കൊച്ചി: “മക്ക മദീന മുത്തു നബീനയ്‌ക്കോമനയാ

ഫാത്തിമ ബീവി തേനിമ്പപൂവി പൂമകളാ

താരക പൂമലരാ തളിരാമ്പൽ പൂവിന്നഴകാ

പാർവ്വണ രാവൊളിയാ പരിപൂർണ പനിമതിയാ...”

തിങ്കൾ നിലാവത്തുദിച്ച് മക്ക മദീനയിൽ ഉത്തമ റാണിയായ ഫാത്തിമ ബീവിയുടെ മധുര ഗാനം ശ്രോതാക്കൾ നെഞ്ചേറ്റുമ്പോൾ ആഹ്ലാദത്തിന്റെ ചന്ദ്രികയിലാണു മനോജ് കെ. ജയൻ. ഒരു നിയോഗം പോലെ അരികിലെത്തിയ ‘മക്കത്തെ ചന്ദ്രിക’ എന്ന പാട്ട് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് മനോജിന്. ലക്ഷക്കണക്കിന്‌ ആളുകളിലെത്തിയ ഗാനം ചുരുങ്ങിയ ദിവസം കൊണ്ടാണ് സംഗീത ലോകം ഏറ്റെടുത്തത്.

നിയോഗം പോലൊരു പാട്ട്

‘മക്കത്തെ ചന്ദ്രിക’ എന്ന പാട്ട്‌ ഒരു നിയോഗം പോലെ ദൈവം സമ്മാനിച്ചതാണെന്നു മനോജ് പറയുന്നു. “ഇതിനു മുമ്പും ആൽബങ്ങളിലും സിനിമയിലും പാടിയിട്ടുണ്ടെങ്കിലും ‘മക്കത്തെ ചന്ദ്രിക’ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. ഫൈസൽ പൊന്നാനിയുടെ വരികൾക്ക് ഈണമൊരുക്കിയ അൻഷാദ് തൃശ്ശൂർ ഇങ്ങനെയൊരു ആൽബവുമായി എന്നെ സമീപിക്കുന്നത് കോവിഡ് കാലത്തിനു മുമ്പാണ്. പെരുന്നാളിന്‌ പാട്ട് ഇറക്കണമെന്ന ആഗ്രഹത്തിൽ റെക്കോഡിങ്ങിനൊരുങ്ങിയെങ്കിലും ലോക്ഡൗൺ തടസ്സമായി. അതോടെ ആ പരിപാടി അവർ ഉപേക്ഷിച്ചെന്നാണ് വിചാരിച്ചത്. കുറച്ചു ദിവസം മുമ്പ് അൻഷാദ് വിളിച്ച്‌ റെക്കോഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. എനിക്കായി കരുതിവെച്ച പാട്ടാണ് ഇതെന്നു ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്” - മനോജ് പാട്ടു പിറന്ന കഥ പറഞ്ഞു.

മമ്മൂട്ടിയുടെ സാക്ഷ്യപത്രം

പാട്ട്‌ റെക്കോഡ് ചെയ്ത ശേഷം അതു മമ്മൂട്ടിക്ക്‌ അയച്ചുകൊടുത്തതാണ് അതിനെ ഹിറ്റിലേക്കു നയിച്ച നിമിഷമെന്നാണ് മനോജ് വിശ്വസിക്കുന്നത്. “റെക്കോഡ് ചെയ്ത ശേഷം ഭാര്യയാണ് പാട്ട് ആദ്യം കേട്ടത്. അവൾക്കു വലിയ ഇഷ്ടമായെന്നു പറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി. അപ്പോഴാണ് പാട്ട് മമ്മുക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യാമോയെന്ന്‌ അൻഷാദും നിർമാതാവ് പോളും ചോദിച്ചത്.

അവരുടെ നിർബന്ധം കൂടിയപ്പോൾ ഞാൻ മമ്മൂക്കയോടു സംസാരിച്ചു. അതു സമ്മതിച്ച മമ്മൂക്ക പാട്ട് ഒന്നു അയച്ചു തരാമോയെന്നു ചോദിച്ചു. ഞാൻ പാട്ടയച്ചു. കൃത്യം ആറു മിനിറ്റു കഴിഞ്ഞപ്പോൾ വാട്‌സ് ആപ്പിൽ മമ്മൂക്കയുടെ മെസേജെത്തി, ‘മനോജേ, പാട്ടു ഗംഭീരം’. മമ്മൂക്ക എല്ലാം തുറന്നു പറയുന്ന ഒരാളാണ്.

നല്ലതാണെങ്കിൽ അങ്ങനെയും മോശമാണെങ്കിൽ അതും പറയുന്ന ഒരാൾ. അദ്ദേഹം ഈ പാട്ടിനു സാക്ഷ്യപത്രം തന്നപ്പോൾ അതിനെക്കാൾ നല്ലൊരു തുടക്കം എനിക്കു കിട്ടാനില്ലായിരുന്നു. മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ആ പാട്ടിനു പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായിരുന്നു നല്ല വാക്കുകൾ പ്രവഹിച്ചത്” - മനോജ് പറഞ്ഞു.

അനുഗ്രഹത്തിന്റെ ചന്ദ്രിക

പാട്ടിനു മതമില്ല എന്ന വിശ്വാസത്തിന്‌ അടിവരയിടുന്നതാണ് ഈ പാട്ടുമെന്ന് മനോജ് പറയുന്നു. “സംഗീതം എനിക്കു പകർന്നു തന്ന അച്ഛൻ എല്ലാ മത വിഭാഗക്കാരുടെയും പാട്ടുകളെ സ്നേഹിച്ച ഒരാളായിരുന്നു. അതാണ് ഞാനും എപ്പോഴും ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും. പാട്ടിന്റെ അർത്ഥം അറിഞ്ഞ്‌ പരമാവധി നന്നായി പാടാനാണ് ശ്രമിച്ചത്. പ്രവാസികളായ ഒരുപാടു പേർ ഈ പാട്ടു മനോഹരമായെന്നു പറഞ്ഞ്‌ സന്ദേശങ്ങൾ അയച്ചിരുന്നു. എന്റെ സുഹൃത്തുക്കളായ സിദ്ദിഖും രമേഷ് പിഷാരടിയുമൊക്കെ സമൂഹ മാധ്യമത്തിലൂടെ പാട്ടു പങ്കുവെച്ചിരുന്നു”. സംസാരം നിർത്തി അല്പനേരം മൗനമായിരുന്ന ശേഷം മനോജ് പറഞ്ഞു, “എല്ലാവരും പാട്ടു നന്നായെന്നു പറയുമ്പോൾ മനസ്സിൽ തൊട്ട് എനിക്ക്‌ ഒന്നേ പറയാനുള്ളൂ, പരിപൂർണ പനിമതിയായി ഫാത്തിമ ബീവി അനുഗ്രഹിച്ച ചന്ദ്രികയാണ് ഈ പാട്ട്”.