പ്രശസ്ത ഹാര്‍മോണിയം-കീബോര്‍ഡ് വാദകന്‍ പ്രകാശ് ഉള്ള്യേരി ഈണം പകര്‍ന്ന് മകള്‍ വേദ പ്രകാശ് ആലപിച്ച മുകിലേ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. പണ്ഡിറ്റ് രവി ചാരി സിത്താര്‍ വായിച്ചിരിക്കുന്നുവെന്നതാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കവിയും മാധ്യമപ്രവര്‍ത്തകനുമായ വിനു ജോസഫാണ്‌ വരികളെഴുതിയിരിക്കുന്നത്. ഹൃദയഹാരിയായ ഈണവും വേദ പ്രകാശിന്റെ ഹൃദ്യമായ ആലാപനവും ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നു. 

ജോസി ആലപ്പുഴയാണ് ഫ്‌ളൂട്ട് പോര്‍ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമായ ജോസി പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റിക്കോഡിങ്ങും കീബോര്‍ഡും ജീവന്‍ ജോയ് കൈകാര്യം ചെയ്തിരിക്കുന്നു. മിക്‌സിങ്ങും മാസ്റ്ററിങ്ങും സജി ആര്‍. നായര്‍ നിര്‍വഹിച്ചിരിക്കുന്നു. തത്വ മ്യൂസിക്കല്‍ സൊല്യൂഷന്‍സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

Vedha Prakashവാഗമണ്‍, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ ഏറെ മനോഹരമായ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ഗാനരംഗത്ത് വേദ പ്രകാശാണ് അഭിനയിച്ചിരിക്കുന്നത്. സി.എ. പഠനത്തോടൊപ്പം മുംബൈയില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന വേദ ഹരിഹരന്റെ കീഴിലും പാകിസ്താനിലുള്ള ഉസ്താദ് ഇര്‍ഷാദ് അലിയുടെ കീഴിലും ഗസല്‍ സംഗീതം അഭ്യസിക്കുന്നുണ്ട്, ഒപ്പം പരിപാടികളും അവതരിപ്പിക്കുന്നു. കലോത്സവ വേദികളിലും സമ്മാനങ്ങള്‍ നേടിയ വേദ ഇതിനോടകം തന്നെ മികച്ച ഗായികയാണെന്ന പ്രശംസ നേടിയിട്ടുണ്ട്. 

Read More: എന്റെ ദുഃഖവും സന്തോഷവും പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് ഹാര്‍മോണിയത്തിലൂടെയാണ്- പ്രകാശ് ഉള്ള്യേരി

ജയരാജ് കട്ടപ്പനയാണ് ഗാനരംഗം സംവിധാനം ചെയ്തിരിക്കുന്നത്. ഷൈജു ശിവന്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഇടുക്കിയുടെ മനോഹാരിത ഗാനരംഗത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ദിലീപ് സുകുമാരനാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റില്‍സ്: ജാക്‌സണ്‍ തോമസ്, ഗ്രാഫിക്‌സ്: ദീപു, ഡിസൈന്‍: ലെനിന്‍.

 

Content Highlights: Mukile Song By Prakash Ulliyeri, Vedha Prakash