യാ ബച്ചനും ശ്വേതാ ബച്ചനും നീതു സിംഗും സദസ്സിലിരുന്ന് വിതുമ്പുന്നു. ഋഷി കപൂറും രൺധീറും അമിതാഭും അഭിഷേകുമൊക്കെ കണ്ണീരടക്കി തലകുനിച്ചിരിക്കുന്നു. അന്തരീക്ഷമാകെ വികാരനിർഭരം; വിഷാദസാന്ദ്രം. വേദിയിലിരുന്ന് ഗിറ്റാർ മീട്ടി പാടുകയാണ് അങ്കിത് ബത്ര എന്ന യുവഗായകൻ: ``ജീനാ യഹാം മർനാ യഹാം, ഇസ്കെ സിവാ ജാനാ കഹാം, ജീ ചാഹേ ജബ് ഹംകോ ആവാസ് ദോ, ഹം ഹേ വഹീ ഹം ഥേ ജഹാം, അപ്നേ യഹി ദോനോം ജഹാം, ഇസ്കെ സിവാ ജാനാ കഹാം...'' എന്റെ ജീവിതവും മരണവും ഇവിടെ തന്നെ; മറ്റെങ്ങു പോകാനാണ് ഞാൻ? കാണാൻ തോന്നുമ്പോൾ വിളിച്ചോളൂ. ഇവിടെത്തന്നെയുണ്ടാകും ഞാൻ; എന്റെ രണ്ടു ലോകവും ഇതാണല്ലോ...

അര നൂറ്റാണ്ടിനപ്പുറം ``മേരാ നാം ജോക്കറി''ൽ (1970) രാജ് കപൂർ അഭിനയിച്ചു പാടി അനശ്വരമാക്കിയ മുകേഷ് ഗാനത്തിന്റെ വരികളിലൂടെ വിഷാദമധുരമായി ഒഴുകിപ്പോകുന്നു ബത്ര. പുതിയ തലമുറയെപ്പോലും ആ പഴയ പാട്ട് എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്ന് ഒരിക്കൽ കൂടി വെളിപ്പെട്ട നിമിഷങ്ങൾ. രാജ് കപൂറിന്റെ മകൾ റിതു നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഡൽഹിയിൽ ഒത്തുചേർന്ന സിനിമാക്കാരിൽ, അങ്കിത് ബത്രയുടെ ``ജീനാ യഹാം മർനാ യഹാം'' കേട്ട് മനസ്സുകൊണ്ടെങ്കിലും വിതുമ്പാത്തവർ ഉണ്ടാവില്ല. ബോളിവുഡിലെ എക്കാലത്തെയും വലിയ ഷോമാനായ രാജ് കപൂറിന്റെ മായാത്ത ഓർമ്മകൾ കൂടിയാണല്ലോ ഇന്ത്യക്കാർക്ക് ആ ഗാനം; ഒപ്പം മരണമില്ലാത്ത ഒരു കാലത്തിന്റെയും. അതിനും കുറച്ചു വർഷം മുൻപൊരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ അതേ ഗാനം ഒരു യുവഗായകന്റെ ശബ്ദത്തിൽ കേട്ട് പൊട്ടിക്കരയുന്ന ധർമ്മേന്ദ്രയുടെ ചിത്രം മറന്നിട്ടില്ല. ``രാജ് ജി അത് പാടി അഭിനയിക്കുന്നതിന് സാക്ഷിയായിരുന്നു ഞാൻ. വേദന ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് പാടുന്ന ആ കോമാളിയെ എങ്ങനെ മറക്കാൻ? ആ ഗാനം എപ്പോൾ കേട്ടാലും ആ നിമിഷങ്ങൾ ഓർമ്മവരും. കണ്ണുകൾ നിറയും..'' - പിന്നീടൊരു അഭിമുഖത്തിൽ പഴയ ആക്ഷൻ ഹീറോ പറഞ്ഞു.

