
മികച്ച ഗാനങ്ങളാല്‍ തന്റെ സിനിമകളെ ജനകീയമാക്കുന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്‍, ഇളയരാജ തുടങ്ങിയ പ്രതിഭകളാണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രങ്ങള്‍ക്ക് ഇതുവരെ സംഗീതം നല്‍കിയിട്ടുള്ളത്. അദേഹത്തിന്റെ ''നടുനിസി നായഗള്‍'' എന്ന ചിത്രത്തിനാവട്ടെ സംഗീത സംവിധായകന്‍ ഉണ്ടായിരുന്നുമില്ല.
എന്നാല്‍ ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രം യെന്നൈ നോക്കി പായും തോട്ടൈ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ചിത്രത്തിന്റെ അജ്ഞാതനായ സംഗീതസംവിധായകന്റെ പേരിലാണ്.
ധനുഷ്, റാണാ ദഘുബട്ടി, മേഘ ആകാശ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിലെ ഒരൊറ്റ ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ''മറുവാര്‍ത്തൈ പേസാതെ....'' എന്ന് തുടങ്ങുന്ന ആ ഗാനം പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കകം നാല്‍പ്പത് ലക്ഷം പേരാണ് കണ്ടത്. മികച്ച വരികള്‍, കര്‍ണാടിക് ടച്ചുള്ള സംഗീതം, മാസ്മരികമായ ആലാപനം ഇവയെല്ലാം ആസ്വാദകര്‍ ഈ ഗാനത്തിന്റെ ഗുണങ്ങളായി എടുത്തു പറയുന്നുണ്ട്.
മറുവാര്‍ത്തൈ പേസാതെ ഇത്രവലിയൊരു ഹിറ്റായിട്ടും ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇനിയും തയ്യാറായിട്ടില്ല. യൂട്യൂബ് ട്രന്‍ഡിംഗിന്റെ ടോപ്പ് ലിസ്റ്റില്‍ തുടരുന്ന ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് താമരെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാമും. എന്നാല്‍ സംഗീതസംവിധായകന്റെ പേരിന്റെ സ്ഥാനത്ത് യൂട്യൂബില്‍ ''മിസ്റ്റര്‍ എക്‌സ്'' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എആര്‍ റഹ്മാന്‍, ഹാരിസ് ജയരാജ്, സന്തോഷ് നാരായണന്‍ എന്നിവരില്‍ ആരെങ്കിലുമാവാം ''മിസ്റ്റര്‍ എക്‌സ്'' എന്ന് ആരാധകരില്‍ ഒരു വിഭാഗം പ്രവചിക്കുന്നുണ്ട്. അതേസമയം എം ശശികുമാറിന്റെ കിടാരി എന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ച ദാര്‍ബുക ശിവയാണ് മിസ്റ്റര്‍ എക്‌സെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കണ്ടെത്തല്‍.ഗാനം ആലപിച്ച സിദ്ധി ശ്രീറാം തന്നെ സംഗീതം നിര്‍വഹിച്ചിരിക്കാനുള്ള സാധ്യതയും ചിലര്‍ മുന്‍പോട്ട് വയ്ക്കുന്നുണ്ട്. നേരത്തെ സിദ്ധ് ആലപിച്ച യെന്നോട് നീ ഇരുന്താല്‍, തള്ളി പോഗാതെ എന്നീ ഗാനങ്ങളും വന്‍ഹിറ്റായിരുന്നു.