ഹരിഹരൻ, വിദ്യാസാഗർ | ഫോട്ടോ: ബി. മുരളികൃഷ്ണൻ, മാതൃഭൂമി ആർക്കൈവ്സ്
ലളിതവും സുന്ദരവുമാണ് വൈരമുത്തുവിന്റെ രചന. പൊടിപ്പും തൊങ്ങലുമില്ല; വാചകക്കസർത്തിന്റെ ഘോഷയാത്രയില്ല. "നീ കാറ്റ്റ്, നാൻ മരം, എന്ന സൊന്നാലും തലയാട്ടുവേൻ.." കാറ്റാണ് നീ, മരം ഞാനും. നീ എന്തു പറഞ്ഞാലും തലയാട്ടും ഞാൻ.."
പ്രകൃതിയും പ്രണയവും കൈകോർത്തു നിൽക്കുന്നു ഓരോ വരിയിലും: "നീ മഴൈ, നാൻ ഭൂമി, എങ്കൈ വിഴുന്താലും ഏന്തിക്കൊൾവേൻ..." നീ മഴയായാൽ ഭൂമിയാകും ഞാൻ; എവിടെ പൊഴിഞ്ഞാലും ആ തുള്ളികൾ ഏറ്റുവാങ്ങാൻ ഞാനുണ്ടാകും. കാൽപ്പനികതയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കാവ്യഭാവന. ഇന്നും കോരിത്തരിപ്പോടെയല്ലാതെ കേൾക്കാൻ കഴിയാറില്ല ആ പാട്ട്.
ഉള്ളിലൊരു കവി കൂടി ഉള്ളതുകൊണ്ടാവാം, രചനയിലെ ലാളിത്യത്തിന് സംഗീതം കൊണ്ട് പരിക്കേൽപ്പിക്കരുതെന്ന് വിദ്യാസാഗറിന് നിർബന്ധം. ഈണത്താൽ വരികൾക്ക് ഒരു അടിവരയിടുകയേ ചെയ്തുള്ളൂ അദ്ദേഹം. എന്നാൽ മനോധർമ്മത്തിന്റെ ആശാനായ ഗായകൻ ഹരിഹരന് ആ ഈണം ഒന്നുകൂടി പാടി പൊലിപ്പിക്കാൻ മോഹം. പാട്ടിന്റെ ബോർഡറിൽ ചെറിയ ഫ്രില്ലുകളൊക്കെ വെച്ചുപിടിപ്പിച്ച് ഒരു രസികൻ "എംബ്രോയ്‌ഡറി" വർക്ക്.
പതിവു ശൈലിയിൽ സംഗതികളൊക്കെ യഥേഷ്ടം ചാലിച്ചുചേർത്തു പാടി സംഗീതസംവിധായകൻ ഉദ്ദേശിക്കാത്ത തലത്തിലേക്ക് പാട്ടിനെ കൊണ്ടുചെന്നെത്തിക്കുന്നു ഹരിജി. അതോടെ പുതിയൊരു ശില്പമായി മാറുന്നു ആ ഗാനം. പക്ഷേ വിദ്യാസാഗറിന് തൃപ്തി പോരാ. ഹരിജിയുടെ ആലാപനം മോശമായതുകൊണ്ടല്ല; രചനയുടെ ലാളിത്യത്തിന് ആ പരീക്ഷണം ഭംഗമേൽപ്പിക്കുന്നതു കൊണ്ട്. "ഇത്രത്തോളം ക്ലാസിക്കൽ ടച്ച് വേണ്ട; സംഗതികളും. ലാളിത്യമാണ് പാട്ടിന്റെ മുഖമുദ്ര." -- വിനയത്തോടെ വിദ്യാജി പറഞ്ഞു.
ആ നിർദ്ദേശം ഉൾക്കൊള്ളാൻ മടിയായിരുന്നു ഹരിഹരനിലെ സംഗീതജ്ഞന്. അത്ഭുതമില്ല. മനോധർമ്മം കലർത്തി പാടുമ്പോൾ പാട്ടുകൾ കുറേക്കൂടി സൗന്ദര്യം കൈവരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം. ആളുകൾക്ക് അതിഷ്ടമാണ് താനും.
തർക്കം മുറുകിയപ്പോൾ വിദ്യാസാഗർ പറഞ്ഞു: "ശരി. സമ്മതിച്ചു. നമുക്കൊരു പരീക്ഷണം നടത്താം. ആദ്യം താങ്കളുടെ ശൈലിയിൽ പാട്ട് പാടി റെക്കോർഡ് ചെയ്യാം. അതു കഴിഞ്ഞു എന്റെ രീതിയിലും. രണ്ടും കേട്ടിട്ട് താങ്കൾക്കു തന്നെ നിശ്ചയിക്കാം ഏതാണ് ഫൈനൽ ആക്കേണ്ടതെന്ന്." ഹരിഹരന് പൂർണ്ണസമ്മതം.
രണ്ടു മട്ടിലും പാടി ഹരിഹരൻ. ആദ്യം സ്വന്തം ശൈലിയിൽ സംഗതികളൊക്കെ ഉൾച്ചേർത്ത്, ഒരു ആലാപ് പോലെ; അതു കഴിഞ്ഞു തികച്ചും ലളിതവും ആർഭാടരഹിതവുമായി വിദ്യാജി പാടിക്കൊടുത്ത മട്ടിൽ. രണ്ടും ആവർത്തിച്ച് കേട്ട ശേഷം സംഗീത സംവിധായകനെ ചേർത്തുപിടിച്ച് പൊട്ടിച്ചിരിയോടെ ഹരിഹരൻ പറഞ്ഞു: "നിങ്ങൾ ജയിച്ചു. ലൈറ്റ് വേർഷൻ മതി. അതാണ് കേൾക്കാൻ സുഖം.."
"നിലാവേ വാ" (1998) എന്ന സിനിമയിൽ ഹരിഹരനും ചിത്രയും ചേർന്ന് പാടിയ ആ ഗാനം കാൽ നൂറ്റാണ്ടിനിപ്പുറവും കാതിലും മനസ്സിലും പ്രണയം നിറക്കുന്നുവെങ്കിൽ അതിന് പിന്നിലെ രഹസ്യം ഒന്നുമാത്രം: രചനയും സംഗീതവും ആലാപനവും ഒരുമിച്ചൊരു പുഴയായി ഒഴുകുമ്പോഴത്തെ മാജിക്.
Content Highlights: music director vidyasagar turns 60 years old, nilave va songs, hariharan singer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..