നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിലാണ് ലോകം. ഈ പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയിലാണ് പൊലീസിന്റെ സ്ഥാനം. ഒന്നര വര്‍ഷത്തോളമായി രാപകല്‍ വിശ്രമമില്ലാതെ പൊതുസേവന രംഗത്താണിവര്‍. ക്രമസമാധാനനില കാത്തു സൂക്ഷിക്കേണ്ടതിനൊപ്പം കോവിഡ് വ്യാപനം രൂക്ഷമാകാതെ നോക്കേണ്ടതും പൊലീസുകാരുടെ ഉത്തരവാദിത്വമായി. പട്ടിണിയുടെയും അരാജകത്വത്തിന്റെയും ഈ കെട്ടകാലത്ത് സഹായം ആവശ്യമുള്ളിടത്തെല്ലാം ഓടിയെത്താനാണ് അവരുടെ ശ്രമം.
 
ഈ സേവനങ്ങള്‍ക്കിടെ ശ്രദ്ധേയമാകുകയാണ് കേരള പൊലീസിലെ സബ് ഇന്‍സ്‌പെക്ടമാര്‍ ചേര്‍ന്നൊരുക്കിയ 'കവചമായി' എന്ന സംഗീത ആല്‍ബം. മലബാര്‍ സ്‌പെഷല്‍  പൊലീസ് (എം.എസ്.പി.) 1994 ബാച്ചിലെ 54 സബ് ഇന്‍സ്‌പെക്ടമാരാണ് ഇതില്‍ അണിനിരന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് സംഗീത ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള എസ്.ഐമാരാണ് അഭിനയിച്ചിരിക്കുന്നത്. ഇടുക്കി അടിമാലി എസ്.ഐ. സന്തോഷ് സി.ആര്‍. ആണ്‌ ആല്‍ബത്തിന്റെ രചനയും സംവിധാനവും. പാടിയിരിക്കുന്നത് എം.പി.എസ്. 94 ബാച്ചിലെ പത്തോളം വരുന്ന എസ്.ഐമാരാണ്. 


 
കോവിഡ് കാലത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും ക്രമസമാധാനപാലത്തിനിടെ അവര്‍ക്കെതിരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. യുട്യൂബില്‍ ആല്‍ബം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 
 
പ്രസീധു കത്തിപ്പാറ, സരിത വി. നായര്‍ എന്നിവരാണ് സംവിധാനസഹായികള്‍. സംഗീതസംവിധാനം ഷാജി ജെയിംസ് അടിമാലി.

 Content Highlights: Music Album by Kerala police