മ്യൂസിക്കിനും മീറ്ററിനുമിടയിൽ ചതഞ്ഞരയുന്ന വാക്കുകളാണോ സിനിമാപാട്ടുകൾ? സംഗീത സംവിധായകൻ നിർദേശിക്കുന്ന മീറ്ററിൽ വാക്കുകൾ ഒതുങ്ങണം. രണ്ടക്ഷരമാണ് നല്ലത്. മൂന്നക്ഷരവും പരിഗണിക്കാം. അതിനപ്പുറം വേണ്ട.  കേൾക്കാൻ ഇമ്പമുണ്ടാകണം. പാടുമ്പോൾ മുഴച്ച് നിൽക്കുന്നവാക്കുകൾ പാടില്ല. അനന്തവിദൂരമായ ഏതോ കോണിൽ  ഭാവനയുടെ ചിറകുമായി പറന്നെത്തിയാൽ മാത്രം മനസിലാകുന്ന ആശയം അഭികാമ്യം. സിനിമയുടെ കഥയുമായി ബന്ധമുണ്ടാകണമെന്നില്ല. പാട്ട് പാട്ടിന്റെ വഴിക്ക് പോയാലും കുഴപ്പമില്ല. സംവിധായകൻ അത് സിനിമയുടെ ഒഴുക്കിനൊപ്പം നട്ടുപിടിപ്പിച്ചിരിക്കണമെന്ന് മാത്രം!

സിനിമാപാട്ടെഴുത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്കായി നടത്തിയ ശിൽപ്പശാലയിൽ ഇത്തരം തുറന്നുപറച്ചിലും ഏറ്റുപറച്ചിലുമുണ്ടായി. മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്ട) കുമരനാശാൻ  സ്മാരക സമിതിയുമായി ചേർന്നാണ്  ശിൽപ്പശാല  നടത്തിയത്. കുമാരനാശാൻ അന്ത്യവിശ്രമം കൊളളുന്ന ആലപ്പുഴ ജില്ലയിലെ പല്ലന കുമാരകോടിയിൽ നടന്ന ശിൽപ്പശാല മൂന്ന് നാൾ നീണ്ടു.

ചലച്ചിത്ര  ഗാനങ്ങൾ കവിതകളുമായി താരതമ്യം ചെയ്യരുതെന്നതായിരുന്നു ക്ലാസ് നയിച്ചവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്. 'കവിക്ക് എന്തും എഴുതാം. എങ്ങനെയും. ആശയങ്ങൾക്കും ആവിഷ്‌ക്കാരങ്ങൾക്കും അതിരുകളില്ല. കവിതയുടെ ഭാഷയും രൂപവുമെല്ലാം നിശ്ചയിക്കുന്നതിനുളള അവകാശം  കവിക്കുണ്ട്. അത് ചോദ്യം ചെയ്യപ്പടാനും പാടില്ല. സംഗീത' സംവിധായകൻ ബിജി ബാലിന്റെതാണ് ഈ നിരീക്ഷണം. കവിയുടെ സ്വാതന്ത്ര്യത്തെപ്പറ്റി വ്യക്തമായി  പറഞ്ഞ ബിജിബാൽ, ചലച്ചിത്രഗാനരചയിതാവിന്റെ സ്വാതന്ത്ര്യമില്ലായ്മയെപ്പറ്റിയും വിശദീകരിച്ചു.

 സിനിമയ്ക്ക് പാട്ടെഴുതുമ്പോൾ സംഗീത സംവിധായകനെയും സംവിധായകനെയും കഥയെയും സന്ദർഭത്തെയുമെല്ലും തൃപ്തിപ്പെടുത്തണം. അവിടെ എഴുത്തുകാരന്റെ ഭാവനയ്ക്ക് കൃത്യമായ അതിർത്തി നിർണിയിക്കേണ്ടിവരും. കഥയും കാലവും ആവശ്യപ്പെടുന്ന ഈണവും താളവും  ഭാവവും പാട്ടിനുണ്ടാകണം. അതിനനുസരിച്ചുളള വരികളാണ് പ്രതീക്ഷിക്കുന്നത്. ഈണത്തിന് മീതെ ഉയർന്നേക്കാവുന്ന വാക്കുകൾക്ക് മാറ്റിവയക്കേണ്ടിവരും. തുറന്നുപറഞ്ഞാൽ സിനിമാ പാട്ടെഴുത്ത് ഒരു എൻജിനീയറുടെ ജോലിക്ക് സമമാണ്. കൃത്യമായ ചട്ടക്കൂടിനുളളിൽ കാവ്യാത്മകമായ വാക്കുകൾ അടുക്കുക. അർഥവും ആശയവും തരുന്ന വാക്കുകൾ കണ്ടെത്തി അടുക്കുന്നതാണ് പാട്ടെഴുത്തുകാരന്റെ സർഗശേഷിയുടെ അളവുകോൽ. ശിൽപ്പശാലയുടെ  സമാപന സമ്മേളനത്തിലായിരുന്നു ബിജിബാലിന്റെ തുറന്നുപറച്ചിൽ.

