യസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'വെള്ളം' സിനിമയിലെ 'ആകാശമായവളേ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനം ഷഹബാസ് അമന്‍ സമര്‍പ്പിച്ചിരിക്കുന്നത് ബിജിപാലിന്റെ ഭാര്യ ശാന്തിക്കാണ്. 2017-ല്‍ ആണ് ശാന്തി മരണപ്പെടുന്നത്. 

'ഇത് പാടുമ്പോള്‍ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി! ചില നേരത്തെ ഉത്തരം കൊടുക്കാന്‍ കഴിയാത്ത അവന്റെ നോട്ടങ്ങള്‍ കൊണ്ടാണ് ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്. അതുകൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ... ശാന്തി... ഇത് നിനക്കല്ലാതെ മറ്റാര്‍ക്ക് സമര്‍പ്പിക്കാനാണ്...' ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

ക്യാപ്റ്റനുശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ജയസൂര്യയ്‌ക്കൊപ്പം സംയുക്താമേനോനും പ്രധാന റോളില്‍ ചിത്രത്തിലെത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്,  നിര്‍മല്‍ പാലാഴി, ഉണ്ണിരാജ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Content highlights : malayalam movie vellam lyrical song released