ms viswanathanയുഗപുരുഷന്മാരാണ് മുന്നില്‍. ഒരാള്‍ തെന്നിന്ത്യന്‍ സിനിമയിലെ  മെല്ലിശൈ മന്നന്‍. മറ്റേയാള്‍ മലയാള സിനിമാ സംഗീതത്തിലെ രാജശില്‍പ്പി.  വിനയപുരസ്സരം തലകുനിച്ചു തൊഴുതു നില്‍ക്കുന്ന മെല്ലിശൈ മന്നനോട് അതിലും വിനയത്തോടെ ദേവരാജന്‍ മാസ്റ്റര്‍ പറയുന്നു: 'ഇന്നലെ രാത്രിയും കേട്ടു 'എങ്ക വീട്ടു പിള്ളൈ'യിലെ 'മലരുക്ക് തെന്‍ട്രല്‍'' എന്ന പാട്ട്. കണ്ണു നിറഞ്ഞു പോയി. ഞാന്‍ ഈശ്വരവിശ്വാസിയൊന്നുമല്ല. പക്ഷേ നിങ്ങളുടെ പാട്ട് കേള്‍ക്കുമ്പോള്‍ ഈശ്വരന്‍ ഉണ്ടെന്നു തോന്നും; ആ കാലുകളില്‍ നമസ്‌കരിക്കണമെന്നും..'' എന്തു മറുപടി പറയണമെന്ന് അറിയാതെ വികാരാധീനനായി നിന്നു, മനയങ്ങത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍. പിന്നെ, ഇടറിയ സ്വരത്തില്‍ ചുറ്റും നിന്നവരെ നോക്കി  പറഞ്ഞു: ''എന്തിനാ പത്മശ്രീയും പത്മവിഭൂഷണും ഒക്കെ? ഇതിലും വലിയ ഒരു അവാര്‍ഡ് ഉണ്ടോ?''

തൃശൂരിലെ ഒരു വിവാഹച്ചടങ്ങിനിടെ നടന്ന ആ പ്രതിഭാസംഗമത്തിന് സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ  അത്യപൂര്‍വ സൗഭാഗ്യങ്ങളില്‍ ഒന്ന്. പൊട്ടിച്ചിരിച്ചു കൊണ്ട്  ദേവരാജന്‍ മാസ്റ്റര്‍ അന്ന് നല്‍കിയ മറുപടി ഓര്‍മയുണ്ട്: ''എനിക്ക് തരാമെന്ന് പറഞ്ഞതാ പത്മശ്രീ. വേണ്ടെന്ന് ഞാനും പറഞ്ഞു. നിങ്ങള്‍ക്കൊന്നും കിട്ടാത്ത പത്മശ്രീ എനിക്കെന്തിനാ..'' മാഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ സ്‌നേഹോഷ്മളത മുഴുവന്‍ ഉണ്ടായിരുന്നു ആ വാക്കുകളില്‍. ജീവിതം മുഴുവന്‍ സിനിമക്കും സംഗീതത്തിനും സമര്‍പ്പിച്ചു കടന്നുപോയ ഈ രണ്ടു മഹാപ്രതിഭകളേയും ഒരു പത്മ അവാര്‍ഡിന് പോലും യോഗ്യരായി കണ്ടില്ലല്ലോ നമ്മുടെ സര്‍ക്കാര്‍ എന്ന ദുഃഖം മാത്രം ബാക്കി. 

