കേരളം കേൾക്കേണ്ട സംഗീതകാരന്മാർ


രമേശ് ഗോപാലകൃഷ്ണൻ

കേരളത്തിലെ കർണാടകസംഗീത വിദ്യാർഥികൾ എക്കാലവും ആദരവോടെ ഓർക്കേണ്ട പേരാണ് എ കെ രവീന്ദ്രനാഥ് എന്നത്. "ദക്ഷിണേന്ത്യൻ സംഗീതം" എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റെ രചനയാണ് ഇദ്ദേഹത്തെ അദ്വിതീയനാക്കുന്നത്.

എ കെ രവീന്ദ്രനാഥ് | Photo: Special Arrangement

ജന്മം കൊണ്ടോ കർമ്മം കൊണ്ടോ കേരളീയരായിത്തീർന്ന് നമുക്കിടയിൽ തന്നെ സാധാരണജീവിതം നയിക്കുന്ന അനേകം സംഗീതപ്രതിഭകളുണ്ട്. അവരിൽ ചിലരൊക്കെ കാലം ചെയ്തവരാണെങ്കിലും ആ മഹാന്മാരുടെ കലാസേവനങ്ങൾ ഇന്നും നമ്മുടെ നാടിന്റെ സംഗീതസംസ്കാരത്തിന് പുതിയ ഉണർവ്വുകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നാം ആ കലാകാരന്മാരെ ഏതളവിൽ ആദരിക്കുകയോ ഗൗനിക്കുകയോ ചെയ്തിട്ടുണ്ടെന്നത് ഇപ്പോഴും ചിന്താപ്രസക്തമാണ്. കാരണം ആ വിദ്വാന്മാരുടെ ജീവിതവും സംഗീതവും ഈ നാടിന്റെ സാംസ്കാരികസ്വത്വത്തെ നിർണയിക്കുന്നതിൽ അപ്രധാനമല്ലാത്ത പങ്കാണ് നിർവ്വഹിക്കുന്നത്. ജീവിതത്തിൽ, അനുഭവങ്ങളായി അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള ആഴമേറിയ അപസ്വരങ്ങളെപ്പോലും ഇച്ഛാശക്തിയുടെ ഉറപ്പിൽ സംഗീതശ്രുതികളാക്കിത്തീർക്കാനുള്ള കഴിവാണ് ഈ പ്രതിഭാധനരെ വേറിട്ടു നിർത്തുന്നത്. അവരെ ആദരവോടെ അറിയുകയെന്നത് യഥാർത്ഥത്തിൽ അവരെക്കാൾ ആവശ്യം നമ്മുടേതാണ്. എന്തെന്നാൽ അവരിലൂടെ നാമറിയാൻ ശ്രമിക്കുന്നത് നമ്മുടെ നാടിനെപ്പറ്റിയും ആണല്ലോ.

