പ്രിയ മാനുവല്‍, 'മഞ്ഞും തണുപ്പും' മായില്ലൊരിക്കലും...


ME Manuel

കൊച്ചി: ഈശ്വര സംഗീതത്തിന്റെ അവസാന 'നോട്സും' കുറിച്ചിട്ട് മാനുവല്‍ മാഞ്ഞു...പക്ഷേ, മലയാളിയുടെ മനസ്സില്‍ മായാതെ ഓരോ ക്രിസ്മസിനും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന വരികളുണ്ട്...'മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍

വെണ്ണിലാവെങ്ങും പരന്നരാവില്‍

ദൈവകുമാരന്‍ പിറന്നു ഭൂവില്‍

മംഗളഗാനം മുഴങ്ങി വാനില്‍....'

എം.ഇ. മാനുവല്‍ എന്ന 'ഈശ്വര സംഗീതജ്ഞനെ' അറിഞ്ഞില്ലെങ്കിലും ആ മനുഷ്യന്‍ സംഗീതം പകര്‍ന്ന ഈ ക്രിസ്മസ് ഗാനം ആരും മറക്കില്ല. ഗന്ധര്‍വഗായകന്‍ യേശുദാസിനൊപ്പം കീബോര്‍ഡിസ്റ്റായി, യേശുദാസിന്റെ 'തരംഗിണി' സ്റ്റുഡിയോയുടെ എല്ലാമെല്ലാമായി...പിന്നെ അതെല്ലാം വിട്ട് കുവൈത്തില്‍ സംഗീതാധ്യാപകനായി പോയ മാനുവല്‍... വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും സംഗീത വഴികള്‍ മാനുവലിനെ മറന്നിരുന്നു...പക്ഷേ, മാനുവല്‍ സംഗീതത്തെ നെഞ്ചോടു ചേര്‍ത്തു തന്നെ പിടിച്ചു.

ഇടവകയായ കലൂര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തിലാണ് മാനുവല്‍ സംഗീതരംഗത്ത് ചുവടുവെച്ചത്. സി.എ.സി., കലാഭവന്‍ എന്നീ സ്ഥാപനങ്ങളിലൂടെ വളര്‍ന്നു.

യേശുദാസ് 'യമഹ' കീബോര്‍ഡ് കൊണ്ടുവന്നപ്പോള്‍ അതുവരെ ഹാര്‍മോണിയം വായിച്ചിരുന്നവര്‍ക്ക് കീബോര്‍ഡിലേക്ക് മാറാന്‍ പറ്റിയില്ല. അപ്പോഴാണ് മാനുവലിനെ തേടി യേശുദാസെത്തിയത്. പിന്നീട് 1970 മുതല്‍ 1990 വരെ യേശുദാസിനൊപ്പമായിരുന്നു. തരംഗിണി സ്റ്റുഡിയോയ്ക്ക് ഫാ. ആബേലിന്റെ വരികള്‍ ലഭിച്ചപ്പോള്‍ അതിന് സംഗീതം പകരാനും യേശുദാസ് കണ്ടത് മറ്റാരേയുമായിരുന്നില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു മാനുവലിനെ. അങ്ങനെയാണ് 'മഞ്ഞും തണുപ്പും' എന്ന പാട്ടിന്റെ പിറവി. തരംഗിണിയുടെ 'സ്നേഹമാല്യം' എന്ന ആല്‍ബത്തിലാണ് 'മഞ്ഞും തണുപ്പും...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പിറന്നത്. യേശുദാസിനൊപ്പം ഗാനമേളയുമായി പിന്നീട് 'ഉലകം' ചുറ്റി മാനുവല്‍. അതിനിടയില്‍ ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൊന്നോളിയില്‍ കല്ലറ മിന്നുന്നു, കാല്‍വരി മലയുടെ ബലിപീഠത്തില്‍, ഞാനെന്‍ നാഥനെ വാഴ്ത്തുന്നു.... തുടങ്ങിയ ഭക്തിഗാന ഹിറ്റുകളെല്ലാം മാനുവലിന്റെ സംഗീതത്തില്‍ പിറന്നതാണ്. യേശുദാസുമായി തെറ്റിയതോടെയാണ് കുവൈത്തിലേക്ക് പറന്നത്. അവിടെ 2020-വരെ സംഗീതാധ്യാപകനായിരുന്നു. കോവിഡ് കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയതും ഉദയംപേരൂരില്‍ താമസമാക്കിയതും.

മാനുവലും ഫ്രെഡ്ഡിയും

'ഞങ്ങള്‍ ഒരേ പ്രായക്കാരായിരുന്നു ഫ്രാന്‍സിസ് പള്ളിയുടെ ക്വയറില്‍ ഞാന്‍ പാടുമ്പോള്‍ ഓര്‍ഗന്‍ വായിച്ചിരുന്നത് മാനുവലായിരുന്നു...' അക്കാലത്തെ ഗായകനായിരുന്ന ഫ്രെഡ്ഡി പള്ളന്‍ പറയുന്നു. പാലാരിവട്ടത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് ഫ്രെഡ്ഡി. 'ജോണ്‍പോള്‍ മാര്‍പാപ്പ വന്നപ്പോള്‍ പാട്ടൊരുക്കാനുള്ള ചുമതല മാനുവലിനായിരുന്നു....ഞങ്ങളതിനു ശേഷം ഒരുപാട് പാട്ടുകള്‍ക്കൊരുമിച്ചു.' മാനുവല്‍ തരംഗിണിയുടെ തരംഗമായപ്പോള്‍ ഫ്രെഡ്ഡിയും കൂട്ടരും 'താന്‍സന്‍' എന്ന ഗാനമേള ട്രൂപ്പുമായി നടന്നു. തരംഗിണിയില്‍ നിന്നൊഴിവുകിട്ടുമ്പോള്‍ മാനുവല്‍ 'താന്‍സന്‍' സംഘത്തിനൊപ്പം ഗാനമേളയ്ക്ക് എത്തുമായിരുന്നു.

Content Highlights: Music Director ME Manuel passed away, Christian devotional song, remembering legendary musician


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented