ഭാരതീയ സിനിമാ സംഗീത ലോകത്ത് മലയാള സിനിമാഗാനങ്ങൾക്ക് എന്നും ശ്രദ്ധേയമായ സ്ഥാനം ലഭിച്ചിട്ടുണ്ട്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ തുടങ്ങി പിന്നണി പ്രവർത്തകർ വരെയുള്ളവരുടെ കൂട്ടായ പരിശ്രമ ഫലമായാണ് ഇത് സാധ്യമായത്. തലമുറകൾ കൈമാറി വന്ന ഒരു ബൃഹത്തായ സംഗീത പാരമ്പര്യത്തിന്റെ നീരുറവ വറ്റാതെ പുതുതലമുറയും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു എന്നതു ഏതൊരു മലയാളിക്കും സന്തോഷവും ആനന്ദവും ജനിപ്പിക്കും. ഏതു കാലഘട്ടമെടുത്തു നോക്കിയാലും സിനിമാ സംഗീത ചർച്ചകളിൽ മലയാള ചലച്ചിത്രഗാന ശാഖ പ്രഥമ സ്ഥാനം വഹിച്ചിട്ടുണ്ടെന്നത് നിസ്തർക്കം പറയാം. പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുന്നതിലും  നവീന പരീക്ഷണങ്ങൾ ചെയ്യുന്നതിലും മലയാള ചലച്ചിത്രഗാനശാഖ ഒരു പിശുക്കും കാട്ടിയിട്ടില്ല. ഇന്നും നമുക്കത് ശ്രവ്യമാകുന്നുണ്ട്.

1990-ൽ പുറത്തിറങ്ങിയ 'ക്ഷണക്കത്ത്' എന്ന സിനിമ അന്ന് ശരത് എന്ന യുവനവാഗത സിനിമസംഗീത സംവിധായകനെ കേരളക്കരയ്ക്ക് സമ്മാനിച്ചു. അതിനുമുൻപ് വെള്ളിത്തിര കാണാതെ പോയ ചില ആദ്യ ചുവടുവെപ്പുകൾ സുജിത് വാസുദേവ് (ആദ്യ പേര്) നടത്തിയിരുന്നു. സംഗീതപറവൈ എന്ന തമിഴ് ആൽബം സംഗീതം ചെയ്ത് വാണി ജയറാമിനോടൊപ്പം പാടിയത് ശരത് ആണ്. ക്ഷണക്കത്തിലെ ഗാനങ്ങൾ ഗാനഗന്ധർവനും മലയാളത്തിന്റെ വനമ്പാടിയും പാടിപ്പുറത്തിറങ്ങിയപ്പോൾ ശ്രോതാക്കളത് ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. ആദ്യ ചിത്രം മുതൽ തന്നെ ശരത് താള വൈവിധ്യങ്ങളിൽ തന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ക്ഷണക്കത്തിലെ 'പൊൻപദ മിളകി' (താം തക തകിട.. എന്ന് തുടങ്ങുന്ന ഗാനം) എന്ന ഗാനം 7/8 (സെവൻ എയ്റ്റ് കർണാടക സംഗീതത്തിൽ മിശ്രനട/ മിശ്രചാപ്പ് താളത്തിന് തുല്യം) എന്ന മീറ്ററിൽ ആണ് ആരംഭിക്കുന്നത്. എന്നാൽ അനുപല്ലവി  4/4 ആണ് മീറ്റർ. പിന്നീട് പലയിടത്തും ഇത് രണ്ടും മാറി മാറി വരുന്നു. യേശുദാസ് എന്ന മഹാമേരുവിന്റെ കൈയിൽ ആ ഗാനം ഭദ്രമായിരുന്നു. പിന്നീടങ്ങോട്ട് ശരത് തന്റെ ലയപാടവം ഒരു കൈയൊപ്പുപോലെ ഓരോ പാട്ടുകളിലും പ്രകടിപ്പിച്ചു.

പിന്നീട് പുറത്തിറങ്ങിയ രുദ്രാക്ഷം എന്ന ചിത്രത്തിൽ രൺജിപണിക്കർ എഴുതി കെ.എസ്. ചിത്രയും യേശുദാസും ചേർന്ന് പാടിയ 'ശ്രീ പാർവതി പാഹിമാം' എന്ന ഗാനം ഏതൊരു സംഗീത പ്രേമിയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര ഗാനരംഗത്ത് അതുവരെയാരും പരീക്ഷിച്ചിട്ടില്ലാത്ത 11/8 (ലവൻ എയ്റ്റ് ചാപ്പ് താളങ്ങളോട് സാമ്യമുള്ളതും 7 /8 നേക്കാൾ 4 ബീറ്റ് കൂടുതൽ ഉള്ളതുമായ താളം.) എന്ന മീറ്ററിൽ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഭാരതീയ ശാസ്ത്രീയ സംഗീതശാഖകളിൽ പോലും ഈ താളത്തിൽ ഒരു രചനയുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അനുപല്ലവി മുതൽ 7/8 എന്ന മീറ്ററിൽ ആണ് ഈ ഗാനം മുന്നോട്ടു പോകുന്നത്. പാട്ടിന്റെ ബിജിഎം ഭാഗങ്ങളിലുള്ള ടോണിക് വ്യത്യാസങ്ങളും ശ്രദ്ധേയമാണ്.