എ കെ രവീന്ദ്രനാഥ്

കേരളത്തിലെ കർണാടകസംഗീത വിദ്യാർഥികൾ എക്കാലവും ആദരവോടെ ഓർക്കേണ്ട പേരാണ് എ കെ രവീന്ദ്രനാഥ് എന്നത്. "ദക്ഷിണേന്ത്യൻ സംഗീതം" എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റെ രചനയാണ് ഇദ്ദേഹത്തെ അദ്വിതീയനാക്കുന്നത്. ഈ പുസ്തകത്തിന്റെ രചനയ്ക്ക് രവീന്ദ്രനാഥിനെ പ്രേരിപ്പിച്ചതെന്താണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം നമുക്ക് ബോധ്യപ്പെടുക. തിരുവനന്തപുരത്ത് ശ്രീ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ രവീന്ദ്രനാഥ് ഗാനഭൂഷണത്തിന് ചേർന്നു പഠിക്കുമ്പോൾ അവിടത്തെ അധ്യാപകരിൽ അധികവും ബ്രാഹ്മണരായിരുന്നു. അവരാകട്ടെ പകുതി മലയാളത്തിലും പകുതി തമിഴിലുമായിട്ടാണ് ക്ലാസുകൾ എടുത്തിരുന്നത്. ശുദ്ധമലയാളം അറിയാത്ത അവരുടെ മലയാളവും ഒരുമാതിരി ആയിരുന്നു. അതിനാൽ മലയാളികളായ വിദ്യാർഥികൾ പല പാഠങ്ങളും അർത്ഥമറിയാതെ കാണാതെ അഭ്യസിക്കുകയാണ് ചെയ്തിരുന്നത്. ഈ വിഷമം നല്ലപോലെ അനുഭവിച്ച രവീന്ദ്രനാഥ് അത് ഓരോ മലയാളി വിദ്യാർത്ഥിയുടെയും വേദനയാണെന്നു തിരിച്ചറിയുകയായിരുന്നു. ഇനി വരാനിരിക്കുന്ന തലമുറകൾ കൂടി ഇങ്ങനെ തന്നെയല്ലേ കർണാടകസംഗീതം ഇവിടെ പഠിക്കേണ്ടതെന്ന ദുഃഖം അദ്ദേഹത്തെ അലട്ടി. ഇംഗ്ലീഷിലും തമിഴിലും മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും സംഗീതപുസ്തകങ്ങൾ ധാരാളം ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് മലയാളത്തിലും അങ്ങനെയൊന്ന് ഉണ്ടായിക്കൂടാ എന്ന സ്വന്തം ചോദ്യത്തിന് അദ്ദേഹം സ്വയം കണ്ടെത്തിയ ഉത്തരമായിരുന്നു "ദക്ഷിണേന്ത്യൻ സംഗീതം" എന്ന ബൃഹദ് ഗ്രന്ഥം. സംഗീതജ്ഞനും, രവീന്ദ്രനാഥിന്റെ അധ്യാപകനുമായിരുന്ന കെ എസ് നാരായണസ്വാമിയും ഈ പരിശ്രമത്തിൽ അദ്ദേഹത്തിന് തുണനിന്നു.

ഇന്നോളം മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ആധികാരികമായ സംഗീതപുസ്തകമായിട്ടാണ് "ദക്ഷിണേന്ത്യൻ സംഗീതം" വിലയിരുത്തപ്പെടുന്നത്. മലയാളിയായ ഏതൊരു സംഗീതവിദ്യാർത്ഥിയും ഈ ഗ്രന്ഥത്തിലൂടെ കടന്നുപോയേ തീരൂ. കേരളത്തിലെ സംഗീതകോളേജുകളിൽ ഗാനഭൂഷണം കോഴ്‌സിന് ഇതൊരു പ്രധാന പാഠപുസ്തകമായി കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതായത് പുസ്തകം പുറത്തിറങ്ങിയ അന്നുമുതൽക്കുതന്നെ. സംഗീതത്തിന്റെ ചരിത്രം, രൂപഭേദങ്ങൾ, വാഗേയകാരന്മാർ, പ്രഗത്ഭരായ സംഗീതകാരന്മാർ, പ്രാഥമിക പാഠങ്ങൾ, ഗീതങ്ങൾ, ലക്ഷണഗീതങ്ങൾ, ജതിസ്വരങ്ങൾ, സ്വരജതികൾ, താനവർണ്ണങ്ങൾ, അടതാളവർണ്ണങ്ങൾ എന്നിങ്ങനെ കർണാടകസംഗീതത്തെ പറ്റിയുള്ള ആഴവും വ്യാപ്തിയുമുള്ള അറിവുകളാണ് ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ഒന്നാംഭാഗം പ്രദാനം. ചെയ്യുന്നത്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകമെന്ന പെരുമയും ഈ ഒന്നാംഭാഗത്തിനുണ്ട്.