രാജ് കപൂറിന്റെ മാത്രമല്ല മറ്റു പലരുടെയും കൂടി ഓർമ്മയാണ് ``ജീനാ യഹാം''. കവിയായ ശൈലേന്ദ്രയുടെ,സംഗീത സംവിധായകരായ ശങ്കർ ജയ്കിഷന്റെ, ഗായകൻ മുകേഷിന്റെ; പിന്നെ മീശ മുളക്കാത്ത ഒരു പതിനേഴുകാരന്റെയും -- ശൈലി ശൈലേന്ദ്ര. ശൈലേന്ദ്രയുടെ മകൻ. പാട്ടിന്റെ പല്ലവി മാത്രമേയുള്ളു അച്ഛന്റെ വകയായി. ബാക്കി വരികളെല്ലാം മകൻ എഴുതിച്ചേർത്തതാണ്. പ്രതിഭയിലും കവിത്വത്തിലും പിതാവിനേക്കാൾ ഒട്ടും പിന്നിലല്ല താനെന്ന് ശൈലി ശൈലേന്ദ്ര തെളിയിച്ച രചന. അച്ഛനും മകനും ഇന്ന് നമുക്കൊപ്പമില്ല. രണ്ടു പേരും ചരിത്രത്തിന്റെ ഭാഗം. പക്ഷേ ``ജീനാ യഹാം'' ജീവിക്കുന്നു. ഇന്ത്യക്കാരുടെ സ്വകാര്യ നിമിഷങ്ങളെ ഇന്നും ആ പാട്ട് ആർദ്രമാക്കുന്നു.

ശൈലേന്ദ്രയും ഹസ്രത് ജയ്പുരിയുമാണ് രാജ് കപൂറിന്റെ സ്ഥിരം പാട്ടെഴുത്തുകാർ. സിനിമയിലെ ഏറ്റവും വികാരോജ്ജ്വല മുഹൂർത്തങ്ങളിൽ കടന്നുവരേണ്ട രണ്ടു പാട്ടുകൾ ഇരുവർക്കുമായി വീതിച്ചു കൊടുത്തു രാജ്. ഹസ്രത് ജയ്പുരിയാണ് ``ജാനേ കഹാം ഗയേ വോ ദിൻ'' എന്ന ഗാനമെഴുതിയത്. സിനിമയുടെ പ്രമേയഗാനമായി ഉദ്ദേശിച്ചിരുന്ന ``ജീനാ യഹാം മർനാ യഹാം'' എഴുതേണ്ട ചുമതല ശൈലേന്ദ്രക്കായിരുന്നു. പക്ഷേ പല്ലവി കഴിഞ്ഞു ചരണം എഴുതിത്തുടങ്ങും മുൻപ് ശൈലേന്ദ്ര രോഗബാധിതനായി. 1966 ഡിസംബർ 13 ന് ഭാര്യയോടൊപ്പം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ചെമ്പൂരിലെ രാജിന്റെ വസതിയിൽ ചെന്ന ശൈലേന്ദ്ര പ്രിയ സുഹൃത്തിന് വാക്കു നൽകിയതാണ്, വീട്ടിൽ തിരിച്ചെത്തിയ ഉടൻ പാട്ട് പൂർത്തിയാക്കുമെന്ന്. പക്ഷെ പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല ശൈലേന്ദ്രക്ക് . ഒരു പാട് സ്വപ്നങ്ങളും ഗാനങ്ങളും ബാക്കിവെച്ച് തൊട്ടടുത്ത ദിവസം അദ്ദേഹം യാത്രയായി.

``ബർസാത്തി'' (1949) ലാണ് രാജ് കപൂറും ശൈലേന്ദ്രയും ആദ്യം ഒരുമിച്ചത്. അതിന് മുൻപ് ``ആഗ്'' എന്ന ചിത്രത്തിന് പാട്ടെഴുതാൻ രാജ് ക്ഷണിച്ചപ്പോൾ യുവകവിയുടെ മറുപടി ഇതായിരുന്നു: ``ഇല്ല, കൂലിക്ക് പാട്ടെഴുതാൻ എന്നെ കിട്ടില്ല.'' വിടാതെ പിന്തുടർന്ന സാമ്പത്തിക പ്രശ്നങ്ങളാണ് ഒടുവിൽ ശൈലേന്ദ്രയെ ആ വാശി ഉപേക്ഷിക്കാൻ നിർബന്ധിതനാക്കിയത്. ബർസാത്തിന് പിറകെ ആവാരാ, ആഹ്, ബൂട്ട് പോളിഷ്, ശ്രീ 420, ചോരി ചോരി, അനാഡി തുടങ്ങിയ സൂപ്പർ ഹിറ്റുകൾ. അസംഖ്യം അപൂർവ സുന്ദര ഗാനങ്ങൾ. ``തീസ്രി കസം'' എന്നൊരു സിനിമ സ്വയം നിർമ്മിക്കാൻ മുതിർന്നതാണ് ഒടുവിൽ ശൈലേന്ദ്രക്ക് വിനയായത്. പടം ദേശീയ അവാർഡ് വരെ നേടിയെങ്കിലും ബോക്സാഫീസിൽ കൂപ്പുകുത്തി. ആ തകർച്ച ശൈലേന്ദ്രയെ മാനസികമായി തളർത്തി. മദ്യപാനം നിയന്ത്രണാതീതമായതോടെ ആരോഗ്യവും ക്ഷയിച്ചു. ഒരർത്ഥത്തിൽ മരണം സ്വയം തിരഞ്ഞെടുക്കുക തന്നെയായിരുന്നു ശൈലേന്ദ്ര -- ഒരു തരം ആത്മഹത്യ. പ്രിയ സുഹൃത്തിന്റെ വിയോഗവുമായി പൊരുത്തപ്പെടുക എളുപ്പമായിരുന്നില്ല രാജ് കപൂറിന്.

