യസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി' പുറത്തിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധനേടിയ ഒരു ഗാനമാണ് 'നീ വരും തണല്‍ വരും'. ചാലക്കുടി സ്വദേശിയായ ശങ്കര്‍ ശര്‍മ്മയാണ് ഈ മനോഹര ഗാനത്തിന് ഈണമിട്ടത്. വരികളെഴുതിയത് ശങ്കറിന്റെ ഭാര്യ സാന്ദ്ര മാധവും. പൃഥ്വിരാജ് നായകനായ 'ഡാര്‍വിന്റെ പരിണാമം' എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംഗീത സംവിധായകനായി ശങ്കര്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങള്‍ക്ക് ചെയ്ത ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശങ്കര്‍ സംഗീതമൊരുക്കിയ ചിത്രമായിരുന്നു 'സണ്ണി'. ഗാനരചയിതാവായി സാന്ദ്രയുടെ രംഗപ്രവേശവും തികച്ചും അവിചാരിതമായിരുന്നു. ശങ്കര്‍  വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

തുടക്കം എ.ആര്‍ റഹ്മാന്‍ അക്കാദമിയില്‍ നിന്ന് 

കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തോട് വലിയ താല്‍പര്യമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് എ.ആര്‍.റഹ്മാന്റെ കെ.എം. കോളേജ് ഓഫ് മ്യൂസിക് ആന്റ് ടെക്‌നോളജിയില്‍ പഠിക്കാന്‍ പോയി. ഫൗണ്ടേഷന്‍ ഇന്‍ വെസ്റ്റേണ്‍ മ്യൂസിക്കില്‍ ഡിപ്ലോമ ചെയ്തു. അന്നത്തെ കാലത്തുതന്നെ ധാരാളം മ്യൂസിക് ഡെമോ ചെയ്യുമായിരുന്നു. ആയിടയ്ക്കാണ് പ്രോഗ്രാമേഴ്‌സിനെ അന്വേഷിച്ചുകൊണ്ടുള്ള സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണുന്നത്. ഞാന്‍ ചെയ്ത ഏതാനും ഡെമോകള്‍ അദ്ദേഹത്തിന് അയച്ചു നല്‍കി. അദ്ദേഹത്തിന് അതിഷ്ടമാവുകയും എന്നെ ടീമിലേക്ക് വിളിക്കുകയുമായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ജോലി ചെയ്തത് ഒരു മ്യൂസിഷന്‍ എന്ന നിലയില്‍ എനിക്ക് നല്ല അനുഭവമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ആമേനി'ല്‍ രണ്ടു പാട്ടുകള്‍ പാടാനും പ്രശാന്ത് സര്‍ എനിക്ക് അവസരം നല്‍കി. സംഗീതം സ്വതന്ത്രമായി ചെയ്യാന്‍ എനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം നല്‍കിയത് പ്രശാന്ത് സര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് എന്നെ 'ഡാര്‍വിന്റെ പരിണാമത്തി'ലേക്ക് നിര്‍ദ്ദേശിച്ചതും. പിന്നീട് ചെയ്തത് അവരുടെ രാവുകളായിരുന്നു. അതിന് ശേഷം 'എവ്വരിക്കി ചെപ്പതു' എന്ന തെലുങ്കു ചിത്രവും ചെയ്തു.

സണ്ണിയിലേക്ക്...

ഞാന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ഡാര്‍വിന്റെ പരിണാമത്തി'ല്‍ പൃഥ്വിരാജായിരുന്നു നായകന്‍. അന്ന് മുതല്‍ പൃഥ്വിരാജുമായി പരിചയമുണ്ട്. അദ്ദേഹമാണ് രഞ്ജിത്ത് ശങ്കറിനോട് എന്നെക്കുറിച്ച് പറയുന്നത്. പിന്നീട് രഞ്ജിത്ത് സര്‍ എന്നെ വിളിക്കുകയായിരുന്നു.

'നീ വരും, തണല്‍ വരും........'