ഗാനഭൂഷണം ഫസ്റ്റ് റാങ്കിൽ പാസായതിനുശേഷം തിരുവനന്തപുരത്ത് താമസിച്ച് കുട്ടികൾക്ക് സംഗീതം പറഞ്ഞുകൊടുക്കുന്ന സമയത്തുതന്നെ രവീന്ദ്രനാഥ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് ശ്രമിച്ചെങ്കിലും അതു നടക്കാതെ പോവുകയായിരുന്നു. സാമ്പത്തികക്ലേശം തന്നെയായിരുന്നു വിഷയം. കയ്യിലുള്ള കാശ് മതിയാകാതെ വന്നപ്പോൾ 1965 ൽ രവീന്ദ്രനാഥ് രണ്ടും കൽപ്പിച്ച് ഡൽഹിയിലേക്ക് വണ്ടി കേറി. അവിടെയും കുട്ടികൾക്ക് സംഗീതം പഠിപ്പിക്കലായിരുന്നു തൊഴിൽ. അന്നത്തെ രാജ്യസഭാംഗമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ദാമോദരന്റെ വീട്ടിലായിരുന്നു രവീന്ദ്രനാഥിന്റെ താമസം. ദാമോദരന്റെ മകളെ തിരുവനന്തപുരത്ത് രവീന്ദ്രനാഥ് സംഗീതം പഠിപ്പിച്ചിരുന്നു. ഡൽഹിയിലെത്തിയപ്പോൾ, പ്രശസ്തനായ ടി എൻ ബി നെടുങ്ങാടിയുടെ പുത്രിയെ സംഗീതം അഭ്യസിപ്പിക്കാനുള്ള അവസരം രവീന്ദ്രനാഥിനു കൈവന്നു. ആ പരിചയത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ബാക്കി പണവും അദ്ദേഹത്തിനു ലഭിച്ചു. പുസ്തകത്തിന്റെ ഭാഷാപരമായ തെറ്റുകളെല്ലാം പരിശോധിച്ചത് കെ ദാമോദരനും അദ്ദേഹത്തിന്റെ പത്നി പത്മ ദാമോദരനുമായിരുന്നു. അങ്ങനെ 1970 ൽ എൻ ബി എസ് ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കി. പിന്നീട് കേരള സാംസ്കാരിക വകുപ്പാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തത്. അതിനുശേഷം കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും. ഇടക്കാലത്ത് പുസ്തകത്തിന്റെ ലഭ്യത കുറഞ്ഞപ്പോൾ ഒരു പ്രസിദ്ധീകരണ സ്ഥാപനം മറ്റൊരു പേരിൽ ഇതേ പുസ്തകം സ്വന്തം നിലയിൽ അച്ചടിച്ചുവിൽക്കാൻ തുടങ്ങി. അതിലവർ ഗ്രന്ഥകർത്താവിന്റേതായി മറ്റോരു പേരും ചേർത്തിരുന്നു. എന്നാൽ ഏതോ ഒരു സമയത്ത് ഇതറിയാനിടയായ രവീന്ദ്രനാഥ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ വിവരം അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ ആ പ്രസിദ്ധീകരണസ്ഥാപനം പുസ്തകത്തിന്റെ തുടർന്നുള്ള വിൽപ്പന നിർത്തുകയും ചെയ്തു.

