ടിമുടി പുതിയ രൂപത്തിലും ഭാവത്തിലും വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് പല സെലിബ്രിറ്റികള്‍ക്കും ശീലവും ഹരവുമാണ്. ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങളും തലമുടിയിലെ വിവിധ വര്‍ണപരീക്ഷണങ്ങളും കലാകാരന്‍മാര്‍ക്കിടയില്‍ പ്രത്യേകിച്ച് പാശ്ചാത്യഗായകര്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ കുറച്ചേറെ വിലകൂടിയ തലമുടിപരീക്ഷണവുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മെക്‌സിക്കന്‍ റാപ്പറായ ഡാന്‍ സുര്‍. തലമുടി നീക്കം ചെയ്ത് പകരം സ്വര്‍ണച്ചെയിനുകളാണ് ഡാന്‍ സുര്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്. ഇടയ്ക്ക് വജ്രത്തിളക്കവുമുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dan Sur (@dansurig)

അടുത്തിടെ റിലീസായ ടിക് ടോക്ക് വീഡിയോയില്‍ തന്റെ പുതിയ ലുക്കിലാണ് ഡാന്‍ സുര്‍ പ്രത്യക്ഷപ്പെട്ടത്. നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വര്‍ണച്ചങ്ങലകളും കഴുത്തില്‍ വലിപ്പമേറിയ സ്വര്‍ണമാലകളും കയ്യില്‍ സ്വര്‍ണവളകളുമണിഞ്ഞ് സര്‍വ്വാഭരണവിഭൂഷിതനായാണ് ഡാന്‍ സുറിന്റെ കലാപ്രകടനം. തീര്‍ന്നില്ല ഡാന്‍ സുറിന്റെ പല്ലുകളിലും സ്വര്‍ണത്തിളക്കമുണ്ട്. ഇരുപത്തിമൂന്നുകാരനാണ് ഡാന്‍ സുര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dan Sur (@dansurig)

വ്യത്യസ്തമായ ലുക്ക് തേടിയാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് ഡാന്‍ സുറിന്റെ പ്രതികരണം. മറ്റാരും ഇത് അനുകരിക്കരുതെന്ന മുന്നറിയിപ്പും ഡാന്‍ സുര്‍ നല്‍കുന്നുണ്ട്. തലയോട്ടി തുറന്നുള്ള ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ അപകടകരമാണെന്ന് പ്ലാസ്റ്റിക് സര്‍ജനായ ഡോക്ടര്‍ ഫ്രാങ്ക് അഗുല്ലോ പറയുന്നു. ശസ്ത്രക്രിയ മൂലം തലയോട്ടിയിലുണ്ടാകുന്ന പരിക്കുകള്‍ രോഗാണുബാധയ്ക്കിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 Content Highlights: Mexican rapper goes viral after getting gold chain hooks implanted into scalp