സ്വരാംഗനകളെ നൃത്തം ചെയ്യിച്ചിരുന്ന മാന്ത്രിക വിരലുകള്‍ ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ തളര്‍ന്നു മയങ്ങുന്നു. വിറങ്ങലിച്ച ആ വിരലുകളുടെ ഉടമ കണ്ണീരടക്കാനാവാതെ, സംസാരിക്കാന്‍ പോലുമാകാതെ തലകുനിച്ചിരിക്കുന്നു.
``എന്റെ മനസ്സിനെ ഇന്നും നൊമ്പരപ്പെടുത്തുന്ന ചിത്രമാണത്'' സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍. എങ്ങനെ നൊമ്പരപ്പെടാതിരിക്കും? മെലഡിയുടെ സുല്‍ത്താനായ ബാബുരാജാണ് മുന്നില്‍. മിന്നല്‍വേഗത്തില്‍ ആ വിരലുകള്‍ ഹാര്‍മോണിയത്തില്‍ ഒഴുകിനടക്കുന്നത് ആരാധന നിറഞ്ഞ കണ്ണുകളോടെ വീര്‍പ്പടക്കി കണ്ടുനിന്നിട്ടുണ്ട് കുട്ടിക്കാലത്ത് ഹരിഹരന്‍. ആ ഇന്ദ്രജാലം ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ വേണ്ടിയാണ് താന്‍ തന്നെ നിര്‍മ്മിച്ച് കഥയെഴുതി സംവിധാനം ചെയ്യുന്ന ``യാഗാശ്വം'' എന്ന ചിത്രത്തിന്റെ സംഗീതസംവിധാന ചുമതല ബാബുരാജിനെ ഏല്‍പ്പിച്ചതും.
മിക്കവാറും സിനിമയുടെ പുറമ്പോക്കില്‍ ഒതുങ്ങിപ്പോയിരുന്നു അപ്പോഴേക്കും ബാബുരാജ്. പഴയ തിരക്കും ബഹളവും മധുപാന സദസ്സുകളുടെ `വാഹ് വാഹ് ' വിളികളുമില്ല. നടവരവുള്ള കോവിലിലല്ലേ സിനിമാക്കാര്‍ ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്ന പതിവുള്ളൂ. ഏകാന്തതയിലേക്ക് ഒതുങ്ങിക്കൂടുമ്പോഴും ബാബുരാജിന്റെ മനസ്സില്‍ ഈണങ്ങളുടെ പെരുമഴ പെയ്‌തൊടുങ്ങിയിരുന്നില്ല. പക്ഷേ കയ്യില്‍ പടവും കീശയില്‍ കറന്‍സിയും ഇല്ലെങ്കില്‍ ഈണങ്ങള്‍ കൊണ്ടെന്തു കാര്യം?
'എന്റെ ആദ്യ ചിത്രമായ ലേഡീസ് ഹോസ്റ്റലില്‍ പാട്ടൊരുക്കിയത് ബാബുരാജ് ആണ്. എത്ര മനോഹരമായിരുന്നു ആ പാട്ടുകള്‍. പ്രത്യേകിച്ച്, ജീവിതേശ്വരിക്കേകുവാന്‍ ഒരു പ്രേമലേഖനമെഴുതി... യാഗാശ്വത്തിലൂടെ ബാബുരാജിന് ഒരു തിരിച്ചുവരവിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം '- ഹരിഹരന്‍ പറയുന്നു. 