ബാബുരാജിന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനമേതെന്ന് ചോദിച്ചാല്‍, മകന്‍ ജബ്ബാറിന് പെട്ടെന്നൊരു ഉത്തരം പറയാന്‍ സാധിക്കില്ല. വിടപറഞ്ഞ് 43 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ ഈണങ്ങള്‍ തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. നാല് പതിറ്റാണ്ടുകള്‍ എന്നത് ഒരു വലിയ കാലയളവാണെങ്കിലും പിതാവിന്റെ വിയോഗത്തിന്റെ ശൂന്യത ജബ്ബാറിന് വല്ലാതെ അനുഭവപ്പെടാറില്ല. അതിനുള്ള കാരണം അദ്ദേഹം പറയുന്നതിങ്ങനെ... 

രാവിലെ റേഡിയോ വക്കുമ്പോള്‍ ഒട്ടുമിക്ക ദിവസങ്ങളിലും കേള്‍ക്കാം 'ഒരു പുഷ്പം മാത്രമെന്‍, താമസമെന്തേ വരുവാന്‍​', 'പ്രാണസഖി ഞാന്‍ വെറുമൊരു '.... ടൗണിലേക്കിറങ്ങിയാല്‍ ബാബുരാജ് മ്യൂസിക് നൈറ്റിന്റെ ഫ്‌ലക്‌സുകളും ബോര്‍ഡുകളും- ജബ്ബാര്‍ പറയുന്നു. ബാബുരാജ് മരിക്കുമ്പോള്‍ ജബ്ബാറിന് 13 വയസ്സായിരുന്നു പ്രായം. പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലെത്തിയില്ലെങ്കിലും ഹാര്‍മോണിയവുമായി കോഴിക്കോട്ടെ സംഗീതസദസ്സുകളില്‍ സജീവമാണ് ജബ്ബാര്‍. ബാബുരാജിന്റെ ഓര്‍മകളിലൂടെ... 

"തിരക്കുകള്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം മാറ്റിവയ്ക്കാറുണ്ടായിരുന്നു ഉപ്പ. അന്നത്തെ കാലത്ത് ചെന്നൈയിലായിരുന്നു റെക്കോഡിങ് അധികവും. ഒഴിവുസമയങ്ങളില്‍ മിഠായിയും സമ്മാനങ്ങളുമായി വീട്ടിലേക്ക് വരും. ഒട്ടും കാര്‍ക്കശ്യക്കാരനായിരുന്ന പിതാവായിരുന്നില്ല അദ്ദേഹം. വികൃതി കാണിക്കുമ്പോള്‍ തല്ലുകയോ ശാസിക്കുകയോ ചെയ്യാറില്ലായിരുന്നു. വളരെ സൗമ്യമായി ഉപദേശിക്കുകയേ പതിവുള്ളൂ. ഞങ്ങള്‍ ഒന്‍പത് മക്കളായിരുന്നു. അതില്‍ ആറ് പെണ്‍കുട്ടികളും. പെണ്‍മക്കളോടായിരുന്നു ഉപ്പയ്‌ക്കേറെ വാത്സല്യം. കോഴിക്കോട്ടെ വീട്ടില്‍ ഉപ്പ വരുമ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളുമായി ഒരുപാടാളുകള്‍ അദ്ദേഹത്തെ തേടിവരും. വൈകുന്നേരങ്ങളില്‍ പാട്ടും മേളവുമായി എല്ലാവരും ഒത്തുകൂടും. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രന്‍, പി. സുശീല, കമുകറ പുരുഷോത്തമന്‍ തുടങ്ങിയവരെല്ലാം കോഴിക്കോട് വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. 

"അന്നൊക്കെ മഴക്കാലത്ത് വീട് പൊളിഞ്ഞു വീഴുന്നതെല്ലാം പതിവ് സംഭവങ്ങളായിരുന്നു. ഓലവീടുകള്‍ ധാരാളം ഉണ്ടായിരുന്ന സമയമായിരുന്നു. നാട്ടില്‍ ആരുടെയെങ്കിലും വീടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉപ്പ അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരും. എന്നിട്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ വീട്ടില്‍ താമസിപ്പിക്കും. പെണ്‍മക്കളുടെ വിവാഹത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ഒട്ടേറെയാളുകളെ ഉപ്പ സഹായിച്ചിട്ടുണ്ട്. ഒരിക്കലും പൈസ കണക്കുപറഞ്ഞു വാങ്ങുന്ന ഒരാളായിരുന്നില്ല ഉപ്പ. അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാവര്‍ക്കും അതറിയാം. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സംഗീതം മാത്രമായിരുന്നു അദ്ദേഹത്തിനെല്ലാം. ഉപ്പയുടെ ഈ സ്വഭാവത്തെ ചൂഷണം ചെയ്യുന്നവരുമുണ്ടായിരുന്നു. അദ്ദേഹം അത് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