1968 ൽ രവീന്ദ്രനാഥിന് ഡൽഹി ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി നിയമനം ലഭിച്ചു. അവിടെവച്ച് ധാരാളം ഹിന്ദുസ്ഥാനി സംഗീതകാരന്മാരെ പരിചയപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. പുസ്തകത്തിന്റെ രണ്ടാംഭാഗം എന്ന നിലയിൽ ഹിന്ദുസ്ഥാനി സംഗീതത്തെ വിഷയമാക്കിക്കൊണ്ടുള്ള ഒരു രചനയ്ക്ക് രവീന്ദ്രനാഥിനെ അവരൊക്കെ പ്രേരിപ്പിച്ചു. ആ പ്രോത്സാഹനം വിഫലമായില്ല. കുറച്ചു വൈകിയാണെങ്കിലും, 2003 ൽ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങി. തുടർന്ന് കേരളത്തിന്റെ തനത് സംഗീതശൈലികൾ മുഖ്യമായി വരുന്ന മൂന്നാംഭാഗവും സംഗീതലോകത്തെ അനശ്വരപ്രതിഭകളുടെ ജീവചരിത്രവും അപൂർവ്വചിത്രങ്ങളുമടങ്ങുന്ന നാലാംഭാഗവും രവീന്ദ്രനാഥിന് പുറത്തിറക്കാൻ സാധിച്ചു. അതിനുശേഷം സ്വരലിപികളോടുകൂടിയ മലയാളത്തിലെ ഒരപൂർവ്വഗ്രന്ഥമായി ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ഭാഗത്തിന്റെകൂടി രചന നിർവ്വഹിച്ചുകൊണ്ട് രവീന്ദ്രനാഥ് തന്റെ ആയുഷ്കാല ദൗത്യത്തിന് വിരാമം കുറിച്ചു. ആസ്വാദകരും വിദ്യാർത്ഥികളും ഈ അഞ്ചാംഭാഗ ഗ്രന്ഥത്തിനും നല്ല വരവേൽപ്പാണ് നൽകിയത്.

തന്റെ സംഗീതോപാസനയുടെ ഭാഗമായി എ കെ രവീന്ദ്രനാഥ് ധാരാളം സംഗീതക്കച്ചേരികൾ അവതരിപ്പിക്കുകയും അനേകം മലയാളഗാനങ്ങൾക്ക് ഈണം പകരുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയസംഗീതത്തിൽ ആകാശവാണിയുടെ എ ടോപ്പ് ആർട്ടിസ്റ്റായിരുന്നു അദ്ദേഹം. 1994 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

കണ്ണൂർ ജില്ലയിൽ കല്ലൂർ എന്ന ഗ്രാമത്തിൽ കുട്ടിരാമൻ നമ്പീശൻ എന്ന കഥകളി-കർണാടക സംഗീതജ്ഞന്റെയും സാവിത്രിയുടെയും മകനായി 1934 മേയ് 5- ആം തീയതിയാണ് രവീന്ദ്രനാഥ് ജനിച്ചത്. പ്രശസ്ത സംഗീതകാരൻ തൃശൂർ പി രാധാകൃഷ്ണൻ, രവീന്ദ്രനാഥിന്റെ സഹോദരിയുടെ ഭർത്താവായിരുന്നു. രവീന്ദ്രനാഥിന്റെ പത്നി പി സരോജിനിയും മക്കൾ കവിത, ഗീത, സരിത എന്നിവരുമാണ്.

സാധാരണയായി എഴുത്തുകാരാണ് പുസ്തകങ്ങളെ സൃഷ്ടിക്കാറുള്ളത്. എന്നാൽ ഇവിടെ ഒരു പുസ്തകം ഒരെഴുത്തുകാരനെ സൃഷ്‌ടിച്ചിരിക്കുന്നു എന്നു പറയുന്നതാവും എ കെ രവീന്ദ്രനാഥ് എന്ന സംഗീതകാരന്റെ കലാജീവിതത്തെ മുൻനിർത്തിക്കൊണ്ടു പറയേണ്ടത്. നാൽപ്പതു വയസ്സ് പ്രായമായപ്പോൾതന്നെ പ്രമേഹരോഗം പിടികൂടിയിരുന്ന രവീന്ദ്രനാഥ് തന്റെ അവസാനകാലത്ത് പത്നിയോടൊപ്പം കോയമ്പത്തൂരിൽ ജീവിതം നായിക്കുമ്പോഴാണ് മരണത്തിനു കീഴടങ്ങിയത്. 2015 മാർച്ച് 26-ആം തീയതിയായിരുന്നു ആ സർഗാത്മകസമര ജീവിതത്തിന്റെ വിടവാങ്ങൽ.

Content Highlights: mk raveendranath, author of dkashinendian sangeetham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented