കൊച്ചി: പഴയ പാട്ടുകള്‍ പലതും ചിത്രീകരിച്ചു വികലമാക്കിയവയായിരുന്നെന്ന് രവി മേനോന്‍. ആര്‍.കെ. ദാമോദരന്റെ ഗാനരചനയുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 'മധുരം ദാമോദരം' പരിപാടിയില്‍ 'ചലച്ചിത്രഗാനം അന്നും ഇന്നും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ പാട്ടുകളോട് യോജിക്കാന്‍ കഴിയാതിരുന്ന ഒരേയൊരു കാര്യം അതിന്റെ ചിത്രീകരണമാണ്. അതിമനോഹരമായ വരികളുള്ള ഗാനങ്ങളെ വികലമായി ചിത്രീകരിച്ച ഒരുപാടു ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഴഞ്ചനെന്നു പറഞ്ഞ് പാട്ടുകളെ തള്ളിക്കളയാന്‍ കഴിയില്ല. അത് ആസ്വദിക്കുന്ന വ്യക്തികള്‍ എന്നുമുണ്ടാകും. പാട്ടുകളുടെ സ്വാധീനം അത് കേള്‍ക്കുന്ന സമയത്തെ ഓരോരുത്തരുടെയും മാനസികാവസ്ഥ കൂടിയനുസരിച്ചാണ്. പ്രീ ഡ്രിഗ്രി പഠനക്കാലത്തു തന്നെ ആര്‍.കെ. ദാമോദരന്‍ എന്ന ഗാനരചയിതാവിനെ നെഞ്ചിലേറ്റിയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയ പാട്ട് പുതിയ പാട്ട് എന്നൊന്നില്ല, പാട്ടുകളോടുള്ള സ്‌നേഹം വ്യക്തിപരമാണ്. ഇന്നത്തെ സിനിമയുടെ മാര്‍ക്കറ്റിങ് തന്നെ പാട്ടുകളിലാണെന്നും അതിനു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ശ്രീകുമാര്‍ മുഖത്തല അധ്യക്ഷത വഹിച്ചു. ആര്‍.കെ. ദാമോദരനെ ആദരിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ., ടി.എസ്. രാധാകൃഷ്ണന്‍, ബേണി-ഇഗ്നേഷ്യസ്, കെ.എം. ഉദയന്‍, ബിജിബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.