നഷ്ടപ്രണയത്തിന്റെ വേദനകൾ താലോലിച്ചാണ്  ഇന്നും വിരഹഗാനങ്ങളെഴുതാറുളളതെന്നായിരുന്നു കൈതപ്രം  ദാമോദരൻ നമ്പൂതിരി പുതുതലമുറയിലെ എഴുത്തുകാരോട് പറഞ്ഞത്. ഒരിക്കൽ മാത്രമുണ്ടായ വിരഹവേദന, പലപാട്ടുകളിലായി എഴുതിവച്ചു. ഇനിയും എഴുതാം. പാട്ടെഴുത്തുകാരൻ കടന്നുപോകുന്ന ജീവിത അനുഭവങ്ങൾ ഒരിക്കലും മറക്കരുത്. ഉളളിൽ കൊത്തിവലിയ്ക്കുന്ന നൊമ്പരമായി അത് അവശേഷിക്കണം. ആ വേദന പാട്ടിന് വിത്തിടും. രാമായണക്കാറ്റുപോലെ സംഭവിച്ചുപോകുന്ന ചിലവാക്കുകൾ എഴുത്ത് മേശയിലേക്ക് കടന്നുവരും. അതിനെ  ഹൃദയത്തോട് ചേർത്ത് പാട്ടിലേക്ക് ആവാഹിക്കാൻ കഴിയണമെന്നും കൈതപ്രം ഉപദേശിച്ചു.

തോർത്തും ബ്രാണ്ടിയും എന്താ മോശമാണോ? ചോദ്യം അനിൽ പനച്ചൂരാന്റെതാണ്.  സിനിമാപാട്ടിൽ  വരേണ്യപദങ്ങൾ മാത്രം മതിയോയെന്ന ചർച്ചയ്ക്ക് അനിൽ പനച്ചൂരാന്റെ വാക്കുകൾ വഴിവച്ചു. ജിമിക്കി കമ്മൽ പാട്ടിനെ  മുൻനിർത്തിയായിരുന്നു ചർച്ച. സാധാരണക്കാന്റെയും തൊഴിലാളിയുടെയും കഥപറയുന്ന സിനിമയിൽ പാട്ടിന് സൗന്ദര്യമുളള വാക്കുകൾ വേണമെന്നാണ്  പൊതുധാരണ. പഴയകാലത്തും ഇന്നും ഇതുതന്നൊയാണ്. തോട്ടികളും തൊഴിലാളികളും പറയുന്ന വാക്കുകൾ, തെരുവിൽ  പിറക്കുന്ന വാക്കുകൾ ഇവയൊന്നും  എന്തുകൊണ്ടാണ് ഇത്തരം സിനിമകളിൽ കാണാത്തത്. ചെറുപ്പക്കാർ ചോദിച്ചുകൊണ്ടേയിരുന്നു.

ഒറ്റവരികൊണ്ട് സംവിധായകന്റെ ഹൃദയത്തിൽ ഇടംപിടിച്ച പാട്ടെഴുത്തുകാരുണ്ട്. അങ്ങനെയൊരാളെപ്പറ്റി പറഞ്ഞത് സംവിധായകൻ ലാൽജോസാണ്. പുതിയ ചിത്രത്തിന് പാട്ടെഴുത്തുകാരെ തേടുന്നതിനിടെ യാദൃശ്ചികമായി കേട്ട കവിതയുടെ ഉടമയേ തേടി. കവി മുന്നിലെത്തി. സ്വന്തം കവിത പാടി. പാട്ടിനിടെ  കേട്ട ഒരു വാക്കിൽ മനസുടക്കി.. വിടുവായൻ തവളകൾ.... ഒരിക്കലും കേട്ടിട്ടില്ലാത്ത വാക്ക്. ആ നിമിഷം ഉറപ്പിച്ചു. അയാൾ മതി. കവിയായിരുന്ന   അനിൽ പനച്ചൂരാൻ അങ്ങനെ സിനിമാക്കാരനുമായി.