'മറ്റൊരു ഗൂഢോദ്ദേശ്യം കൂടി ഉണ്ടായിരുന്നു ഉള്ളില്‍. ആ വിരലുകള്‍ ഹാര്‍മോണിയവുമായി സല്ലപിക്കുന്നത് ഒരിക്കല്‍ കൂടി കാണുക.' മദ്രാസ് അശോക ഹോട്ടലില്‍ കമ്പോസിംഗിനായി ബാബുരാജിനെ കാത്തിരിക്കുമ്പോള്‍ ഹരന്റെ മനസ്സ് മൂളിയത് തനിക്കേറ്റവും പ്രിയപ്പെട്ട ആ ബാബുരാജ് ഗാനത്തിന്റെ പല്ലവി തന്നെ: ``താമസമെന്തേ വരുവാന്‍ പ്രാണസഖി എന്റെ മുന്നില്‍ ....';'
ഒടുവില്‍ ബാബുരാജ് വന്നു. ആര്‍ഭാടപൂര്‍ണ്ണമായി വസ്ത്രം ധരിച്ച്, അന്തരീക്ഷത്തില്‍ യൂഡികൊളോണിന്റെ സുഗന്ധം പരത്തി ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് പുകച്ച് ചുറുചുറുക്കോടെ നടന്നുവരുന്ന ആ പഴയ രാജകുമാരനല്ല. ജീവിതം നല്‍കിയ കനത്ത തിരിച്ചടികളുടെ ആഘാതത്തില്‍ തളര്‍ന്നു തുടങ്ങിയ ബാബുരാജ്. ഒരു സ്‌ട്രോക്ക് ഏല്‍പ്പിച്ച ഞെട്ടലില്‍ നിന്ന് അപ്പോഴും വിമുക്തനായിരുന്നില്ല അദ്ദേഹം. മാഞ്ഞുപോയൊരു സുവര്‍ണ്ണ കാലത്തിന്റെ അവശേഷിക്കുന്ന തുടിപ്പെന്നോണം ക്ഷീണിതമായ മുഖത്ത് ആ പഴയ നിഷ്‌കളങ്കമായ പുഞ്ചിരി മാത്രം അവശേഷിച്ചിരുന്നു എന്നോര്‍ക്കുന്നു ഹരിഹരന്‍.
മങ്കൊമ്പ് ഗോപാലകൃഷ്ണനും യൂസഫലി കേച്ചേരിയുമാണ് ഗാനരചയിതാക്കള്‍. `പാട്ടുകള്‍ ചിട്ടപ്പെടുത്തേണ്ട ഘട്ടമെത്തിയപ്പോള്‍ ബാബുരാജ് സഹായിയായ മുത്തുവിനെ വിളിച്ച് ഹാര്‍മോണിയത്തിന്റെ മുന്നിലിരുത്തി. ബാബുക്ക ഈണം പാടിക്കൊടുക്കുമ്പോള്‍ മുത്തു പെട്ടി വായിക്കും. പതിവില്ലാത്ത ഏര്‍പ്പാട്. വല്ലാത്ത നിരാശ തോന്നിയെന്ന് ഹരിഹരന്‍. അസിസ്റ്റന്റിനെ വെച്ച് കംപോസ് ചെയ്യുന്നതല്ലല്ലോ ബാബുക്കയുടെ ശൈലി. ``ഇതെന്താണിത് ബാബുക്കാ.. നിങ്ങള് പെട്ടിവായിക്കുന്നത് കാണാന്‍ വേണ്ടിയല്ലേ ഇവിടെ വിളിച്ചു വരുത്തിയത്. എന്നിട്ടിപ്പോ ...'
അമ്പരന്നുപോയ മെലഡിയുടെ ചക്രവര്‍ത്തി ദയനീയമായി സംവിധായകനെ നോക്കുന്നു. പിന്നെ, രണ്ടും കല്‍പ്പിച്ച് ഹാര്‍മോണിയം മുന്നിലേക്ക് നീക്കിവെക്കുന്നു. രാമുകാര്യാട്ടിന്റെ ഭാഷയില്‍ ``ബാബുരാജാവിന്റെ ദര്‍ബാര്‍'' തുടങ്ങാന്‍ സമയമായി.
