കൊച്ചിയിൽ നടന്ന മാതൃഭൂമി ഡോട്ട് കോം മ്യൂസിക് ഇൻ മോഷൻ പരിപാടിയിൽ ആൽമരം ബാൻഡിന്റെ സംഗീതവിരുന്ന്
കൊച്ചി: ആൽമരം പോലെ അവർ കാറ്റിലാടിയപ്പോൾ ആൾമരങ്ങളായി കൊച്ചി പാട്ടിലാടി. പ്രണയാർദ്രസ്വരങ്ങളായി വീശിയ സൂരജ് സന്തോഷിനും ആൽമരം ബാൻഡിനുമൊപ്പം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിറയെ ആരവം, ആഹ്ലാദം, ആഘോഷം.
മാതൃഭൂമി ഡോട്ട് കോമിന്റെ രജതജൂബിലിയുടെ ഭാഗമായുള്ള സംഗീതവിരുന്ന് 'മ്യൂസിക് ഇൻ മോഷൻ' പേരിനെ സത്യമാക്കി കേൾവിക്കാർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ചെമ്പൈ സംഗീത കോളേജിലെ ക്ലാസ് മുറിയിൽ നിന്ന് സംഗീതപ്രണയികൾക്കിടയിലേക്ക് പടർന്നുപന്തലിച്ച ‘ആൽമരം’ ബാൻഡാണ് ആദ്യം വേദിയിലെത്തിയത്. 'നരൻ' സിനിമയിലെ 'ഓമൽ കൺമണി'യിലൂടെ തുടങ്ങിയ ഇവർ ജനപ്രിയ മലയാളഗാനങ്ങളുടെ കവർ വേർഷനുകളിലൂടെ ആവേശം സൃഷ്ടിച്ചു.
ഉന്നം മറന്ന് തെന്നിപ്പറന്ന്, ചാന്തുകുടഞ്ഞൊരു സൂര്യൻമാനത്ത്, കറുത്തപെണ്ണേ, ശ്രീരാഗമോ, തങ്കത്തിങ്കൾ തുടങ്ങിയ ഗാനങ്ങളിലൂടെ ആൽമരത്തിന്റെ ഗാനശാഖികൾ ശ്രോതാക്കളിലേക്ക് പടർന്നേറി. കൂടെപ്പാടിയും ഉലഞ്ഞാടിയും മൊബൈൽഫോണിലെ വിളക്കുതെളിച്ചും നൃത്തം ചെയ്തും ആയിരങ്ങൾ സംഗീതരാവിനെ അവിസ്മരണീയമാക്കി. അജയ്, പ്രത്യുഷ്, അക്ഷയ്, ശ്രീഹരി, ലിജു, പ്രണവ്, വൈഷ്ണവ്, സാരംഗ്, രോഹിത്, അർഷാദ് എന്നിവരായിരുന്നു ആൽമരത്തിലെ അംഗങ്ങൾ.
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ചിത്രം തെളിഞ്ഞ കൂറ്റൻ സ്‌ക്രീന് മുന്നിൽനിന്നുകൊണ്ട് കമ്മട്ടിപ്പാടത്തിലെ ഞാനറിയും കുരലുകളെല്ലാം...എന്ന പാട്ടിലൂടെയാണ് സൂരജ് സന്തോഷ് തുടങ്ങിയത്. 'ഈ തിരുത്തിനെ നിങ്ങൾക്ക് സ്വീകരിക്കുകയോ വിമർശിക്കുകയോ ചെയ്യാം' എന്ന ആമുഖത്തോടെ ആലായാൽ തറവേണോ...എന്ന ഗാനം നിലപാടിന്റെ പ്രഖ്യാപനം പോലെ പിന്നീട് വേദിയിൽ നിറഞ്ഞു. ഇതിലേക്ക് കാവാലത്തിന്റെതന്നെ കറുകറെ കാർമുകിൽ എന്ന ശീലിനെക്കൂടി ലയിപ്പിച്ചു ചേർത്തു, സൂരജ് സന്തോഷ്.
കൈതോല പായ വിരിച്ച്, അരികെ നീ അരുമയായ്, തുടങ്ങിയ മലയാളഗാനങ്ങൾക്കൊപ്പം തമിഴ്, തെലുങ്ക് ഗാനങ്ങളിലൂടെയും യുവതയുടെ പ്രിയഗായകൻ കാണികൾക്കിടയിൽ തരംഗമായി.
ശീമാട്ടിയുമായി ചേർന്ന് മാതൃഭൂമി ഓൺലൈൻ സംഘടിപ്പിച്ച ഫെയ്‌സ് ഓഫ് ദി ഇയർ മത്സരത്തിലെ വിജയികളുടെ ഫാഷൻഷോയും ആഘോഷത്തിന്റെ ആകർഷണമായി.
ശീമാട്ടി യങ് ആയിരുന്നു സംഗീതനിശയുടെ പ്രസന്റിങ് സ്‌പോൺസർ. ലാൻ ചെസ്റ്റർ ബിൽഡേഴ്‌സ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് എന്നിവരായിരുന്നു സപ്പോർട്ടഡ് ബൈ സ്‌പോൺസർമാർ. ഹോളിഡേ ഇൻ ഹോസ്പിറ്റാലിറ്റി പാർട്ണറും സുൽത്താൻ റെസ്റ്റോറന്റ് ഫുഡ് പാർട്ണറുമായി.
Content Highlights: music in motion music concert, sooraj santhosh and almaram music band
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..