ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽ ജോലി ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകർ ചേർന്നൊരുക്കിയ ആൽബം ശ്രദ്ധ നേടുന്നു. നടൻ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ നഴ്‌സസ് ഡേയുടെ ഭാ​ഗമായി ഈ ​ഗാനം പങ്കുവച്ചിരുന്നു. 

നടന്‍ ജയറാമിന്റെ ശബ്ദസന്ദേശത്തോടെയാണ് ഈ  ആൽബം തുടങ്ങുന്നത്. 'സ്‌നേഹിതരെ, ഞാന്‍ ജയറാമാണ്. ലോകം മുഴുവന്‍ ഒരു മരണമുഖത്താണ്. ജീവനില്‍ കൊതി എല്ലാവര്‍ക്കുമുണ്ടല്ലോ ? പക്ഷെ, കരുതലും കരുത്തുമായി സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവന് മൂല്യം കല്‍പ്പിക്കുന്ന കുറെ ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. മനുഷ്യര്‍ മുറിവേറ്റ് കിടക്കുന്ന എല്ലായിടങ്ങളിലും എല്ലാക്കാലത്തും അവര്‍ ഉണ്ടായിരുന്നു. അവര്‍ക്കുവേണ്ടി മലയാളത്തിലെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മാഷ് സംഗീതം നല്‍കി റോയ് കാഞ്ഞിരത്താനം രചിച്ച ഈ ഗാനം ഇരുപത് രാജ്യങ്ങളില്‍ നിന്ന് ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം ശബ്ദം നല്‍കി അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഗാനം നിങ്ങള്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു എന്ന മുഖവുരയോടെയാണ് തുടങ്ങുന്നത്. 

ആദ്യവരി പാടിത്തുടങ്ങുന്നത് ഔസേപ്പച്ചന്‍ തന്നെയാണ്. തുടര്‍ന്ന് അയര്‍ലണ്ടിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍ നിന്ന് ഡോ.വാണി ജയറാം, സ്‌കോട്‌ലന്‍ഡിലെ ഡോ. സവിത മേനോന്‍, പിന്നെ സ്വിറ്റ്‌സര്‍ലണ്ടിലെ തോമസ് മുക്കോംതറയില്‍, ബഹ്‌റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി  ജോര്‍ജ്, ഓസ്‌ട്രേലിയയിലെ ജെയ്‌മോന്‍ മാത്യു, സിംഗപ്പൂരിലെ പീറ്റര്‍ സേവ്യര്‍, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയില്‍നിന്ന് പ്രീജ സിബി കാനഡയിലെ ജ്യോത്സ്‌ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോള്‍, യുഎഇയില്‍ നിന്ന്  രേഖ ജെന്നി, അയര്‍ലണ്ടിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സിനി പി മാത്യു എന്നിവരും ഒന്നിച്ചു ചേർന്നു.

 'ഒരു സ്‌നേഹവാക്കിനാല്‍ ഒരു കുഞ്ഞു ഹൃദയത്തില്‍

സ്വാന്തനം പകരാന്‍ കഴിഞ്ഞുവെങ്കില്‍,

ഒരുനോക്കിന്‍ കനിവിനാല്‍ ഒഴുകുന്ന മിഴികള്‍തന്‍

കണ്ണീര്‍ തുടക്കാന്‍ കഴിഞ്ഞുവെങ്കില്‍,

ഒരു കരുതലായ് തീരാന്‍ കഴിഞ്ഞുവെങ്കില്‍...'