ഉയരെയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം 'കാണെക്കാണെ'യിലെ  ​ഗാനം പുറത്തിറങ്ങി.വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബർ 17ന് പ്രദർശനത്തിനെത്തും.  തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഐശ്വര്യ ലക്ഷ്മിയും ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീൻ ആണ് നിർമാണം. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്.

Content Highlights : Manu Ashokan Tovino movie Kaane Kaane song sithara krishnakumar ranjin raj