പിറന്നാൾദിനത്തിൽ മോഹൻലാൽ ആരാധകർക്ക് സമ്മാനമായി 'മരക്കാർ അറബിക്കടലിന്റെ സിംഹം'  എന്ന പ്രിയദർശൻ ചിത്രത്തിലെ പുതിയ ഗാനം. 'ചെമ്പിന്റെ ചേലുള്ള' എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. പ്രിയദർശന്റെ വരികൾക്ക് റോണി റാഫേൽ ആണ് സംഗീതം. വിഷ്ണുരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകർ ഗാനം ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിക്കുന്നത്. ഒരു മിനിറ്റും ഏഴ് സെക്കന്റുമാണ് പാട്ടിന്റെ ദൈർഘ്യം. മോഹൻലാലിന്റെ 61-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും.

പ്രിയനടന് സിനിമാലോകവും ആരാധകരും പല രീതിയിലുള്ള ആശംസകളാണ് നേരുന്നത്. മരക്കാർ സിനിമയിലെ ഗാനത്തിന്റെ റിലീസും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയാണ്. മൂന്ന് ദേശീയ പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, സിദ്ദിഖ്, ഇന്നസെന്റ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അഞ്ച് ഭാഷകളിലായി അമ്പതിലധികം രാജ്യങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ.

Content highlights :mohanlal priyadarsan movie marakkar arabikadalinte simham new song lyrical video out