‘കത്തും കണ്ണിലേതോ ശപ്തദുഃഖത്തിന്റെ തീനാളം... പാൽചുരന്ന മാറിലുതിരകലകൾ...’ കത്തുന്ന പ്രതിഷേധമാണ്‌ ഈ വരികൾ. നോവിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന ഓരോ സ്ത്രീയുടെയും ശബ്ദമായി മാറുകയാണ്‌ രേണുക അരുണിന്റെ ‘മറുതായ്’ മ്യൂസിക് ആൽബം. ചരിത്രത്തിലും മിത്തുകളിലും മുറിവേൽക്കപ്പെടുകയും മരിക്കുകയും ചെയ്ത, പേരറിയാത്ത സ്ത്രീകൾ തുടങ്ങി മരണത്തിനപ്പുറം മറുതയായ് മാറിയവർ വരെ ഈ പാട്ടിന്റെ വരികളിലുണ്ട്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം മ്യൂസിക് സ്റ്റോറുകളിലെല്ലാം ഈ പാട്ട് ഹിറ്റ്‌ ലിസ്റ്റിലാണ്.

സിനിമാ ഗാനം എന്ന ജനപ്രിയ സംഗീതത്തിനപ്പുറത്തേക്ക്‌ സംഗീതത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് രേണുക അരുൺ. കഥകളിലും മിത്തുകളിലും കേട്ടുപരിചയിച്ച ‘മറുത’ എന്ന സങ്കല്പത്തെയാണ്‌ ‘മറുതായ്’ ആയി അവതരിപ്പിച്ചിരിക്കുന്നത്. മറുതായ് എന്നാൽ ‘മറ്റൊരു അമ്മ’ എന്നർത്ഥം. സൗമ്യമായ മാതൃഭാവത്തിനപ്പുറത്തെ, തീക്ഷ്ണമായി പ്രതികരിക്കുന്ന സ്ത്രീഭാവത്തെയാണ് മറുതായ് എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന് ഗായികയും സംഗീത സംവിധായികയുമായ രേണുക പറയുന്നു.

സങ്കീർണമായ താളഗതിയിലുള്ള പാട്ടിന്‌ വരികളെഴുതിയിരിക്കുന്നത്‌ മനോജ് കുറൂരാണ്. അനീതിക്കെതിരേ പോരാടി മരിച്ച സ്ത്രീകളും മിത്തുകളിൽ മരണശേഷം ദേവതകളായി. കണ്ണകി, നീലിയമ്മ, മുച്ചിലോട്ട് ഭഗവതി എന്നീ കഥാപാത്രങ്ങളെ വരികളിൽ വായിക്കാം. സഹനവും നിസ്സഹായതയും കോപവും നിറഞ്ഞുനിൽക്കുന്ന വരികൾ അവസാന ഭാഗത്തെത്തുമ്പോൾ നൽകുന്നത് ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ചൂഷണങ്ങൾക്കെതിരേ സംഗീതമെന്ന മാധ്യമത്തിലൂടെ പ്രതികരിക്കുകയാണു ഗായിക.

അതിർത്തികളില്ലാത്ത സംഗീതം

ഒരേസമയം ആഗോളവും പ്രാദേശികമായും മാറുന്നുവെന്നതാണ്‌ മറുതായുടെ മറ്റൊരു സവിശേഷത. മുഴുവനായും വെസ്റ്റേൺ ഓർക്കെസ്‌ട്രേഷൻ ചെയ്ത മലയാളം പാട്ടാണിത്. പാട്ടിന്റെ ഓർക്കെസ്‌ട്രേഷൻ നിർവഹിച്ചത് ‘എമ്മി അവാർഡ്’ നോമിനേഷൻ ലഭിച്ച അർജന്റീനക്കാരനായ സംഗീത സംവിധായകൻ പാബ്ലോ ബോർഗി ആണ്. പ്രശസ്തമായ ‘മാസിഡോണിയൻ സിംഫണിക് ഓർക്കെസ്ട്ര’യാണ് ഓർക്കെസ്ട്ര നിർവഹിച്ചിരിക്കുന്നത്. പല രാജ്യങ്ങളിലിരുന്നാണ്‌ ഗാനം പൂർത്തിയാക്കിയത്.

സിനിമാ ഗാനമെന്നതിലേക്ക് ഒതുങ്ങി നിൽക്കാതെ, നിരവധി സ്ത്രീകൾ കമ്പോസിങ്ങിലേക്കും സ്വതന്ത്ര സംഗീതത്തിലേക്കും വരണം. അതിനൊരു പ്രചോദനമായി തീരണമെന്നാണ് ആഗ്രഹമെന്നും രേണുക പറയുന്നു.

Content Highlights: Maruthai  Renuka Arun singer song, Say no to violence against women children