രേണുക അരുണ്‍ ഈണമിട്ട് ആലപിച്ച 'മറുതായ്' എന്ന മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. മനോജ് കുനൂരിന്റേതാണ് വരികള്‍. ഷെബിന്‍ സെബാസ്റ്റിന്‍ സംവിധാനവും ദേശീയ പുരസ്‌കാര ജേതാവായ നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നു. ചെന്നൈയില്‍ നിന്നുള്ള കലാകാരി മിത്ര വിശ്വേഷാണ്‌ 'മറുതായി'യുടെ വേഷത്തിലെത്തുന്നത്.

മുഴുവനായും വെസ്റ്റേണ്‍ ഓര്‍ക്കെസ്ട്രേഷന്‍ ചെയ്ത മലയാളം പാട്ടാണിത്. പാട്ടിന്റെ ഓര്‍ക്കെസ്ട്രേഷന്‍ നിര്‍വഹിച്ചത് 'എമ്മി അവാര്‍ഡ്' നോമിനേഷന്‍ ലഭിച്ച അര്‍ജന്റീനക്കാരനായ സംഗീത സംവിധായകന്‍ പാബ്ലോ ബോര്‍ഗി ആണ്. പ്രശസ്തമായ 'മാസിഡോണിയന്‍ സിംഫണിക് ഓര്‍ക്കെസ്ട്ര'യാണ് ഓര്‍ക്കെസ്ട്ര നിര്‍വഹിച്ചിരിക്കുന്നത്. പല രാജ്യങ്ങളിലിരുന്നാണ് ഗാനം പൂര്‍ത്തിയാക്കിയത്.

കഥകളിലും മിത്തുകളിലും കേട്ടുപരിചയിച്ച 'മറുത' എന്ന സങ്കല്പത്തെയാണ് 'മറുതായ്' ആയി അവതരിപ്പിച്ചിരിക്കുന്നത്. മറുതായ് എന്നാല്‍ 'മറ്റൊരു അമ്മ' എന്നര്‍ത്ഥം. സൗമ്യമായ മാതൃഭാവത്തിനപ്പുറത്തെ, തീക്ഷ്ണമായി പ്രതികരിക്കുന്ന സ്ത്രീഭാവത്തെയാണ് മറുതായ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗായികയും സംഗീത സംവിധായികയുമായ രേണുക പറയുന്നു.

അനീതിക്കെതിരേ പോരാടി മരിച്ച സ്ത്രീകളും മിത്തുകളില്‍ മരണശേഷം ദേവതകളായി. കണ്ണകി, നീലിയമ്മ, മുച്ചിലോട്ട് ഭഗവതി എന്നീ കഥാപാത്രങ്ങളെ വരികളില്‍ വായിക്കാം. സഹനവും നിസ്സഹായതയും കോപവും നിറഞ്ഞുനില്‍ക്കുന്ന വരികള്‍ അവസാന ഭാഗത്തെത്തുമ്പോള്‍ നല്‍കുന്നത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരേ സംഗീതമെന്ന മാധ്യമത്തിലൂടെ പ്രതികരിക്കുകയാണു ഗായിക.

വീഡിയോ കാണാം

Content Highlights: Maruthai Malayalam Music Video Renuka Arun Manoj Kuroor Pablo Borghi