സം​ഗീതയാത്രയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ​ഗാന​ഗന്ധർവ്വൻ യേശുദാസിന് ആദരമർപ്പിച്ച് നടൻ മോഹൻലാൽ. തന്റെ പ്രിയഗാനങ്ങൾ കൊണ്ടുള്ള ഗാനാഞ്ജലിയാണ് മോഹൻലാൽ യേശുദാസിന് സമർപ്പിക്കുന്നത്. 

‘കാൽപ്പാടുകൾ’ എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചത്. തിരനോട്ടം മുതൽ വില്ലൻ വരെയുള്ള ചിത്രങ്ങളിൽ യേശുദാസ് പാടിയ പ്രിയപ്പെട്ട ഗാനങ്ങൾ ഓർത്തു പാടികൊണ്ടാണ് മോഹൻലാലിന്റെ വീഡിയോ. 

സിനിമയിൽ എത്തുന്നതിനു മുന്നേ യേശുദാസിന്റെ ആരാധകൻ ആയിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. "സംഗീതം എന്നാൽ യേശുദാസ് തന്നെയാണ്, ​ദാസേട്ടൻ എന്റെ മാനസ​ഗുരുവാണ്, അദ്ദേഹത്തിന്റെ കച്ചേരികളുടെ കാസറ്റുകൾ ഞാൻ രഹസ്യമായി കണ്ടു,. അത് അദ്ദേഹത്തെ പോലെ പാടാനോ അനുകരിക്കാനോ അല്ല. ഭരതം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിൽ കച്ചേരി രംഗങ്ങളിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കച്ചേരികൾ കണ്ടത് ഗുണം ചെയ്തു. അത് നന്നായെന്ന് ആളുകൾ പറയുന്നതിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ആയിരം കൊല്ലങ്ങൾ കഴിഞ്ഞാലും ആ നാദം ഈ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും..." മോഹൻലാൽ പറയുന്നു.

പ്രിയപ്പെട്ട ദാസേട്ടന്റെ ശബ്‌ദത്തിൽ ഏകാന്തതയിൽ സ്വർഗം എന്തെന്നറിയുന്നു. മനസിൽ നന്മകൾ നിറയുന്നു. വേദനകൾ മറക്കുകയും തന്റെ എളിയ ജീവിതം അർത്ഥപൂർണമായെന്നും മോഹൻലാൽ പറയുന്നു.

‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടിക്കൊണ്ട് 1961 നവംബർ 14നാണ്‌ യേശുദാസ് മലയാള പിന്നണി ​ഗാനരം​ഗത്ത് ഹരിശ്രീ കുറിക്കുന്നത്.

Content Highlights : Mohanlal Music Tribute KJ Yesudas Celebrates sixty years of music career