തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് 2019-ൽ 108 മണിക്കൂർ തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോഡ് നേടിയ മുരളി നാരായണൻ കടംതീർക്കാൻ മരപ്പണി ചെയ്യുന്നു.

കേരളത്തെയാകെ വിസ്മയിപ്പിച്ച പുല്ലാങ്കുഴൽ വാദനത്തിന്റേതായി വന്ന ചെലവിൽ 15 ലക്ഷം രൂപ കടമായുണ്ട്. കോവിഡ് ഇല്ലായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ലെന്ന് മുരളി പറയുന്നു. കലാമണ്ഡലം ക്ഷേമാവതി, മഞ്ജു വാരിയർ എന്നിവരുടെ നൃത്തപരിപാടികളിലെ സ്ഥിരം പുല്ലാങ്കുഴൽവാദകനായിരുന്നു ഇദ്ദേഹം. . ജർമനിയിൽ തനിയെ അവതരിപ്പിച്ച കച്ചേരി ഏറെ ശ്രദ്ധ നേടിയിരുന്നു. എസ്‌തോണിയ, ഫിലിപ്പീൻസ്, ഗൾഫ് എന്നിവിടങ്ങളിലും അരങ്ങുകളിലെത്തി. കലാലോകത്തുനിന്ന്‌ കിട്ടുന്ന വരുമാനത്തിന്റെ ഒരംശം ജീവകാരുണ്യ പ്രവർത്തനത്തിനും മുരളി ചെലവാക്കിയിരുന്നു.

തൃപ്രയാർ തളിക്കുളം സ്വദേശിയായ മുരളിക്ക്‌ നാട്ടിലെ സഹൃദയരാണ് 2016-ൽ ഗിന്നസ് റെക്കോഡിന് അവസരം ഒരുക്കിയത്. 27 മണിക്കൂർ 10 മിനിറ്റ് 45 സെക്കൻഡ് വായിച്ചതോടെ ലണ്ടനിലെ കാതറിൻ ബ്രൂക്‌സിന്റെ റെക്കോഡ് വീണു. എന്നാൽ, ഒരു കൊല്ലത്തിനു ശേഷം കാതറിൻ മുരളിയെക്കാൾ 10 മിനിറ്റ് അധികം വായിച്ച് റെക്കോഡ് വീണ്ടെടുത്തു.

ഭാര്യ ശെൽവവും മൂന്ന് പെൺമക്കളും പ്രായമായ അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് മുരളി.. മുരളി ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരു അഭ്യർഥന മാത്രം. കോവിഡിന്റെ ഇളവുകളിൽ കലാകാരൻമാർക്ക് അവതരണത്തിനുള്ള അനുമതികൂടി നൽകണം. ചെറിയ സദസ്സുകൾ കിട്ടിയാലും അവർ ജീവിച്ചുകൊള്ളും.

Content Highlights: Murali Narayanan Flutist, Guinness Record, struggling, Music