അച്ഛന്റെ പാട്ട് എഴുതി പൂർത്തിയാക്കാൻ അവസരം തരുമോ എന്ന് ചോദിച്ചെത്തിയ കൗമാരക്കാരനെ രാജ് സംശയദൃഷ്ടിയോടെ കണ്ടത് സ്വാഭാവികം. ``മേരാ നാം ജോക്കറി''ന്റെ തീം സോംഗ് ആണ്. ഒരേ സമയം ആഴവും ആർദ്രതയും വേണം അതിന്റെ വരികൾക്ക്. ആ വെല്ലുവിളി ഏറ്റെടുത്തു ഫലിപ്പിക്കാൻ ഈ പയ്യന് കഴിയുമോ? അപൂർവ പ്രതിഭാശാലിയായ പിതാവിനെ കണ്ടും അദ്ദേഹത്തിന്റെ കവിതകളിൽ ആവേശം കൊണ്ടും വളർന്ന മകന്, പക്ഷേ സംശയമൊന്നും ഉണ്ടായിരുന്നില്ല. പിതാവിനെ മനസ്സിൽ ധ്യാനിച്ച് ശൈലി എഴുതി: ``കൽ ഖേൽ മേ ഹം ഹോ ന ഹോ, ഗർദിഷ് മേ താരേ രഹേംഗേ സദാ, ഡൂംഡോഗെ തും ഡൂംഡെംഗെ വോ, പർ ഹം തുംഹാരേ രഹേംഗെ സദാ...'' നാളെ ഈ കളിക്കളത്തിൽ ഞാൻ ഉണ്ടായാലും ഇല്ലെങ്കിലും ആകാശത്തിൽ താരകൾ മിന്നിക്കൊണ്ടിരിക്കും, നീയും അവരുമൊക്കെ എന്നെ തേടിക്കൊണ്ടിരിക്കും; അപ്പോഴും ഞാൻ നിന്റെ കൂടെ തന്നെയുണ്ടാകും...

ബാക്കി വരികൾ പിറകെ വന്നു. ``യേ മേരാ ഗീത് ജീവൻ സംഗീത്, കൽ ഭി കൊയി ദൊഹരായേഗാ ജഗ് കോ ഹസാനെ ബഹ്രൂപിയാ രൂപ് ബദൽ ഫിർ ആയേഗാ''-- ഇതാണെന്റെ ജീവിതത്തിന്റെ ഈണം. നാളെ ആരെങ്കിലുമൊക്കെ ലോകത്തെ ചിരിപ്പിക്കാനായി കോമാളിയുടെ വേഷം കെട്ടി വന്ന് ഈ ഗാനം ആലപിച്ചേക്കാം..അപ്പോഴും ഞാൻ ഇവിടെയൊക്കെ തന്നെ കാണും. സ്വർഗ്ഗവും നരകവും എനിക്കിതു തന്നെ...സംഗീത സംവിധായകൻ ശങ്കർ ആണ് ഈ വരികൾ ചിട്ടപ്പെടുത്തിയത്. ഗാനസൃഷ്ടിയുടെ ക്രെഡിറ്റ് ശങ്കർ--ജയ്കിഷനായിരുന്നെങ്കിലും ശൈലേന്ദ്രയുടെ രചനകൾ ശങ്കറും ഹസ്രത് ജയ്പുരിയുടെ രചനകൾ ജയ്കിഷനും സ്വരപ്പെടുത്തുന്നതായിരുന്നു പതിവ്. മാത്രമല്ല വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലം ആ കൂട്ടുകെട്ട് അതിനകം പിളർപ്പിന്റെ വക്കിൽ എത്തിക്കഴിഞ്ഞിരുന്നു താനും.1964 ൽ തുടങ്ങിയ ``മേരാ നാം ജോക്കർ'' ഒടുവിൽ തിയേറ്ററുകളിൽ എത്തിയത് 1970 ൽ. രണ്ട് ഇടവേളകളോടെ 255 മിനുട്ട് ദൈർഘ്യവുമായി എത്തിയ പടം പക്ഷേ പ്രേക്ഷകർ പാടേ തള്ളിക്കളഞ്ഞു. ``ജോക്കർ'' വരുത്തിവച്ച ഭീമമായ നഷ്ടത്തിൽ നിന്ന് കരകയറാൻ വേണ്ടിയാണ് മകൻ ഋഷിയെ നായകനാക്കി രണ്ടു വർഷം കഴിഞ്ഞു `ബോബി'' എന്ന ടീനേജ് പ്രണയചിത്രം രാജ് എടുത്തത്.

