കാക്കിക്കുള്ളിലെ കലാകാരന്‍ എന്നത് നമുക്ക് സുപരിചിതമായ ഒരു പ്രയോഗം തന്നെയാണ്. കലാ സാഹിത്യ നാടക സിനിമാ മേഖലകളിലും ഇത്തരത്തില്‍ പോലീസില്‍ ജോലിചെയ്യുന്ന കലാകാരന്മാര്‍ വശ്യമായ പ്രകടനം കൊണ്ട് നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. ജഗന്നാഥവർമയും അബു സലീമും ഭീമന്‍ രഘുവും,  പി.സി. ജോര്‍ജ്ജും ഈ കൂടെയായി നല്ലവേഷങ്ങള്‍ ചെയ്ത് ജനശ്രദ്ധ നേടിയ സിബി തോമസും ഇത്തരത്തിലുള്ള പട്ടികയില്‍ പെട്ടവരാണ്. 

എന്നാല്‍ ഒരു പോലീസൂകാരന്‍ വരികളെഴുതി മറ്റൊരു പോലീസുകാരന്‍ സംഗീതം നല്കി ഒരു ഗാനം സൃഷ്ടിച്ച് ജനശ്രദ്ധ നേടുക എന്നത് സ്വല്പം പുതുമയാര്‍ന്ന കൂട്ടുകെട്ടാണ് എന്നതില്‍ തര്‍ക്കമില്ല. ഒരു റോഡ് മൂവിയുടെ ചാരുതയോടെ ഇടുക്കി എന്ന വശ്യമനോഹരമായ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങിയ മിഷന്‍ സി എന്ന സിനിമയിലാണ് പോലീസ് കൂട്ടുകെട്ടിലാണ് ഈ ഗാനം പിറവിയെടുത്തത്. ഇടുക്കി കമ്പംമേട് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ ജി ചെറുകാവ് രചിച്ച ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് രാജാക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ ഹണി എച്ച്.എല്‍ ആണ്. ''പരസ്പരം'' എന്നു തുടങ്ങുന്ന ഈ ഗാനം ശ്രദ്ധനേടി കഴിഞ്ഞു.

വിനോദസഞ്ചാരത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രക്കിടയില്‍ ആകസ്മികമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രണയത്തിനും അതിമനോഹരമായ ഇടുക്കിയുടെ പ്രകൃതിഭംഗിക്കും സാഹചര്യങ്ങളില്‍ പിറവിയെടുക്കുന്ന നര്‍മ്മങ്ങള്‍ക്കുമെല്ലാം നല്ല സ്ഥാനമുണ്ടെങ്കിലും സിനിമയില്‍ ഉയര്‍ന്നു നില്ക്കുന്നത്  ത്രില്ലര്‍ സ്വഭാവമുള്ള പ്രമേയംതന്നെയാണ്. വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധായകന്‍.

അപ്പാനി ശരത്തും, കൈലാഷും മേജര്‍ രവിയും, മീനാക്ഷിയും, ജയകൃഷ്ണനും ഈ സിനിമയുടെ പ്രധാന  വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുറമെ ഒട്ടനവധി പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.  ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ തമിഴ്‌നാട്ടില്‍ മാത്രം ഒരു കോടിയിലധികം പേര്‍ സോഷ്യല്‍ മീഡിയ വഴി കണ്ടിരുന്നു.

Content Highlights: Mission C song,  Police inspector Sunil G Cherukadavu lyricist, Police inspector Hony H L music composer,  turned music composer, Appani sarath