അടച്ചിട്ട മുറിയിൽ ഈണത്തിനൊപ്പം നിൽക്കുന്ന വാക്കുകൾ കിട്ടാതെ സങ്കടപ്പെട്ട കഥയാണ് മിക്ക പാട്ടെഴുത്തുകാർക്കും പറയാനുണ്ടായിരുന്നത്. ഇരുപത് പ്രാവശ്യം വരെ മാറ്റിയെഴുതിയ പാട്ടുകൾ. അർഥമറിയാത്ത വാക്കുകൾ പാട്ടിൽ തിരുകാൻ ശ്രമിച്ചവർക്ക് മുന്നിൽ നിസഹയതയോടെ നിന്നതിനെപ്പറ്റി. പകരക്കാരായി വന്നവർ പാട്ടെഴുത്തുകാരായി തെളിഞ്ഞത്. ഹിറ്റ് പാട്ടുമായി തുടങ്ങിയിട്ടും  പിടിച്ചുനിൽക്കാൻ കഴിയാതെ പോയവർ. ആൽബത്തിനും നാടകത്തിനുമായി ആയിരം പാട്ടെഴുതിയിട്ടും അറിയപ്പെടാതിരുന്ന ആൾ ഒറ്റസിനിമയ്ക്ക് പാട്ടെഴുതിയപ്പോൾ ലോകം വാഴ്ത്തിയ കഥ. സങ്കടങ്ങളുടെ കടലൊഴുക്കായിരുന്നു കേട്ടത്.

സിനിമാ പാട്ടുകൾ പാക്കേജായി മാറുന്നതിനെപ്പറ്റിയും ചിലർ പറഞ്ഞു. സംഗീത സംവിധായകൻ പാട്ടിന് മൊത്തത്തിൽ കരാറെടുക്കും. പാട്ടെഴുത്ത്, ആലാപനം എന്നിവയെല്ലാം ഈ കരാറിൽ ഉൾപ്പെടും. എഴുത്തുകാരനെയും പാട്ടുകാരെയും സംഗീത സംവിധായകൻ നിശ്ചയിക്കും. ഗോഡ്ഫാദർമാരില്ലാത്ത.  പാട്ടെഴുത്തുകാരുടെ അവസരം നഷ്ടമാകാൻ പാക്കേജ്  സമ്പ്രദായം വഴിവയ്ക്കുമെന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ വികാരം. പക്ഷേ, പ്രതിവിധിയെന്താണെന്ന് ആരും പറഞ്ഞില്ല. ഈണത്തിനും  മീറ്ററിനും ഒപ്പിച്ചുളള പാട്ടെഴുത്തിന്റെ നന്മ തിന്മകൾകളെപ്പറ്റിയും വ്യത്യസ്ത വീക്ഷണമാണ് ഉയർന്നുകേട്ടത്. 
മൂന്ന് ദിവസം  നിണ്ട  ശിൽപ്പശാലയിൽ 56 പേരാണ്  പങ്കെടുത്തത്. പല ജില്ലകളിൽ നിന്നായി വന്നവർ. മൂന്ന്  ദിവസം  ന ടന്ന ചർച്ചകൾ പാട്ടെഴുത്തിനെപ്പറ്റിയുളള ഏറെ തിരിച്ചറിവുകളാണ് ഇവർക്ക് സമ്മാനിച്ചത്. കവിതയുടെ വഴിയിൽ നന്നും വേറിട്ടുളള സിനിമാ പാട്ടെഴുത്ത് ഗൗരവമായി കണ്ടവരാണ് പങ്കെടുത്തവരിൽ അധികവും. ഇവരിൽ ഒരാളുടെ പാട്ട് മോഹൻ സിത്താര  തത്സമയം ചിട്ടപ്പെടുത്തി വേദിയിൽ പാടി. 
ഷിബു ചക്രവർത്തി, രാജീവ് ആലുങ്കൽ,
ബീയാർ പ്രസാദ്, സന്തോഷ് വർമ, ഹരി നാരായണൻ, മധു വാസുദേവ്, ദേവദാസ് എന്നീ പാട്ടെഴുത്തുകാരും ക്ലാസ് നയിച്ചു.

സംവിധായകരായ  സിബി മലയിൽ, എ.കെ. സാജൻ, ഷാജി പാണ്ഡവത്ത്, സുന്ദർദാസ്, ഷാജൂൺ കര്യാൽ തിരക്കഥാ കൃത്ത് ചെറിയാൻ കൽപ്പകവാടി എന്നിവരും   പങ്കെടുത്തു