രാജാമണി, കീരവാണി
ലോസ് ആഞ്ജലീസ് ഡോള്‍ബി തിയേറ്ററിലെ പ്രൗഢ സദസ്സിനെയും ലോകമെങ്ങുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരേയും സാക്ഷിയാക്കി ഓസ്‌കര്‍ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ മനസ്സുകൊണ്ട് ഒരാളെ സാഷ്ടാംഗം പ്രണമിച്ചിരിക്കും എം എം കീരവാണി -- സംഗീത ജീവിതത്തിന്റെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തില്‍ താങ്ങും തണലും തുണയുമായി നിന്ന രാജാമണിയെ.
സിനിമയുടെ ദുര്‍ഗ്ഗമപഥങ്ങളിലൂടെ സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നടത്താന്‍ അന്നൊരു രാജാമണി അവതരിച്ചില്ലായിരുന്നെങ്കില്‍ കീരവാണി എന്ന സംഗീത സംവിധായകനും ഉണ്ടാവില്ലായിരുന്നു എന്ന് പല വട്ടം പറഞ്ഞിട്ടുണ്ട് അദ്ദേഹം. കലര്‍പ്പില്ലാത്ത ഗുരുഭക്തിയുടെ നേര്‍സാക്ഷ്യം പോലെ, ഹൃദയത്തില്‍ നിന്ന് ഊറിവരുന്ന വാക്കുകള്‍.
അപൂര്‍വ സുന്ദരമായ ആ ഗുരുശിഷ്യ ബന്ധത്തിന്റെ വ്യാപ്തിയെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് രാജാമണിയുടെ പത്‌നി ബീന അയച്ച സന്ദേശത്തിലൂടെയാണ്. ഇന്നത്തെ 'മാതൃഭൂമി'യില്‍ അച്ചടിച്ചു വന്ന 'കിരീടം ചൂടി കീരവാണി' എന്ന ലേഖനം വായിച്ച് അയച്ചതായിരുന്നു ആ ശബ്ദസന്ദേശം.
'പ്രിയ ശിഷ്യന്‍ ഓസ്‌കര്‍ അവാര്‍ഡ് സ്വീകരിക്കുന്നത് അകലെയെങ്ങോ ഇരുന്ന് കണ്ടിട്ടുണ്ടാകും നിറഞ്ഞ മനസ്സോടെ മണിയേട്ടന്‍.' -- ബീനച്ചേച്ചിയുടെ വാക്കുകള്‍. 'ആ കാഴ്ച അദ്ദേഹത്തില്‍ ഉളവാക്കാന്‍ ഇടയുള്ള ആഹ്‌ളാദവും സംതൃപ്തിയും ഊഹിക്കാനാകും എനിക്ക് .'
'മഹാനായ സംഗീത സംവിധായകന്‍ മാത്രമല്ല വലിയൊരു മനുഷ്യന്‍ കൂടിയാണ് കീരവാണി. നല്ലൊരു മനസ്സിന്റെ ഉടമ. ഇത്രയും നന്മ നിറഞ്ഞ ഒരു വ്യക്തിയെ ലോകത്തിന് സംഭാവന ചെയ്യാന്‍ താന്‍ ഒരു നിമിത്തമായി എന്നതിലാവും മണിയേട്ടന് സന്തോഷം.

'സമാനതകളില്ലാത്ത ഗുരുഭക്തിയാണ് കീരവാണിയുടേത്. ഗുരുനാഥനെ എവിടെ വെച്ചും, ഏത് ആള്‍ക്കൂട്ടത്തില്‍ വെച്ച് കണ്ടാലും നമസ്‌കരിക്കാന്‍ മടിയില്ല അദ്ദേഹത്തിന്. പൊതുനിരത്തിലോ, സഭയിലോ, മഹനീയ വേദികളിലോ... എവിടെയുമാകട്ടെ, മണിയേട്ടനെ കാണുമ്പോഴെല്ലാം ഓടിയെത്തി പ്രണമിക്കും അദ്ദേഹം. ഒരിക്കല്‍ റോഡരികില്‍ മണിയേട്ടനെ കണ്ട്, കാര്‍ നിര്‍ത്തി പുറത്തിറങ്ങി മുന്നിലെ ചരല്‍മണ്ണില്‍ കമിഴ്ന്നുവീണ് സാഷ്ടാംഗ നമസ്‌കാരം ചെയ്ത കീരവാണി എന്റെ ഓര്‍മ്മയിലുണ്ട്; ആ കാഴ്ച കണ്ട് നിറഞ്ഞ മണിയേട്ടന്റെ കണ്ണുകളും.
'ഞങ്ങളുടെ മൂത്ത മകന്‍ അച്ചുവിനെ നിര്‍ബന്ധിച്ചു ഹൈദരാബാദിലേക്ക് കൂട്ടിക്കൊണ്ടുപോയതും അവനെക്കൊണ്ട് ആദ്യമായി സിനിമക്ക് സംഗീത സംവിധാനം ചെയ്യിച്ചതും കീരവാണിയാണ്. മകനെ എനിക്ക് വിട്ടുതരൂ എന്നായിരുന്നു ഗുരുവിനോട് അദ്ദേഹത്തിന്റെ അപേക്ഷ. ആ സിനിമ അച്ചുവിന് മികച്ച സംഗീത സംവിധായകനുള്ള റേഡിയോ മിര്‍ച്ചി അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ ഏറ്റവും സന്തോഷിച്ചതും കീരവാണി തന്നെ.
'ഇത്രയും നല്ലൊരു വ്യക്തിയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് സര്‍വേശ്വരനാണ്. എല്ലാം ആ പരാശക്തിയുടെ പാദത്തില്‍ സമര്‍പ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എനിക്ക്.
'രവിമേനോന്‍ എഴുതിയ ലേഖനം എന്നെ പഴയ കാലത്തിലേക്ക്, മണിയേട്ടന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മണിയേട്ടന് വേണ്ടി കൂടി ഞാന്‍ നന്ദി പറയട്ടെ.... ' (2016 ഫെബ്രുവരിയിലായിരുന്നു രാജാമണിയുടെ വിയോഗം)
ബീനച്ചേച്ചിയുടെ വാക്കുകള്‍ ഇതാ ഈ നിമിഷവും എന്റെ കണ്ണുകള്‍ ഈറനാക്കുന്നു.
ഗുരുശിഷ്യ ബന്ധം വെറുമൊരു കാല്‍പ്പനിക സങ്കല്പം മാത്രമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, ഈ സത്യങ്ങള്‍ക്ക് മൂല്യമേറെ. നന്ദി, ബീനച്ചേച്ചി.....
Content Highlights: mm keeravani, Oscar 2023, Music Director Rajamani Beena, RRR Film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..