പക്ഷേ, ഹരിഹരന്റെ ഓര്‍മ്മകളെ ദീപ്തമാക്കുന്ന പഴയ ബാബുരാജ് `സദിരു'കളുടെ നിഴല്‍ മാത്രമായിരുന്നു ആ ദര്‍ബാര്‍. ശരിക്കും ഒരു നൊമ്പരക്കാഴ്ച. കുട്ടിക്കാലം മുതലേ ആത്മാവിന്റെ ഭാഗമായി കൊണ്ടുനടന്ന ഹാര്‍മോണിയത്തില്‍ സ്വരസ്ഥാനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയാതെ കുഴങ്ങി ബാബുരാജിന്റെ വിരലുകള്‍. മാന്ത്രികമായ പഴയ ചലനശേഷി നഷ്ടപ്പെട്ടിരുന്നു അവയ്ക്ക്. ദീര്‍ഘനേരത്തെ `യുദ്ധ'ത്തിനു ശേഷം ജാള്യതയോടെ, വേദനയോടെ, ആത്മരോഷത്തോടെ തലകുനിച്ചിരുന്നു ബാബുരാജ്. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവെന്ന് ഹരിഹരന്‍. ``എന്ത് പറയണം എന്നറിയില്ലായിരുന്നു എനിക്ക്. ബാബുക്കയെ പെട്ടി വായിക്കാന്‍ നിര്‍ബന്ധിച്ചതില്‍ വല്ലാത്ത കുറ്റബോധം തോന്നി. സ്ട്രോക്കിന്റെ പാര്‍ശ്വഫലങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തെ കാര്യമായി ബാധിച്ചിരുന്നു എന്ന് അന്നാണ് മനസ്സിലായത്.''
വേണമെങ്കില്‍ ബാബുരാജിന് ആ നിമിഷം തോല്‍വി സമ്മതിച്ച് പിന്മാറാമായിരുന്നു. പക്ഷേ ഉള്ളിന്റെയുള്ളില്‍ ആ പഴയ സുല്‍ത്താന്റെ വീറും വാശിയും അന്തസ്സും അഭിമാനബോധവും കെട്ടടങ്ങിയിരുന്നില്ല. വിറങ്ങലിച്ച വിരലുകളാല്‍ തന്നെ ഹാര്‍മോണിയം വായന തുടര്‍ന്നു അദ്ദേഹം. വേദന കടിച്ചമര്‍ത്തി ബാബുരാജ് ഒന്നൊന്നായി ഈണങ്ങള്‍ മിനഞ്ഞെടുക്കുന്നത് നിശബ്ദരായി കണ്ടിരുന്നു ഹരിഹരനും മങ്കൊമ്പും. ``വേണ്ടെന്നു പറഞ്ഞാലും അദ്ദേഹം വഴങ്ങുമായിരുന്നില്ല. അതായിരുന്നു ബാബുരാജ്. സ്‌നേഹത്തിനു മുന്നില്‍ നിരായുധനാകുമായിരുന്ന യഥാര്‍ത്ഥ കോഴിക്കോട്ടുകാരന്‍..' - ഹരിഹരന്‍.
അന്ന് അവസാനമായി ചിട്ടപ്പെടുത്തിയത് യേശുദാസിനു പാടാന്‍ വെച്ച പാട്ടാണ്: ``വെളിച്ചം വിളക്കണച്ചു, രാത്രിയെ വെണ്ണിലാവും കൈവെടിഞ്ഞു...' ആ വരികള്‍ എഴുതുമ്പോള്‍ അത് ബാബുരാജ് എന്ന സംഗീത പ്രതിഭയുടെ ഹംസഗാനമായി മാറുമെന്ന് സങ്കപ്പിച്ചിട്ടു പോലുമില്ല മങ്കൊമ്പ്. പാട്ട് റെക്കോര്‍ഡ് ചെയ്ത് ആഴ്ചകള്‍ക്കകം ആ വിളക്കണഞ്ഞു; എന്നെന്നേക്കുമായി. മുഹമ്മദ് സാബിര്‍ ബാബുരാജ് ഓര്‍മ്മയായി. `അറം പറ്റിയിരിക്കുമോ എന്റെ വാക്കുകള്‍ക്ക്?' -- മങ്കൊമ്പിന്റെ ആത്മഗതം.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ``മൊഴികളില്‍ സംഗീതമായി'' എന്ന പുസ്തകത്തില്‍ നിന്ന്)