സിനിമക്ക് വേണ്ടി എഴുതിയ ആദ്യ ഗാനം തന്നെ ഹിറ്റായെങ്കിലും ആ വിജയത്തിന്റെ ക്രെഡിറ്റ് സ്വന്തം പിതാവിന് അവകാശപ്പെട്ടതാണെന്ന് വിശ്വസിച്ചു ശൈലി ശൈലേന്ദ്ര. `` പല്ലവിയാണ് ജീനാ യഹാം എന്ന ഗാനത്തെ ശ്രോതാക്കളുടെ മനസ്സിൽ കുടിയിരുത്തിയത്. അത് പൂരിപ്പിക്കുക മാത്രമായിരുന്നു എന്റെ ദൗത്യം. ''-- ശൈലിയുടെ വാക്കുകൾ. പിന്നെയും കുറച്ചു സിനിമകൾക്ക് വേണ്ടി പാട്ടുകളെഴുതി അദ്ദേഹം. അവയിൽ ഏറ്റവും പ്രശസ്തം ബപ്പി ലാഹിരി ചിട്ടപ്പെടുത്തി പാടിയ ``ആപ് കി ഖാതിറി''ലെ പാട്ടായിരുന്നു -- ``ബംബയ് സേ ആയാ മേരാ ദോസ്ത്, ദോസ്ത് കോ സാലാം കരോ.'' പ്രിയപ്പെട്ട ആംഗ്ലേയ കവിയായ പി ബി ഷെല്ലിയുടെ പേരാണ് ശൈലേന്ദ്ര മകന് നൽകിയത്. ഷെല്ലി ശൈലേന്ദ്ര ലോപിച്ചു ശൈലി ശൈലേന്ദ്ര ആയെന്ന് മാത്രം. ഷെല്ലിയുടെ ``ഔർ സ്വീറ്റസ്റ്റ് സോംഗ്സ് ആർ ദോസ് ദാറ്റ് ടെൽ ഓഫ് സാഡസ്റ്റ് തോട്ട്സ്'' എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശൈലേന്ദ്ര എഴുതിയ ഹേ സബ്സെ മധുർ വോ ഗീത് (തലത്ത് മഹമൂദ്) എന്ന ``പതിത''യിലെ ഗാനം ഏറെ പ്രശസ്തം. 2007 മാർച്ച് ഏഴിനായിരുന്നു ശൈലിയുടെ വിയോഗം.

ഓർമ്മയിൽ ആ പഴയ പാട്ടിന്റെ ഈരടികൾ വീണ്ടും: ``രഹേംഗേ യഹി അപ്നേ നിഷാൻ, ഇസ്കെ സിവാ ജാനേ കഹാം.....'' ശരിയല്ലേ -- അനശ്വര ഹൃദയഗീതങ്ങളുടെ ശിൽപ്പികൾ ഈ ഭൂമി വിട്ട് മറ്റെങ്ങു പോകാൻ? ഇവിടെ തന്നെയുണ്ടാകും അവർ; മരിച്ചാലും.

Content Highlights :mera naam joker songjeena yahan marna yahan Raj Kapoor Shankar Jaikishan