'സണ്ണി'യില്‍ പാട്ടെഴുതാന്‍ സാന്ദ്ര എത്തിയത് തികച്ചും അവിചാരിതമായിരുന്നു. സാന്ദ്രയുടെ സഹോദരന്റെ വിവാഹത്തിന് സര്‍പ്രൈസ് കൊടുക്കാന്‍ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് ഒരു പാട്ടെഴുതുകയും ഈണമിടുകയും ചെയ്തു. 'ഇന്നന്റെ വേളിയായ് ഈ ലോകം പൂവിടും' എന്നാണ് ആ പാട്ടിന്റെ തുടക്കം. മികച്ച അഭിപ്രായമാണ് അന്നതിന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചത്. എന്റെ യൂട്യൂബ് ചാനലായ 'സൗണ്ട്‌സ് ഓഫ് ശങ്കറി'ല്‍ ആ പാട്ട് അപ്ലോഡ്‌ ചെയ്തിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ കണ്ട പല വിവാഹവീഡിയോകളിലും ആ പാട്ട് ഉപയോഗിച്ചു കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.

രഞ്ജിത്ത് ശങ്കര്‍ സാര്‍ എന്നെ സണ്ണിയിലേക്ക് വിളിച്ച സമയത്ത് ഗാനരംഗത്തിന്റെ സന്ദര്‍ഭം മാത്രമായിരുന്നു തന്നത്. ഞാനതിന് ഈണമിട്ടപ്പോള്‍ സാന്ദ്ര ഡമ്മി വരികള്‍ എഴുതി തന്നു. അത് രഞ്ജിത്ത് സാറിന് അയച്ചുകൊടുത്തപ്പോള്‍ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ റീവര്‍ക്ക് ചെയ്ത് അതേ പാട്ട് ഉപയോഗിക്കുകയായിരുന്നു. 'നീ വരും, തണല്‍ വരും' എന്ന പാട്ടിന് ഇപ്പോള്‍ ലഭിക്കുന്ന അഭിപ്രായങ്ങളില്‍ എനിക്ക് സന്തോഷമുണ്ട്. 

വെല്ലുവിളിയായിരുന്നു 'സണ്ണി'

'നീ വരും, തണല്‍ വരും' ഇഷ്ടമായതോടെ പശ്ചാത്തല സംഗീതവും ചെയ്യാന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ സിനിമയെക്കുറിച്ച് വിശദമായി രഞ്ജിത്ത് ശങ്കര്‍ സര്‍ സംസാരിച്ചു. ഒരാഴ്ചയോളമെത്ത് രണ്ട് വര്‍ക്കുകള്‍ ചെയ്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. സാറിന് ഇഷ്ടമാവുകയും ചെയ്തു. ഇമോഷനുകളില്‍ ഒരുപാട് കയറ്റവും ഇറക്കവുമുള്ള ഒരേ ഒരു കഥാപാത്രം മാത്രമാണ് സണ്ണിയിലുള്ളത്. അതു തന്നെയായിരുന്നു വെല്ലുവിളി. സണ്ണിയുടെ ജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തുടക്കത്തില്‍ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ അയാള്‍ എന്താണെന്ന് ക്രമേണയാണ് മനസ്സിലാകുന്നത്. സണ്ണിയുടെ ഇമോഷന്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് സംവിധായകന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അദ്ദേഹവുമായി നിരന്തരം ചര്‍ച്ചകള്‍ ചെയ്തു. അങ്ങനെ ഓരോ രംഗവും മനസ്സില്‍ വിഷ്വലൈസ് ചെയ്തു. ഒരു മികച്ച ടീം വര്‍ക്കായിരുന്നു ചിത്രത്തിലേത്.

വീണ്ടും തെലുങ്കില്‍

ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന ഒരു തെലുങ്കു ചിത്രമാണ് അടുത്തത്. മറ്റു പ്രൊജക്ടുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.

കുടുംബം

ആനന്ദ ശര്‍മയാണ് അച്ഛന്‍. അമ്മ ടി.കെ ഭവാനി. ഇരുവരും അധ്യാപകരായിരുന്നു. അച്ഛന്‍ മരിച്ചു. സഹോദരി സൗമ്യ പാടുമായിരുന്നു.  'വെറുതെ ഒരു ഭാര്യ' എന്ന ചിത്രത്തില്‍ 'മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ' എന്ന പാട്ട് പാടിയിട്ടുണ്ട്. ഗായകന്‍ ഫ്രാങ്കോയ്‌ക്കൊപ്പം. ചേച്ചിയും ഇന്ന് ജീവിച്ചിരിപ്പില്ല. അമ്മയും സാന്ദ്രയുമെല്ലാം മികച്ച പിന്തുണയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നത്.

Content Highlights: Music Director Sankar Sharma, Interview, Sandra Madhav, Jayasurya-Ranjith Shankar Movie, Ne varum Thanal Varum song