പക്ഷേ, അത്തരം ബഹുമതികള്‍ക്കെല്ലാം അപ്പുറത്താണ് സംഗീതപ്രേമികളുടെ ഹൃദയത്തില്‍ എം.എസ് വിശ്വനാഥനുള്ള സ്ഥാനം എന്നതല്ലേ സത്യം? തമിഴകത്തിന്റെയോ ഇന്ത്യയുടെയോ മാത്രം സംഗീത സംവിധായകനായി എം.എസ്.വിയെ ചുരുക്കി കാണുന്നത് തെറ്റാണെന്ന് പറയും ഗായകന്‍ ജയചന്ദ്രന്‍. 'വിശ്വസംഗീതത്തില്‍ തന്നെ എംഎസ് വിക്ക് തുല്യം എം എസ് വി മാത്രം.'' പത്തു വര്‍ഷം മുന്‍പ് ചെന്നൈയില്‍ എം എസ് വിയുടെ  ആത്മകഥ പ്രകാശനം ചെയ്യവേ, വിഖ്യാത സംഗീത സംവിധായകന്‍ നൗഷാദ് പങ്കുവെച്ച അനുഭവമാണ് ഓര്‍മ വന്നത്. തമിഴില്‍  സൂപ്പര്‍ ഹിറ്റ് ആയ 'ആലയമണി'   ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍  തീരുമാനിച്ചപ്പോള്‍ സംഗീത സംവിധാനച്ചുമതല നൗഷാദ്   ഏറ്റെടുക്കണം എന്ന് നിര്‍മാതാവ് പി എസ് വീരപ്പയ്ക്കും സംവിധായകന്‍ ശങ്കറിനും നിര്‍ബന്ധം. ''ചെന്നൈയിലെ  ഏതോ തിയേറ്ററില്‍ വെച്ച് ആലയമണി കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി: ആര്‍ക്കും തൊടാന്‍ പോലും പറ്റാത്ത ഉയരങ്ങളില്‍ നില്‍ക്കുന്നു വിശ്വനാഥന്‍രാമമൂര്‍ത്തി ടീമിന്റെ ഈണങ്ങള്‍,'' നൗഷാദ് പറഞ്ഞു. ''എന്നെ ഈ ദൗത്യത്തില്‍ നിന്ന് ഒഴിവാക്കി തരണേ എന്ന് പലവട്ടം കെഞ്ചി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഹിന്ദി പതിപ്പായ 'ആദ്മി'ക്ക് വേണ്ടി  ഞാന്‍ സൃഷ്ടിച്ച ഈണങ്ങള്‍ ആലയമണിയിലെ പാട്ടുകളുടെ പിന്നിലേ നില്‍ക്കൂ.'' 

