ഴാം വയസ്സിലാണ് വയലിൻനാദം കുഞ്ഞു മനോജിന് പ്രിയങ്കരമാകുന്നത്. ഒളരി ലിറ്റിൽ ഫ്ളവർ പള്ളി ക്വയറിലെ ജോൺ ലൂയീസിന്റെ വയലിൻ വാദനം അവന്റെ സിരകളിൽ പടർന്നുകയറിയത് പെട്ടെന്നാണ്. അതുകൊണ്ടുതന്നെ പ്രാർഥനയും സംഗീതവും നിറഞ്ഞ പള്ളിയങ്കണത്തിലേക്ക് അമ്മ റോസിയുടെ കൈപിടിച്ച് മനോജ് എന്നും ചെന്നു.

 ഒളരിയും കടന്ന് വയലിൻ വഴിയിലൂടെ സഞ്ചരിച്ച് അങ്ങകലെ ഗ്രാമി അവാർഡ് വേദിയിൽ എത്തിനിൽക്കുന്നു ഈ യുവ സംഗീതജ്ഞന്റെ യാത്ര. ഗ്രാമി ജേതാവ് റിക്കി കേജിന്റെ ‘വിൻഡ്‌സ് ഓഫ് സംസാര’ എന്ന ന്യൂ ഏജ് ആൽബമാണ് മനോജ് ജോർജ്ജിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

 കോറൽ അറേഞ്ച്‌മെന്റ്, സ്ട്രിങ് ഓർക്കസ്ട്രൽ അറേഞ്ച്‌മെന്റ്, വയലിൻ ആൻഡ് വയോള പെർഫോമിങ് എന്നിവ നിർവഹിച്ചതിനാണ് ബഹുമതി. ഗ്രാമി ബഹുമതി നേടുന്ന രാജ്യത്തെ ആദ്യത്തെ വയലിൻ വാദകനാണ് ഇദ്ദേഹം. ഒപ്പം ആദ്യ മലയാളിയും...ആദ്യ തൃശ്ശൂർകാരനും.

വിൻഡ്‌സ് ഓഫ് സംസാര

റിക്കി കേജിന്റെ ‘വിൻഡ്‌സ് ഓഫ് സംസാര’ക്ക് പ്രത്യേക ഘടനയില്ലെന്ന് മനോജ് ജോർജ്‌ പറയുന്നു. ലോകത്തെ സംഗീതരൂപങ്ങളെല്ലാം കോർത്തിണക്കിയ ന്യൂ ഏജ് ആൽബം. സ്ട്രിങ്, ഓർക്കസ്ട്ര, ഇന്ത്യൻ ശാസ്ത്രീയസംഗീതം, ഇന്ത്യൻ റിഥം എന്നിവയെല്ലാം കോർത്തിണക്കിയ സംഗീതധാര.

മനോജ് ജോർജ്ജിന്റെ വാക്കുകളിൽപറഞ്ഞാൽ ‘സോഫ്റ്റായുള്ള അപ്രോച്ചാണ് വിൻഡ്‌സ് ഓഫ് സംസാര. പാട്ടുകൾക്ക് പല്ലവിയോ അനുപല്ലവിയോ ഇല്ല. ഫീൽ ആണത്. ഒരു മണിക്കൂറിൽ താളവിസ്മയം തീർക്കുന്ന ആൽബം’. ബെംഗളൂരു സ്വദേശിയായ റിക്കി കേജ് വർഷങ്ങളായി മനോജിന്റെ അടുത്ത സുഹൃത്താണ്. കുറെ ആൽബങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവസമ്പത്ത് ഇവർക്കുണ്ട്.

വീട്ടിലെ സംഗീതതാളം

എൽത്തുരുത്ത് ഗ്രീൻ റസിഡന്റ്‌സിൽ എല്ലാവരും ഒത്തുകൂടുമ്പോൾ വയലിനും ഡ്രംസും ഗിറ്റാറും കീബോർഡുമെല്ലാം മാന്ത്രികവിസ്മയം തീർക്കും. താളം പിടിക്കാൻ ഫിഷറീസ് വകുപ്പിൽനിന്ന് രജിസ്ട്രാറായി വിരമിച്ച അപ്പച്ചൻ ജോർജ്‌ ചിറ്റിലപ്പിള്ളിയും അമ്മ റോസിയും. വീടാകെ സംഗീതസാന്ദ്രം.  

