തോപ്പുംപടി: 'ഇതുവരെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ചിട്ടില്ല. അങ്ങനെയൊരു തോന്നലുണ്ടായിട്ടുമില്ല' -എം.കെ. അര്‍ജുനന്‍ മാഷ് പറയുന്നു. സംഗീതലോകത്തെ ഈ കുലപതിക്ക് ഞായറാഴ്ച 84 തികയുകയാണ്. ജന്മദിനമൊന്നും അര്‍ജുനന്‍ മാഷ് കാര്യമായെടുക്കുന്നില്ല. നടക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് പുറത്തേക്ക് പോകുന്നില്ല. പക്ഷേ, സംഗീതത്തിന്റെ ലോകത്താണ് മാഷിപ്പോഴും.

നാടകപ്പാട്ടിനോടാണ് കൂട്ട്. ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി. നാടകമാണെങ്കില്‍ പാട്ടൊരുക്കാന്‍ മാഷിന് അധികം സമയംവേണ്ട. പാട്ടിന്റെ മൂഡ് അറിയണം, പിന്നെ നാടകത്തിലെ സാഹചര്യവും. ഇനി വരികള്‍ കൂടി കിട്ടിയാല്‍, പാട്ട് റെഡി. പരമാവധി മൂന്നുദിവസമുണ്ടെങ്കില്‍ ഗായകന് പാട്ട് പാടാം.

സംഗീതം തയ്യാറാക്കി, വരികള്‍ പിന്നീട് എഴുതുമെന്ന് പറഞ്ഞാലും മാഷിന് പരിഭവമില്ല. ചുണ്ടുകള്‍ അനക്കുമ്പോള്‍ത്തന്നെ മാഷ് എന്താണ് മനസ്സില്‍ കാണുന്നതെന്ന് അറിയാവുന്ന ഗായകരും നാടകരംഗത്തുണ്ട്. ഗായകരായ കല്ലറ ഗോപനും കലാഭവന്‍ സാബുവുമൊക്കെ മാഷിന്റെ ഉറ്റ ശിഷ്യന്മാരാണ്.

ജന്മദിനം പണ്ടും വലിയ കാര്യമായെടുത്തിട്ടില്ലെന്ന് മാഷ് പറയുന്നു. സുഹൃത്തുക്കള്‍ അത് ആഘോഷമാക്കിയിരുന്നു... വീട് കാണാതെ എത്രയെത്ര പിറന്നാള്‍ ആഘോഷങ്ങള്‍...

സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ 52 വര്‍ഷം കഴിയുന്നു. 1968-ല്‍ 'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. അതിനും പത്തുവര്‍ഷം മുമ്പേയുണ്ട് നാടകലോകത്ത്. അമെച്ചര്‍ നാടകരംഗത്തു നിന്ന് തുടങ്ങി, പ്രൊഫഷണല്‍ രംഗത്തു വന്ന് അവിടെ നിന്നാണ് ഈ കൊച്ചിക്കാരന്‍ ചലച്ചിത്ര രംഗത്തെത്തിയത്.

'മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി...' എന്ന, കറുത്ത പൗര്‍ണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു മാഷ്... അതൊരു തുടക്കമായിരുന്നു. പിന്നീട് മലയാളിയുടെ ചുണ്ടുകളില്‍നിന്ന് മായാത്ത എത്രയോ പാട്ടുകള്‍... 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ...' എന്ന പാട്ടാണ് മാഷിനെപ്പോലും വിസ്മയിപ്പിച്ചത്. 'പിക്നിക്ക്' സിനിമയിലെ ആ പാട്ട് 45 വര്‍ഷത്തിന് ശേഷം വീണ്ടും 'നായിക' എന്ന സിനിമയില്‍ ഉപയോഗിച്ചു. അതോടെ, പുതിയ തലമുറയും ആ പാട്ട് ഏറ്റെടുക്കുകയായിരുന്നു.

'ആ പാട്ട് ഒരുക്കിയപ്പോള്‍ ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചില്ല... പാട്ടിന് ആദ്യമിട്ട ഈണമൊന്നും സംവിധായകന് പിടിച്ചില്ല... പിന്നെയാണ് ഈ ഈണം കിട്ടിയത്. വീണ്ടും മാറ്റണമെന്ന് പറഞ്ഞപ്പോള്‍ ദേഷ്യംവന്ന് ഞാന്‍ പുറത്തേക്ക് പോയി...' -പഴയ കഥ മാഷ് ഓര്‍ക്കുന്നു.

വയലാറും ദേവരാജനുമൊക്കെ കത്തിനിന്ന കാലത്താണ് അര്‍ജുനന്‍ മാഷ് ചലച്ചിത്രലോകത്ത് വരുന്നത്. മനസ്സിലേക്ക് തുളച്ചുകയറുന്ന ഈണങ്ങള്‍ തന്നെയാണ് മാഷിന് അവിടെ ഇടമുണ്ടാക്കിക്കൊടുത്തത്.

ദാരിദ്ര്യവും അനാഥത്വവും വേട്ടയാടിയ ബാല്യം, ദുരിതങ്ങള്‍ക്ക് നടുവിലായ യൗവ്വനം... ഇതൊക്കെയാണ് മാഷിനെ പാട്ടുകാരനാക്കിയത്. 'കുട്ടിക്കാലത്ത് കൊച്ചിയിലെ വീട് തീകത്തി നശിച്ചു. ഉണ്ടായ ജാതകവും കത്തിപ്പോയി. ചതയമാണ് നാള്. മാര്‍ച്ച് ഒന്ന് ജന്മദിനമാണ്. അതുമാത്രം അറിയാം... മറ്റൊന്നും അതെക്കുറിച്ചറിയില്ല.' -മാഷ് പതിയെ ചിരിക്കുന്നു.

പള്ളുരുത്തിയിലെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെറിയ ആഘോഷം ഒരുക്കുന്നുണ്ട്. കേക്ക് മുറിക്കും, പിന്നെ, പായസവുമുണ്ടാകും. അവര്‍ക്കൊരു സന്തോഷം... 'വീട്ടിലിങ്ങനെ ആഘോഷം ഇതാദ്യമാ' -മാഷ് പറയുന്നു.

Content Highlights: MK Arjunan Master Music Director 84th birthday, Arjunan Master evergreen Malayalam hit songs