ഓര്‍ക്കാന്‍ രസമുണ്ട് ഇതേ പി എസ് വീരപ്പ തന്നെയാണ് ആലയമണിക്ക് വേണ്ടി വിശ്വനാഥന്‍ രാമമൂര്‍ത്തി സഖ്യം ഒരുക്കിയ പാട്ടുകള്‍ക്ക് നിലവാരം പോര എന്ന് ആദ്യം വിധിയെഴുതിയതും.   ജനകീയമല്ല അവ എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒടുവില്‍, സംവിധായകന്‍ ശങ്കറിന്റെ നിര്‍ബന്ധപ്രകാരം അതേ ഗാനങ്ങള്‍ (കല്ലെല്ലാം മാണിക്ക കല്ലാകുമാ, സട്ടി സുട്ടതടാ, പൊന്നൈ വിരുമ്പും...) സിനിമയില്‍ ഉള്‍പ്പെടുത്തിയതും അവ സൂപ്പര്‍ ഹിറ്റായി മാറിയതും ഇന്ന് ചരിത്രം. അത്തരം അനുഭവങ്ങള്‍ വേറെയുമുണ്ട് എം.എസ് വിയുടെ സംഗീത ജീവിതത്തില്‍. ''സ്വര്‍ഗ''ത്തില്‍ ടി എം സൗന്ദരരാജന്‍ പാടിയ ''പൊന്‍മകള്‍ വന്താള്‍'' എന്ന ഗാനം ആദ്യം കേട്ടപ്പോള്‍ ''തിരുപ്പുകഴ് ചൊല്ലും  പോലെ'' എന്ന് പറഞ്ഞു പരിഹസിച്ചയാളാണ് നായകനായ ശിവാജി ഗണേശന്‍. ''റിക്ഷാക്കാരനി'ലെ അഴകിയ തമിഴ് മകള്‍ എന്ന പാട്ടിന് വീര്യം പോരെന്നായിരുന്നു എം ജി ആറിന്റെ പരാതി. രണ്ടു സന്ദര്‍ഭത്തിലും  സംവിധായകര്‍  ഇടപെട്ടില്ലായിരുന്നെങ്കില്‍ പാട്ടുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേനെ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രകളില്‍ ഒന്നിന്റെ  അകമ്പടിയോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട എങ്കേ നിമ്മതി (പുതിയ പറവൈ) എന്ന ഗാനത്തിന്റെ കഥ വിശ്വനാഥന്റെ സംഗീത പങ്കാളി ടി കെ രാമമൂര്‍ത്തി ഒരിക്കല്‍ പങ്കുവെച്ചതിങ്ങനെ: ''നൂറോളം ഈണങ്ങളാണ് ആ പാട്ടിനു വേണ്ടി ഞങ്ങള്‍ സൃഷ്ടിച്ചത്. മാറ്റി മാറ്റി ചെയ്തിട്ടും തൃപ്തി വരുന്നില്ല ശിവാജി ഗണേശന്. ഒടുവില്‍ അര്‍ധമനസ്സോടെ ശിവാജി ഓക്കേ ചെയ്തതാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഈണം. സിനിമയില്‍ അത് ക്ലിക്ക് ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. പക്ഷേ പാട്ട് ജനം ഏറ്റടുത്തതോടെ ശിവാജി നിലപാട് മാറ്റി. ഞങ്ങളോട് ക്ഷമ ചോദിക്കാനും തയ്യാറായി അദ്ദേഹം.''

കണ്ണദാസന്റെ വരികളില്‍ നിന്നാണ് എം എസ് വിയുടെ ക്ലാസിക് ഗാനങ്ങള്‍ പലതും പിറന്നത്. അവയില്‍ നല്ലൊരു ശതമാനത്തിനും ശബ്ദം പകര്‍ന്നത് ടി.എം സൌന്ദരരാജനും. സിനിമയിലെ കഥാസന്ദര്‍ഭങ്ങളുമായി ചേര്‍ന്നു നില്‍ക്കുക മാത്രമായിരുന്നില്ല ഈ ഗാനങ്ങളുടെ ദൗത്യം.   കാലത്തിനപ്പുറത്തേക്ക് വളര്‍ന്ന ആ പാട്ടുകള്‍ തമിഴ് ജനതയുടെ ഹൃദയഗീതങ്ങളായി മാറി. 1955 നും 75 നും ഇടക്കുള്ള തമിഴകത്തിന്റെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക  ഭാഗധേയങ്ങള്‍ രൂപപ്പെടുത്തിയതില്‍ കണ്ണദാസന്‍ എം എസ് വി  ഗാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്; എം ജി ആറിനെ മക്കള്‍തിലകവും ശിവാജിയെ നടികര്‍തിലകവും ജമിനി ഗണേശനെ കാതല്‍മന്നനും ആയി വളര്‍ത്തിയതിലും. 1953  ലുള്ള ഒരു വ്യാഴവട്ടമായിരുന്നു വിശ്വനാഥന്‍  രാമമൂര്‍ത്തി കൂട്ടുകെട്ടിന്റെ  വസന്തകാലം. ശാന്തി, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ  1965ല്‍ രാമമൂര്‍ത്തിയുമായി പിരിഞ്ഞ വിശ്വനാഥന്‍ പിന്നീട് ഒറ്റയ്ക്ക്  സംഗീത സപര്യ തുടര്‍ന്നു.


 
ജനോവ (1953), ലില്ലി (1958) എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും ഭവിശ്വ സംഗീത'ത്തിന്റെ ഇന്ദ്രജാലം ആദ്യമായി മലയാളി മനസ്സിനെ തൊടുന്നത് ലങ്കാദഹനത്തിലെ (1971) പാട്ടുകളിലൂടെയാണ്. തമിഴ്‌നാട്ടിലെ ഏര്‍ക്കാട്ടുള്ള എം എസ് വിയുടെ ബംഗ്ലാവില്‍ വെച്ചായിരുന്നു പാട്ടുകളുടെ കമ്പോസിംഗ് എന്നോര്‍ക്കുന്നു ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി. ''മട്ട് (ട്യൂണ്‍) പോട്ടാല്‍ വരികള്‍ എഴുതാമോ?'' സംഗീത സംവിധായകന്റെ ആദ്യ ചോദ്യം. എഴുതി ഈണമിട്ടാല്‍ നന്നായിരിക്കുമെന്ന് വിനയപൂര്‍വം തമ്പിയുടെ മറുപടി. ''തമിഴിലെ പോലെ താളമേളങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഗാനങ്ങള്‍ ഇവിടെ എളുപ്പം സ്വീകരിക്കപ്പെടണം എന്നില്ല. മെലഡിയോടാണ് മലയാളികള്‍ക്ക് കമ്പം.'' എതിര്‍ത്തൊന്നും പറഞ്ഞില്ല എം എസ്  വി. ഒരൊറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്: ''എഴുതുമ്പോള്‍ നല്ല വലുപ്പത്തില്‍ എഴുതണം. എനിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ. മലയാളം എളുപ്പം വായിച്ചെടുക്കാന്‍ കഴിയണം എന്നില്ല.''

പക്ഷേ, എം എസ് വിയുടെ ''വിദ്യാഭ്യാസം'' മുഴുവന്‍, ഈണങ്ങള്‍ വന്നു നൃത്തം വെക്കുന്ന ആ വിരല്‍ത്തുമ്പിലാണെന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ശ്രീകുമാരന്‍ തമ്പി. 'ലങ്കാദഹന'ത്തില്‍ തമ്പി  എം എസ് വി ടീം ഒരുക്കിയ പാട്ടുകള്‍ ഒന്നൊഴിയാതെ ഹിറ്റായി ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി, സ്വര്‍ഗനന്ദിനി സ്വപ്ന വിഹാരിണി, നക്ഷത്ര രാജ്യത്തെ (യേശുദാസ്), തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, പഞ്ചവടിയിലെ (ജയചന്ദ്രന്‍)... പടം ഹിറ്റാകുകയും പാട്ടുകള്‍ ജനപ്രീതി നേടുകയും ചെയ്ത ശേഷം മലയാളത്തിലെ ഒരു പ്രമുഖ സിനിമാ വാരികയില്‍ അടിച്ചു വന്ന നിരൂപണത്തിലെ ചില വരികള്‍  സ്വതസിദ്ധമായ ശൈലിയില്‍ നര്‍മം കലര്‍ത്തി എം എസ് വി ഓര്‍മയില്‍ നിന്ന് ഉദ്ധരിച്ചത്  ഓര്‍ക്കുന്നു: ''പ്രതിഭാ സമ്പന്നരായ മലയാളികള്‍ ഇവിടെ വേണ്ടുവോളം ഉള്ളപ്പോള്‍, നല്ല പാട്ടുണ്ടാക്കാന്‍ ഒരു തമിഴന്റെ കാല്‍ക്കല്‍ ചെന്ന് വീഴേണ്ട കാര്യമുണ്ടായിരുന്നോ ലങ്കാദഹനത്തിന്റെ അണിയറക്കാര്‍ക്ക്? മലയാളികള്‍ക്ക് ഒട്ടും ഭൂഷണമല്ല ഇത്..''   ധാര്‍മികരോഷം തുളുമ്പുന്ന വാക്കുകള്‍. ചിരിക്കാതെന്തു ചെയ്യും? പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ ജനിച്ച് കണ്ണൂരില്‍ വളര്‍ന്ന് തമിഴകത്തേക്ക് കുടിയേറിയ അസ്സല്‍ മലയാളിയാണ് ഈ വിശ്വനാഥനെന്ന് പാവം നിരൂപകകേസരിക്ക് അറിയില്ലല്ലോ. 

ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ നിന്നാണ് മലയാളത്തില്‍ എം എസ് വി ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ മിനഞ്ഞത്. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, പുഷ്പാഭരണം, രാജീവനയനേ, സ്വര്‍ഗമെന്ന കാനനത്തില്‍  (ചന്ദ്രകാന്തം), സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പ്പം, ആകാശരൂപിണി  (ദിവ്യദര്‍ശനം), അറബിക്കടലിളകി വരുന്നു, മലരമ്പനെഴുതിയ (മന്ത്രകോടി), അയല പൊരിച്ചതുണ്ട്, എന്റെ രാജകൊട്ടാരത്തിന് (വേനലില്‍ ഒരു മഴ), സത്യനായകാ (ജീവിതം ഒരു ഗാനം) എന്നീ ഗാനങ്ങള്‍ ഉദാഹരണം. ജയചന്ദ്രന് സംസ്ഥാന അവാര്‍ഡ് ആദ്യമായി നേടിക്കൊടുത്ത സുപ്രഭാതം (പണി തീരാത്ത വീട്) ഉള്‍പ്പെടെ ക്ലാസിക്കുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചു വയലാര്‍  വിശ്വനാഥന്‍ സഖ്യം: വീണപൂവേ, അഷ്ടപദിയിലെ നായികേ (ജീവിക്കാന്‍ മറന്നു പോയ സ്ത്രീ), നിശീഥിനി (യക്ഷഗാനം) എന്നീ ഗാനങ്ങള്‍ ഓര്‍ക്കുക. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (ബാബുമോനിലെ നാടന്‍ പാട്ടിന്റെ മടിശ്ശീല, പദ്മതീര്‍ഥക്കരയില്‍, സ്‌നേഹത്തിന്റെ മുഖങ്ങളിലെ ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, ഓര്‍മകള്‍ മരിക്കുമോയിലെ ചന്ദ്രമദത്തിന്റെ), പി ഭാസ്‌കരന്‍ (ആയിരം ജന്മങ്ങളിലെ

മുല്ലമാല ചൂടിവന്ന, ഏഴാം കടലിനക്കരെയിലെ മധുമാസം ഭൂമിതന്‍), യൂസഫലി കേച്ചേരി (പഞ്ചമിയിലെ രജനീഗന്ധി വിരിഞ്ഞു), കാവാലം (മര്‍മരത്തിലെ അംഗം പ്രതി അനംഗന്‍, കര്‍ണ്ണാമൃതം കണ്ണന്), ബിച്ചു തിരുമല (രണ്ടു പെണ്‍കുട്ടികളിലെ ശ്രുതിമണ്ഡലം, ഞായറും തിങ്കളും)  തുടങ്ങിയവര്‍ക്കൊപ്പവും ഹിറ്റുകളില്‍ പങ്കാളിയായി വിശ്വനാഥന്‍. സംഗീത സംവിധായകനായ എം എസ് വിയോളം തന്നെ പ്രിയങ്കരനാണ് മലയാളികള്‍ക്ക് ഗായകനായ എം എസ് വിയും. കണ്ണുനീര്‍ത്തുള്ളിയെ (പണി തീരാത്ത വീട്), ഉദിച്ചാല്‍ അസ്തമിക്കും (ചന്ദ്രകാന്തം), ഹൃദയവാഹിനീ, പ്രഭാതമല്ലോ നീ (ദിവ്യദര്‍ശനം), ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം (അമ്മേ അനുപമേ) എന്നീ ഗാനങ്ങളെ വേറിട്ട ശ്രവ്യാനുഭവങ്ങളാക്കിയത് ആ ശബ്ദ ഗാംഭീര്യം തന്നെ.

തമിഴില്‍ യേശുദാസിന്റെ ഏറ്റവും മികച്ച ആദ്യകാല ഗാനങ്ങള്‍ പലതും നാം കേട്ടത് എം എസ് വിയുടെ ഈണത്തിലാണ്: തങ്കത്തോണിയിലെ (ഉലകം ചുറ്റും വാലിബന്‍), ദൈവം തന്ത വീട് (അവള്‍ ഒരു തുടര്‍ക്കഥ), വിഴിയേ കഥയെഴുത് (ഉരിമൈ കുരല്‍), മലരേ കുറിഞ്ചി മലരേ  (ഡോക്ടര്‍ ശിവ), അതിശയരാഗം (അപൂര്‍വ രാഗങ്ങള്‍), മനൈവി അമൈവതെല്ലാം (മന്മഥ ലീലൈ)...അനന്തമായി നീളുന്നു ആ പട്ടിക. ''മണിപ്പയല്‍'' (1973) എന്ന ചിത്രത്തിലെ തങ്കച്ചിമിഴ് പോല്‍ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെ തമിഴില്‍ അവതരിപ്പിച്ചതും എം എസ്  വി തന്നെ.

ഇളയരാജയുടെ ഉദയത്തോടെയാണ് തമിഴ് സിനിമയില്‍  എം എസ്  വി യുഗം അസ്തമിച്ചു തുടങ്ങിയത് എന്നത് യാദൃഛികമാകാനിടയില്ല. മാറുന്ന കാലത്തെയും അഭിരുചികളെയും ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നു എം എസ് വിയുടെ മനസ്സ്. സിനിമാ സംഗീതം രാജയില്‍ നിന്ന് റഹ്മാനിലേക്കും റഹ്മാനില്‍ നിന്ന് യുവന്‍ ശങ്കര്‍ രാജ ജി വി പ്രകാശ് അനിരുദ്ധ് യുഗത്തിലേക്കും വളര്‍ന്നിരിക്കാം. പക്ഷേ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എം എസ് വി സൃഷ്ടിച്ച ഈണങ്ങളുടെ ഇന്ദ്രജാലത്തിന് ഇന്നുമില്ല മങ്ങല്‍. റീമിക്‌സുകളിലൂടെ, കവര്‍ വേര്‍ഷനുകളിലൂടെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സഞ്ചരിക്കുന്നു ആ പാട്ടുകള്‍.

പഴയ ജനപ്രിയ ഗാനങ്ങള്‍ പുതിയ കുപ്പിയിലാക്കി വില്‍ക്കാന്‍ വെക്കുന്നതിലെ 'ധാര്‍മികത'യെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ എം എസ് വി പറഞ്ഞു: 'റീമിക്‌സുകള്‍ നല്ലതോ കെട്ടതോ എന്ന് ജനം തീരുമാനിക്കട്ടെ. വിവാദങ്ങള്‍ക്കൊന്നും ഞാനില്ല. പാട്ടുണ്ടാക്കിക്കഴിഞ്ഞാല്‍ അതങ്ങ് മറന്നു കളയുകയാണ് എന്റെ പതിവ്. ജനങ്ങളാണ് പിന്നെ ആ പാട്ടിന്റെ ഉടമസ്ഥര്‍. അവരുടെ സന്തോഷമാണ് എന്റെ സന്തോഷം... .'' താന്‍ ഈണമിട്ട് എസ് പി ബാലസുബ്രഹ്മണ്യം പാടി അനശ്വരമാക്കിയ ഒരു പഴയ പാട്ടിന്റെ പല്ലവി മൂളുന്നു മെല്ലിശൈ മന്നന്‍:   'എങ്കേയും എപ്പോതും സംഗീതം സന്തോഷം...''