അപ്പച്ചന്റെയും അമ്മയുടെയും അമ്പതാം വിവാഹവാർഷികത്തിന് മക്കളെല്ലാം ഒരു സവിശേഷ സമ്മാനമാണ് നൽകിയത് -സംഗീതവിരുന്ന്. വയലിനുമായി മനോജ് ജോർജ്‌, ഗിറ്റാറുമായി മൂത്ത ചേട്ടൻ ഷാജു ജോർജ്‌, ഡ്രംസുമായി രണ്ടാമത്തെ ചേട്ടൻ ബിജു ജോർജ്‌, കീബോർഡുമായി മകൻ നീൽ, കീബോർഡും ഗിറ്റാറുമായി ചേട്ടന്റെ മക്കളും.

മക്കളെ സംഗീതവഴിയിലൂടെ കൈപിടിച്ച് നടത്തിയ അപ്പച്ചനും അമ്മയ്ക്കും ഇതിലും വലിയ സമ്മാനം നൽകാനാവില്ലെന്ന മക്കളുടെ ചിന്തയായിരുന്നു സംഗീതവിരുന്നിന് പിന്നിൽ. ചടങ്ങിൽ അമ്മ റോസി പാട്ടും പാടി. അന്നേദിവസം ഒളരി പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയിലും ഇവർ സകുടുംബം നാദവിസ്മയം തീർത്തു.

ചെറുപ്പത്തിൽ മക്കൾ മൂന്നുപേരും സംഗീതോപകരണങ്ങൾ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കലാസ്വാദകനായ അപ്പച്ചൻ അവരെ കലാസദനിൽ ചേർത്തു. ചേട്ടന്മാരായ ഷാജു ഗിറ്റാറും ബിജു  ഡ്രംസും പഠിക്കാനിറങ്ങിയപ്പോൾ മനോജ് വയലിൻ നെഞ്ചോട് ചേർത്തു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മഴ തിമിർത്തുപെയ്ത ഒരുദിവസം അപ്പച്ചൻ കവറിൽ പൊതിഞ്ഞുകൊണ്ടുവന്ന കുഞ്ഞുവയലിൻ ഇപ്പോഴും മനോജിന്റെ മനസ്സിലുണ്ട്.

കർണാടകസംഗീതം അഭ്യസിച്ചെങ്കിലും വയലിൻ വന്നുവിളിച്ചപ്പോൾ അത് പാതിവഴിക്ക് നിലച്ചുവെന്ന് മനോജ്. അതിനിടയ്ക്ക് വയലിനിൽ കർണാടകസംഗീതം പഠിച്ചു. ഒളരി സെന്റ് അലോഷ്യസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി സെന്റ് തോമസ് കോളേജിലും ബിരുദം എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലും.
  ചെറുപ്പംമുതൽ പള്ളിക്വയറുകളിൽ വയലിൻ വായിക്കാൻ പോവാറുണ്ട്. അപ്പച്ചൻ ജോർജ്‌ നിരവധി ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്.

മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഷാജു ജോർജ്‌ വിയന്ന ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ.)യിൽ സിസ്റ്റം അനലിസ്റ്റാണ്. ഐ.എ.ഇ.എ.ക്ക്  നോബൽ സമ്മാനം ലഭിച്ച വർഷം അവരുടെ സംഘത്തിൽ ഷാജു ജോർജുമുണ്ടായിരുന്നു. രണ്ടാമത്തെ ചേട്ടൻ ബിജു ചാർട്ടേഡ് അക്കൗണ്ടന്റാണ്.

ഓർമയിലിന്നും കലാസദനിലെ  പഠനകാലം

എട്ടാം ക്ലാസ്‌ മുതലാണ് കലാസദനിൽ വയലിനിൽ പാശ്ചാത്യസംഗീതം പഠിക്കാൻ തുടങ്ങിയത്. മൂന്നുവർഷം പ്രിയപ്പെട്ട ഗുരു ലെസ്‌ലി പീറ്ററിന്റെ കീഴിൽ പഠനം. കലാസദനിൽ പഠിക്കുന്ന കാലത്തുതന്നെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഗുരു വിളിക്കും, പരിപാടി അവതരിപ്പിക്കുമോയെന്ന് ചോദിച്ച്. ഈ വിളി കേൾക്കാൻ കൊതിച്ചിരിക്കുന്ന മനോജ് ഉടൻ വയലിനുമായി പുറപ്പെടും. അങ്ങനെ ബിരുദം കഴിയുന്നതുവരെ കലാസദനിൽ തുടർന്നു.