ബിജു വർക്കി സംവിധാനം ചെയ്ത 'ദേവദാസി' എന്ന ചിത്രം ശരത്തിന്റെ പല പരീക്ഷണങ്ങളുടെയും വേദിയായിരുന്നു. വിധുപ്രതാപ് എന്ന ഗായകനെ മലയാളത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിച്ച 'പൊൻവസന്തമാകവേ..' എന്ന ഗാനം ഏതു താളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്നത് ഇന്നും പലരെയും ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്. 13/8 എന്ന (7 /8 നേക്കാളും 5 ബീറ്റ്  കൂടുതൽ) വളരെ വ്യത്യസ്തമായ ഒരു മീറ്ററിൽ ഒരു നവാഗത ഗായകനെ പാടിച്ച ധൈര്യം എങ്ങനെ വിലയിരുത്തും എന്നറിയില്ല. 'പ്രേമത്തിന്റെ അവസ്ഥ പോലെ ആണ് ആ താളം' എന്നാണ് ഒരിക്കൽ ശരത് തന്നെ ആ പാട്ടിനെ പറ്റി പറഞ്ഞിട്ടുള്ളത്.

'പവിത്ര'ത്തിലെയും 'സിന്ദൂരരേഖ'യിലെയും ഗാനങ്ങൾ ഏതൊരു ഗായകരെകൊണ്ടും അനായാസം പാടാൻ സാധിക്കാത്തവയാണ്. കേൾക്കുമ്പോൾ വളരെയെളുപ്പമാണെങ്കിലും പാടി വരുമ്പോളാണ് അതിന്റെ ഓരോ വരിയുടേയും ബുദ്ധിമുട്ടുകൾ മനസ്സിലായി വരിക. സിന്ദൂരരേഖയിലെ ഗാനങ്ങൾ പലതും മൃദംഗം ജതികൾ പോലെയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു രാഗത്തിന്റെ ചുവടു പിടിച്ച് തുടങ്ങുന്ന ഗാനങ്ങളിൽ ആ രാഗം മുൻനിർത്തി ചെയ്യാവുന്ന എല്ലാ പരീക്ഷണങ്ങളും അവയിൽ ശ്രവ്യമാകും. ഗ്രഹഭേദവും ടോണിക് വ്യത്യാസങ്ങളും അവയിൽ ചിലതുമാത്രം. എന്നാൽ തികച്ചും മണ്ണിന്റെ മണമുള്ള ഗാനവും ശരത്തിന് വഴങ്ങും എന്ന് കാട്ടുന്നതാണ് രമ്യ നമ്പീശൻ പാടിയ ഇവൻ 'മേഘരൂപ'നിലെ ആണ്ടലോണ്ടെ.... എന്ന് തുടങ്ങുന്ന ഗാനം.

ഒരുപാട് മഹാവിദ്വാന്മാരുടെ സ്വന്തം ഫ്യൂഷൻ കാമ്പോസിങ്ങുകളിലും ശരത്തിൻറെ കൈയൊപ്പുകൾ പതിഞ്ഞിട്ടുണ്ട്. മൃദംഗചക്രവർത്തി ഗുരു കരൈകുടി മണിയുമായി ചേർന്ന് ചെയ്തിട്ടുള്ള അമൃതം, അതിൽ ശ്രദ്ധേയമായ ഒന്നാണ്. ഇന്നും ഒരുപാട് സംഗീതപ്രേമികൾ വിസ്മയത്തോടെ മാത്രമേ അമൃതം എന്ന സംഗീത ശില്പത്തെ സമീപിക്കാറുള്ളൂ. മൃദംഗവിദ്വാൻ ഡി.എ.ശ്രീനിവാസുമായി ചേർന്നൊരുക്കിയ ഷൺമതം എന്ന സംഗീതശില്പവും ശരത് എന്ന സംഗീതസംവിധായകന്റെ നൈപുണ്യം വെളിവാക്കുന്ന സൃഷ്ടിയാണ്. ആറു ദേവതകൾക്ക് ആറു രീതിയിൽ മൃദംഗത്തെ മുൻനിർത്തി സംഗീതം നൽകുക എന്നത് എത്രത്തോളം ശ്രമകരമാണെന്ന് പറഞ്ഞറിയിക്കുക അസാധ്യം.

തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ പി.ഉണ്ണികൃഷ്ണൻ പാടിയ ഗോപീചന്ദനം എന്ന കൃഷ്ണഭക്തിഗാന ആൽബത്തിൽ 'ആടും നടനമാടും...' എന്ന ഗാനത്തിൽ വളരെ വിരളമായി മാത്രം ഉപയോഗിക്കാറുള്ള ഖണ്ഡചാപ്പ് (5/8) എന്ന താളമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ആ ഗാനത്തിന്റെ പലയിടത്തും പാട്ട് താളവുമായി വിട്ടുപോകുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നിപ്പോകും. അതിനെപറ്റി ചോദിച്ചപ്പോൾ 'കാളിയ മർദനം കൃത്യമായ താളത്തിൽ ഒതുക്കാൻ സാധിക്കുമോ' എന്നായിരുന്നു ശരത്തിന്റെ മറുപടി. താളത്തെ മുൻനിർത്തി ഇത്രയധികം പരീക്ഷണങ്ങൾ ചെയ്ത മറ്റൊരു സംഗീതസംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നത് അതിശയോക്തിയില്ലാതെ പറയാൻ സാധിക്കും.

