എം.ജയചന്ദ്രന്‍  സംഗീത സംവിധായകന്റെ കുപ്പായമണിയാതെ ഗായകനായി എത്തിയ മഞ്ഞു മന്ദാരമേ എന്ന ഗാനം ശ്രദ്ധ നേടുന്നു.
യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹന്‍ എം.പിയുടെ സംഗീതത്തിലാണ് 'മഞ്ഞു മന്ദാരമേ' എന്ന താരാട്ടുപാട്ട് ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്നത്. ജയചന്ദ്രന്‍ ഇതുവരെ പാടിയ ഗാനങ്ങളെല്ലാം സ്വന്തം സംഗീതത്തിലുള്ളതായിരുന്നു. ഇത് ആദ്യമായി മറ്റൊരാളുടെ സംഗീതത്തില്‍ ജയചന്ദ്രന്‍ പാടുന്നതെന്ന പ്രത്യേകയും ഈ താരാട്ടുപാട്ടിനുണ്ട്.

ഗാനരചയിതാവ് വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഉണ്ണി മേനോന്‍ , സിത്താര കൃഷ്ണകുമാര്‍ , ശ്രേയ ജയ്ദീപ് അടക്കം സംഗീത മേഖലയിലെ നിരവധി പേര്‍ ഗാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകഴിഞ്ഞു.

എം.ജയചന്ദ്രന്‍ ഗാനം ആലപിക്കുന്നതിന്റെ സ്റ്റുഡിയോ രംഗങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് സംഗീത സംവിധായകനായ പ്രശാന്ത് മോഹന്‍ എം.പി യും ഭാര്യ ആന്‍സി സജീവും മകന്‍ ധ്യാന്‍ പ്രശാന്തുമാണ്. വിപിന്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഗാനരംഗം ദൃശ്യവത്കരിച്ചിരിക്കുന്നത് ദിവാകൃഷ്ണയാണ്. അശ്വന്ത് എസ് ബിജുവാണ് ഛായാഗ്രഹണം. പി ഫാക്ടര്‍ എന്റര്‍ടൈന്‍മെന്റ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.  

Content Highlights: Manju Mandharame, Lullaby, M Jayachandran, Prasanth Mohan, M P Divakrishna, VJ Vinayak, Sasikumar