ഗ്രാമി പുരസ്‌കാരം നേടിയെന്നറിഞ്ഞപ്പോൾ ഗുരു ലെസ്‌ലി പീറ്റർ സന്തോഷംകൊണ്ട് കെട്ടിപ്പിടിച്ചു. നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന ഗുരുവാക്കുകൾ മനോജിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബിരുദത്തിന് ശേഷം ലണ്ടൻ ട്രിനിറ്റി കോളേജിൽ ചേർന്നു. ഫാ. തോമസ് ചക്കാലമറ്റത്ത് വഴിയാണ് ലണ്ടനിൽ പാശ്ചാത്യസംഗീതം പഠിക്കാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞദിവസം സംഗീതനാടക അക്കാദമി റീജണൽ തീയേറ്ററിൽ നടന്ന കലാസദന്റെ 'തേൻതുള്ളികൾ' സംഗീതക്കൂട്ടായ്മയിൽ ഇദ്ദേഹം ഓർമകൾ പങ്കുവെക്കാനെത്തി. ചടങ്ങിൽ മനോജ് ജോർജ്ജിനെ ആദരിച്ചു.

സംഗീതമാണ് ജീവിതം

 ബെംഗളൂരുവിൽ ന്യൂ വേവ് എന്ന സംഗീതസ്ഥാപനം നടത്തുകയാണ് മനോജ് ഇപ്പോൾ. വയലിൻ, പിയാനോ, കീബോർഡ്, ഗിറ്റാർ തുടങ്ങിയവ ഇവിടെ പഠിപ്പിക്കുന്നു. ഗുരു ലെസ്‌ലി പീറ്ററിനെപ്പോലെത്തന്നെ താനും കുറച്ച് സ്ട്രിക്ടാണെന്ന് ചിരിയോടെ മനോജ് പറയുന്നു. അല്ലെങ്കിൽ വിദ്യാർഥികൾ പഠിപ്പിൽ ഉഴപ്പും. തന്റെ ഗുരു കർക്കശക്കാരനായതിനാലാണ് താൻ മികച്ച വയലിൻവാദകനായത്. ബെംഗളൂരുവിൽ ‘മനോജ് ജോർജ്‌ ഫോർ സ്ട്രിങ്‌സ്’ എന്ന മ്യൂസിക് ബാൻഡും നടത്തുന്നുണ്ട്. വിദേശത്തും ഇന്ത്യക്കകത്തുമായി ആയിരത്തോളം സംഗീതപരിപാടികളും മനോജ് അവതരിപ്പിച്ചിട്ടുണ്ട്.

 2001 ൽ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ‘ഖരാക്ഷരങ്ങൾ’ക്ക് പശ്ചാത്തലസംഗീതമൊരുക്കി. കന്നഡ സിനിമ ‘ആത്മീയ’, ‘ഉർവി’, എന്നിവക്കും സംഗീതം നൽകി. ഉർവിക്ക് ന്യൂയോർക്ക് സിറ്റി ഫിലിം പുരസ്‌കാരം ലഭിച്ചു.  ‘എന്നെന്നും’മലയാള ആൽബത്തിന് വേണ്ടിയും ഒരുപാട് ഭക്തിഗാനങ്ങളും ചെയ്തു. ‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ’ എന്ന ഹാപ്പി ജാമിന്റെ പരസ്യം തുടങ്ങി നിരവധി പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുമുണ്ട്. മികച്ച സംഗീതപ്രതിഭക്കുള്ള എം.എ. റപ്പായി മൊയലൻ സപ്തതി സ്മാരക കലാസദൻ കലാരത്‌ന പുരസ്‌കാരവും മനോജിനെത്തേടിയെത്തി.

ഇഷ്ടം കർഷകനാവാൻ

 താനൊരു വയലിനിസ്റ്റ് ആയില്ലായിരുന്നെങ്കിൽ കർഷകനായേനെയെന്ന് മനോജ് ജോർജ്‌. സംഗീതം കഴിഞ്ഞാലുള്ള ഇഷ്ടം കൃഷിയോടാണ്. കുട്ടിക്കാലത്ത് പറമ്പിൽ കപ്പ നടാൻ കൂടും. റോസാച്ചെടികൾ വെച്ചുപിടിപ്പിക്കും. വളമിട്ടും നനച്ചും റോസാച്ചെടികൾ പൂക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു.   ബെംഗളൂരുവിലാണ് ഭാര്യ സുഷയും വിദ്യാർഥികളായ മക്കൾ നീലും നിയ റോസുമൊത്ത് മനോജ് ജോർജ്ജിന്റെ താമസം. ബാഡ്മിന്റൺ ആണ് മറ്റൊരിഷ്ടം