MS Baburaj death anniversary Son Jabbar remembers his father Legacy evergreen hits
ബാബുരാജ് ഗായകരായ യേശുദാസിനും പ്രേമയ്ക്കുമൊപ്പം

"ഞാന്‍ കല്ലായിയിലെ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഉപ്പയുടെ മരണം. ഞാന്‍ സ്‌കൂളിലായിരിക്കുന്ന സമയത്ത് ഒരാള്‍ എന്നെ അന്വേഷിച്ച് വന്നു. ഉപ്പയ്ക്ക് അസുഖമാണെന്ന് ടെലഗ്രാം വന്നു, വൈകാതെ ചെന്നൈയിലേക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ഉമ്മ കരയുകയായിരുന്നു. ഞാനും ഉമ്മയും നാല് വയസ്സുള്ള എന്റെ ഇളയസഹോദരിയും ചെന്നൈയിലേക്ക് വണ്ടി കയറി. സ്‌ടോക്ക് വന്ന് ഗുരുതരാവസ്ഥയിരുന്നു ഉപ്പ. മുടിയെല്ലാം വടിച്ചുകളഞ്ഞ് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകളും അവിടെ നടക്കുകയായിരുന്നു. കുട്ടികളായ ഞങ്ങളെ അവിടെ നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിവൃത്തിയില്ലാതെ സഹോദരിയെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച്, ഉമ്മ ഞങ്ങളെ നാട്ടിലേക്ക് വണ്ടികയറ്റി വിട്ടു. എനിക്കന്ന് പതിമൂന്ന് വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉപ്പയുടെ മരണവാര്‍ത്ത ഞങ്ങളെ തേടിയെത്തി. ഉപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രേംനസീറായിരുന്നു. അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കുകയില്ല.

MS Baburaj death anniversary Son Jabbar remembers his father Legacy evergreen hits
ബാബുരാജ്, ഭാര്യ ബിച്ച ബാബുരാജ്

"ബാബുരാജിനെ ഒരുപാട് സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ സ്‌നേഹം ഉപ്പയുടെ മരണശേഷവും നിലനിന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ബാബുക്കയുടെ അടുത്ത സുഹൃത്തായിരുന്നു എന്ന് നാലാള്‍ കൂടുമ്പോള്‍ പൊങ്ങച്ചം പറയുന്നവരെയും കണ്ടിട്ടുണ്ട്. ഉപ്പയുടെ പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ച് പൈസയുണ്ടാക്കുന്നവരുമുണ്ട്. ഞാനിപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്, അതിലെനിക്ക് യാതൊരു സങ്കടവുമില്ല. അധ്വാനിച്ചാണ് ജീവിക്കുന്നത്. ബാബുരാജിന്റെ മകന്‍ കഷ്ടപ്പാടിലാണ്, അയാളെ സഹായിക്കണമെന്ന്‌ പൊതുവേദിയില്‍ ഒരാള്‍ എന്നോട് അനുവാദം പോലും ചോദിക്കാതെ പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. അതെല്ലാം എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. അതുപോലെ ബാബുരാജിന്റെ ബന്ധുക്കളാണെന്ന് പറഞ്ഞ് അദ്ദേഹത്തെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പറഞ്ഞ് അഭിമുഖം കൊടുക്കുന്നവരുമുണ്ട്. 

MS Baburaj death anniversary Son Jabbar remembers his father Legacy evergreen hits

"ഉപ്പയില്‍നിന്ന് പകര്‍ന്നുകിട്ടിയ സംഗീതം തന്നെയാണ് എന്റെ ജീവിതം. കര്‍ണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഉപ്പയുടെ പ്രതിഭ എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ പാട്ടുകള്‍ ഹാര്‍മോണിയത്തില്‍ വായിക്കാന്‍ ശ്രമിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ പാട്ടുകളിലെ ചില നോട്ടുകള്‍ കേള്‍ക്കുന്നവര്‍ക്ക് ലളിതമായി തോന്നുമെങ്കിലും അത് വായിക്കാന്‍ അത്ര എളുപ്പമല്ല. കോവിഡ് വന്നതോടെ സംഗീത പരിപാടികള്‍ കുറഞ്ഞു. അദ്ദേഹത്തിന്റെ പേരില്‍ എല്ലാവര്‍ഷവും പുരസ്‌കാരം നല്‍കിവരുന്നതും കോവിഡോടെ നിലച്ചു. എല്ലാം പതിയെ സജീവമായി വരുന്നു. ഉമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സഹോദരിക്കൊപ്പം കൊണ്ടോട്ടിയിലാണ്. വയ്യാതെ കിടപ്പിലായി. ഉമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ച് തന്നു."

Content Highlights: MS Baburaj death anniversary Son Jabbar remembers his father Legacy evergreen hits