പ്രിയസുഹൃത്തിന്റെ ഓര്‍മദിനത്തില്‍ പ്രണാമമര്‍പ്പിച്ച് നടന്‍ മനോജ് കെ. ജയന്‍. നടി മോനിഷയുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ അഞ്ചിന്, ഇരുവരും ഒന്നിച്ചഭിനയിച്ച സാമഗാനം എന്ന പരമ്പരയിലെ രംഗമുള്‍പ്പെടെ പോസ്റ്റ് ചെയ്താണ് മനോജ് കെ. ജയന്‍ ഫെയ്‌സ്ബുക്കില്‍ ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

കുടുംബസമേതം എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം നീലരാവില്‍... എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരി കൂടി ചേര്‍ത്താണ് മനോജ് പ്രിയസുഹൃത്തിന് ഓര്‍മക്കുറിപ്പെഴെുതിയിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും പ്രിയസുഹൃത്തിന്റെ ഓര്‍മകള്‍ക്ക് ഏറെ തിളക്കമുണ്ടെന്ന് 'നീലരാവില്‍ ഇന്നും നിന്റെ താരഹാരം ഇളകുന്നു' എന്ന വരിയിലൂടെ മനോജ് വ്യക്തമാക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ആ ഗാനം രചിച്ചത്. യേശുദാസും മിന്‍മിനിയും ചേര്‍ന്നാലപിച്ച ഗാനത്തിന് ഈണം പകര്‍ന്നത് ജോണ്‍സണ്‍.

നഖക്ഷതങ്ങള്‍ എന്ന തന്റെ ആദ്യമലയാളചിത്രത്തിലൂടെ പതിനാറാമത്തെ വയസ്സില്‍ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മോനിഷ തന്റെ വളരെ കുറഞ്ഞ അഭിനയജീവിതത്തില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ മാത്രമാണ് വേഷമിട്ടതെങ്കിലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരുടെ പട്ടികയില്‍ ഇന്നും മോനിഷയ്ക്ക് പ്രമുഖസ്ഥാനമുണ്ട്. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയ്്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മോനിഷ വിടപറഞ്ഞത്. 

 

Content Highlights: Manoj K Jayan remembers Monisha on her death anniversary