടകമാണ്. ഒരു കുഞ്ഞു ജനിച്ചാൽ അതിനെ ഊട്ടാനും ഉറക്കാനും മാത്രമല്ല അതിന്റെ കരച്ചിൽ നിർത്താനും നാം സംഗീതത്തെയാണ് ആശ്രയിക്കുന്നത്. ഏതൊരു കുഞ്ഞിന്റെ വളർച്ചയിലും സംഗീതം ഒരു ത്വരകമായി വർത്തിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല. അതുപോലെ പ്രാർത്ഥിക്കാനും ഭിക്ഷ യാചിക്കാനും വരെ നമുക്ക് സംഗീതം വേണം. കർണാടകസംഗീതത്തിന്റെ കുലഗുരുവായ ത്യാഗരാജസ്വാമികൾ നിത്യവൃത്തിക്കായി ദിവസവും സംഗീതമാലപിച്ചുകൊണ്ട് ഭിക്ഷാടനം നടത്തിയാണ് ജീവിതം നയിച്ചിരുന്നത്. എന്തിന്! മരണനേരത്തു പോലും മനുഷ്യൻ സംഗീതത്തെ കൈവെടിയുന്നില്ല. ഇതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടത് സംഗീതം എന്ന കലാരൂപത്തെ നിത്യജീവിതത്തിൽ നമുക്ക് പല വിധത്തിലും പല മാനങ്ങളിലും ഉപയോഗിക്കാൻ കഴിയുമെന്നുതന്നെയാണ്.

ഈ കൊറോണാകാലം നമ്മുടെ കുട്ടികൾക്ക് ദിവസത്തിൽ കുറച്ചു നേരമെങ്കിലും നമ്മുടെ സംഗീതസംസ്കാരത്തെപ്പറ്റി അറിയാനും ആ കല അഭ്യസിക്കാനുമുള്ള സമയം തരുന്നു. വലിയ ഒരു ഗായകനോ ഒരു ഗായികയോ ഒക്കെ ആയിത്തീരുകയെന്ന മോഹത്തിനുപരിയായി കാണേണ്ട വിഷയമാണിത് എന്നുകൂടി ഇവിടെ എടുത്തു പറയുന്നു. മറിച്ച് സപ്തസ്വരങ്ങളുടെ സാധകം (പരിശീലനം) കൊണ്ട് ഓരോ കുട്ടിക്കും ശ്വാസകോശത്തെ, അതുവഴി ഹൃദയത്തെയും മസ്തിഷ്ക്കത്തെയും, ആരോഗ്യത്തോടെ നിലനിർത്താൻ കഴിയുന്നുവെന്നതാണ് മുഖ്യപ്രയോജനം. ഈ സംഗീതപഠനത്തിനുവേണ്ടി ഓൺലൈൻ ഗുരുക്കന്മാരുടെ സേവനവും ഇന്ന് യഥേഷ്ടം ലഭ്യമാണ്. സംഗീതംകൊണ്ട് അനുഗ്രഹമാകാത്ത ഒരു മനുഷ്യഹൃദയവും ഈ ഭൂമുഖത്തില്ല എന്ന ആത്മവിശ്വാസമാണ് ആദ്യം മാതാപിതാക്കൾ കുട്ടികളിൽ ഉണ്ടാക്കേണ്ടത്. പിന്നീട് ഓൺലൈനായി സംഗീതക്ലാസുകൾ ദിവസവും നിശ്ചിതസമയം മൗനമായി കേട്ടിരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. കുറച്ചു ദിവസങ്ങൾകൊണ്ട് കുട്ടിയുടെ ഉള്ളിലുള്ള സംഗീതബോധം ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങും.

അങ്ങനെ ക്രമേണ ആരംഭിക്കാൻ കഴിയുന്ന പരിശീലനം കൊണ്ട് അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. സപ്തസ്വരങ്ങളുടെ ആരോഹണവും അവരോഹണവുമായി വ്യത്യസ്ത സ്ഥായികളിലും കാലങ്ങളിലും ആവിഷ്കരിക്കപ്പെടുന്ന സംഗീതസാധകത്തിൽ വരുന്ന ശ്വസനനിയന്ത്രണ പ്രക്രിയയാണ് (Breath Control) ഇതിനു നിദാനം. ഇതിലൂടെ കൊറോണ എന്ന മഹാവ്യാധിയെ ഒരളവിലെങ്കിലും പ്രതിരോധിക്കാൻ കഴിയും. ഇവിടെ സംഗീതം എന്നത് ഒരു ഔഷധം എന്ന അർത്ഥത്തിലല്ല പ്രതിപാദിക്കുന്നത് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ. മറിച്ച് സംഗീതാഭ്യസനം എന്ന വ്യായാമത്തെയാണ് പരാമർശിക്കുന്നത്. അസുഖം വരുന്നതിനു മുൻപുതന്നെ അതിനെ പ്രതിരോധിക്കുകയെന്ന കർമ്മമാണത്. Prevention is better than cure എന്ന സിദ്ധാന്തമാണ് ഇതിൽനിന്ന് അർത്ഥമാക്കേണ്ടത്. ഓരോ കുട്ടിയും ഈ സംഗീതവ്യായാമംകൊണ്ട് സ്വായത്തമാക്കുന്ന മാനസിക-ശാരീരിക ആരോഗ്യം നാളത്തെ നമ്മുടെ രാഷ്ട്രത്തിന്റെ ആരോഗ്യാവസ്ഥയെ നിർണ്ണയിക്കുന്നതിലും ഒരു പങ്കു വഹിക്കുമെന്ന് കരുതാം.

Content Highlights: Music in the time of lockdown, Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented