ഗോവിന്ദ് വസന്തയുടെ പിറന്നാൾ ദിനത്തിൽ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെൻസേഷൻ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്.

വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങൾ കോർത്തിണക്കിയാണ് പടവെട്ട് അണിയറയിൽ ഒരുങ്ങുന്നത്. അൻവർ അലിയാണ് വരികൾ എഴുതുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമൻ, ആൻ അമീ, ഭാവന, അനുശ്രീ എന്നവരും നാടൻപാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പൻ, സുനിൽ മത്തായി തുടങ്ങിയവരും പാടുന്നു. ''വോയിസ് ഓഫ് വോയിസ്ലെസ്'' എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച വേടൻ ആദ്യമായി സിനിമയിൽ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അരുവി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിബിൻ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കുന്നു. സുഭാഷ് കരുൺ കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയർ മേക്കപ്പും നിർവഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. സ്റ്റിൽസ് ബിജിത്ത് ധർമടം, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, പരസ്യകല ഓൾഡ്മങ്ക്സ്.

Content Highlights : Music Director Govind Vasantha Birthday Celebration Team Padavettu Nivin Pauly Sunny Wayne