പിന്നണി ഗാനരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തിയ ഗായികയാണ് മഞ്ജരി. വേറിട്ട ശബ്ദം, ഏതു ഭാഷയിലും ശൈലിയിലും കൂളായി പാടും, ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ കയറിപ്പറ്റി. 'പാട്ടു കൊള്ളാം..എന്നാലും അഹങ്കാരിയാണ്' എന്നാണ് ആളുകള്‍ മഞ്ജരിയെപ്പറ്റി പറയുന്നത്. സെന്‍സിറ്റീവായ തന്നെ ഇതു ഏറെ ദുഃഖിപ്പിച്ചിരുന്നുവെന്നും വിദേശത്തു വളര്‍ന്നതിനാല്‍ ഇവിടവുമായി പൊരുത്തപ്പെടാന്‍ ഒരു പാടു സമയമെടുത്തുവെന്നും അവര്‍ ഈയിടെ പറഞ്ഞിരുന്നു. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രൊജക്ട് എന്ന പരിപാടിക്കിടെയാണ് കരിയറില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് മഞ്ജരി മനസു തുറന്നത്.

കരിയറിന്റെ തുടക്കകാലത്ത് ഏറെ വിഷമിച്ച, ബുദ്ധിമുട്ടിച്ച ഒരു കാര്യമുണ്ട്.കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ തന്നെ മസ്‌ക്കറ്റിലെ സ്‌കൂള്‍ പഠനം കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ കള്‍ച്ചറല്‍ ഷോക്ക് അനുഭവപ്പെട്ടു. അവിടെ സ്‌കൂളുകളിലെല്ലാം തികച്ചും വ്യത്യസ്ത സംസ്‌കാരമാണ്. പെണ്‍കുട്ടികള്‍ അധികം ചിരി കളിയൊന്നുമില്ലാതെ, വളരെയധികം റിസേവ്ഡ് ആയിരുന്ന് സംസാരിക്കുന്നതാണ് കണ്ടിട്ടുള്ളത്. അത്തരം കാര്യങ്ങളില്‍ സ്‌കൂളുകളും കര്‍ക്കശമായിരുന്നു.  ഇവിടെയെത്തി, ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ സിനിമയില്‍ സജീവമായി.. അപ്പോഴൊക്കെ എന്റെ ഇരിപ്പും സംസാരരീതിയുമെല്ലാം വേറിട്ടു തന്നെ നിന്നു. കാലിന്‍മേല്‍ കാല്‍ കയറ്റി വച്ച് കംഫര്‍ട്ടബിളായി ഇരിക്കുന്നതു പോലും വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. എന്റെ പല ചേഷ്ടകളും അഹങ്കാരത്തിന്റെ രീതിയിലാണ് ആളുകളെടുത്തിരുന്നത്. അതെല്ലാം എന്നെ തകര്‍ത്തിരുന്നു.. എനിക്കു സംഭവിച്ചത് ഒരു കള്‍ച്ചറല്‍ ഷോക്കാണെന്നു തിരിച്ചറിയാനും അതില്‍ നിന്നും കര കയറാനും നല്ല പോലെ സമയമെടുത്തു. ഞാന്‍ പഠിച്ചു. നമ്മളില്‍ നിന്നും ആളുകള്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്. വളരെ സെന്‍സിറ്റീവാണ് ഞാന്‍. ഒരു തരത്തിലും ആളുകളെ വിഷമിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ സുഹൃത്തുക്കള്‍ക്കിടയിലാണെങ്കില്‍ പോലും ആരെങ്കിലും വിഷമിച്ചിരിക്കയാണെങ്കില്‍ ഇപ്പോള്‍ ഒകെയാണോ.. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും വേദനിപ്പിച്ചോ എന്ന് ഒരു പത്തു തവണയെങ്കിലും ചോദിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അഹങ്കാരിയെന്ന ഇമേജ് മാറ്റിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. മഞ്ജരി മനസു തുറക്കുന്നു.