പ്രശസ്ത മൃദംഗകലാകാരന്‍ മുക്കം സലീം ഈണം നല്‍കി ആലപിച്ച ഏറ്റവും പുതിയ ഗാനം 'നിനവില്‍ നീ' ഗസല്‍ പ്രേമികള്‍ക്കായി യൂട്യൂബില്‍ റിലീസായി. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാനേഷ് പൂനൂരാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അഷ്‌റഫ് മഞ്ചേരി ഗാനത്തിനാവശ്യമായ ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയിരിക്കുന്നു. 

കോഴിക്കോട് മുക്കത്ത് പ്രവര്‍ത്തിക്കുന്ന ലയനം എന്ന കലാകേന്ദ്രത്തിന്റെ അമരക്കാരനും മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനുമായ സലീം കോവിഡ് കാലത്താണ് ഗസലുകളിലേക്ക് തിരിഞ്ഞത്. മുക്കം സലീം സംഗീതം നല്‍കി ആലപിച്ച എട്ട് മലയാളം ഗസലുകള്‍ ഇതിനോടകം റിലീസായി. 

നോവിന്‍ നിളാനദി ഒഴുകും നിനവിന്റെ ഓരത്ത് നീ വന്ന നേരം എന്നാരംഭിക്കുന്ന നിനവില്‍ നീ എന്ന ഗാനത്തില്‍ പ്രണയവും വിരഹവും പ്രണയകാലത്തിന്റെ ഓര്‍മകളുമാണ് നിറയുന്നത്. കാനേഷ് പൂനൂരിന്റെ വരികളും സാഹിത്യഭംഗിയില്‍ മുന്നിട്ടു നില്‍ക്കുന്നു. മലയാളം ഗസല്‍ പ്രേമികള്‍ക്ക് നിനവില്‍ നീ ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Content Highlights: Mukkam Saleem New Gazal Song Ninavayi Nee Released