ചിദംബരനാഥിന്റെയും ബാലമുരളികൃഷ്ണയുടെയും ശിഷ്യനായ ശരത് രാഗസംബന്ധിയായി ചെയ്ത പരീക്ഷണങ്ങൾ പറഞ്ഞാൽ തീരില്ല. ഏറ്റവും മികച്ച ശാസ്ത്രീയ സംഗീത ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (1999ൽ) ശരത്തിന് നേടിക്കൊടുത്ത മേഘതീർഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മതി ആ കുറുകിയ മനുഷ്യൻ രാഗങ്ങളെ വെച്ച് അമ്മനമാടിയത് മനസ്സിലാക്കാൻ. ഗ്രഹഭേദത്തിന്റെ എല്ലാ സാധ്യതകളും ഇതുപോലെ പരീക്ഷിച്ച മറ്റൊരു ഗാനം ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്നതുപോലും സംശയമാണ്. സിനിമയുടെ സംവിധായകൻ ഉണ്ണി ആവശ്യപ്പെട്ടത് 'പാടിയാൽ മഴ പെയ്യുന്ന ഒരു ഗാനം വേണം' എന്നാണത്രേ, എന്നാൽ ഈ ഗാനം ആസ്വാദക ഹൃദയങ്ങളിൽ ഒരു പേമാരിയായി പെയ്തിറങ്ങി എന്ന് പറയാതെ വയ്യ. അതുപോലെ ദേവദാസിയിലെ 'സുധാമന്ത്രം...' എന്ന് തുടങ്ങുന്ന ഗാനം, തനിക്കു പാടാൻ സാധിക്കില്ല എന്ന് ഉണ്ണികൃഷ്ണൻ ആദ്യം കൈയൊഴിഞ്ഞ ഗാനമാണെന്നു കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ടതില്ല. ആദ്യവസാനം വരെ ആ ഗാനം ഏതൊക്കെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ടെന്നു ഏതു ശ്രോതാവിനും മനസ്സിലാക്കാൻ സാധിക്കും. തന്റെ ഗുരുനാഥൻ കണ്ടെത്തിയ സർവശ്രീ എന്ന രാഗത്തിൽ (ഷഡ്ജം, ശുദ്ധമാധ്യമം, പഞ്ചമം എന്നീ മൂന്ന് സ്വരങ്ങൾ മാത്രമുള്ള ഈ രാഗത്തിൽ ഉമാ സുതം എന്നൊരു കീർത്തനം ബാലമുരളികൃഷ്ണ ചിട്ടപ്പെടുത്തിയിട്ടുണ്ട്.) ചിട്ടപ്പെടുത്തിയ തുഞ്ചന്റെ തത്തതൻ.... എന്ന് തുടങ്ങുന്ന ഗാനം ശരത് എന്ന കർണാടക സംഗീതജ്ഞന്റെ വൈഭവം തുറന്ന് കാട്ടുന്നു.

സംഗീത സംവിധായകൻ എന്നതിലുപരി നല്ലൊരു ഗായകൻ കൂടിയായ ശരത് തന്റെ ഗുരു തുല്യനായ ശ്യാം സംഗീതം ചെയ്ത ഒന്നിങ്ങു വന്നെങ്കിൽ എന്ന ചിത്രത്തിന് വേണ്ടി ചിത്രയോടൊപ്പം ഡും ഡും ഡും സ്വരമേളം... എന്ന ഗാനം പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്‌ നടത്തുന്നത്. പിന്നീട് ഹിസ്‌ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ രവീന്ദ്രൻ മാസ്റ്റർക്ക് വേണ്ടിയും പാടി. ഗായകനായും ജനഹൃദയങ്ങളിൽ ചേക്കേറിയ ശരത് സംഗീതത്തിലെ പെരിയരാജ ഇളയരാജയ്ക് വേണ്ടിയും ഒരുപാട് ഗാനങ്ങൾ പാടി. തമിഴ് ചിത്രമായ തരൈ തപ്പട്ടൈ എന്ന ചിത്രത്തിന് വേണ്ടി ഇടറിനും എനതുരുനോയ്.... എന്ന ഗാനം പാടിയപ്പോൾ ഇളയരാജ സമ്മാനിച്ച നവരത്ന മോതിരം ആയിരം ഓസ്കർ അവാർഡിനേക്കാൾ വിലമതിക്കുന്നു എന്നാണ് ശരത് പറയുന്നത്. ഒരുപാട് ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് വിശ്വസിക്കുന്ന ശരത് 14 ഭാഷകളിൽ സംഗീതമൊരുക്കിയിട്ടുണ്ട്.