അഹമ്മദാബാദ്: ഗുജറാത്തി ചലച്ചിത്രലോകത്ത് വസന്തം വിരിയിച്ച താരസഹോദരങ്ങളെ തൊട്ടടുത്തദിവസങ്ങളിൽ മരണം വിളിച്ചു. ഗായകനും സംഗീതസംവിധായകനുമായ മഹേഷ് കനോഡിയ(83) മരിച്ച് രണ്ടാംദിവസമായ ചൊവ്വാഴ്ച സൂപ്പർസ്റ്റാർ നരേഷ് കനോഡിയയും(77) മരണത്തിന് കീഴടങ്ങി.

മാസങ്ങളായി കിടപ്പിലായിരുന്ന മഹേഷ് ഞായറാഴ്ച ഗാന്ധിനഗറിലെ വസതിയിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി അഹമ്മദാബാദ് യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു നരേഷ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തെ മറ്റ് രോഗങ്ങളും അലട്ടിയിരുന്നു. രണ്ടുമക്കളിൽ ഹിതു കനോഡിയ ഗുജറാത്തി നടനും ഇദറിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ.യുമാണ്. ശവസംസ്കാരം കോവിഡ് നടപടികൾ പ്രകാരം പൂർത്തിയാക്കി.

മഹേഷ്-നരേഷ് എന്ന പേരിൽ 40 വർഷത്തോളം ഗുജറാത്തി സിനിമയിൽ നിറഞ്ഞുനിന്നവരായിരുന്നു കനോഡിയമാർ. മുന്നൂറിലേറെ സിനിമകളിൽ വേഷമിട്ട നരേഷ് ഗുജറാത്തി സിനിമയിലെ അമിതാഭ് ബച്ചൻ എന്നും അറിയപ്പെട്ടു. ജ്യേഷ്ഠനായ മഹേഷിനൊപ്പം മിക്ക സിനിമകളിലെയും സംഗീതസംവിധാനവും നിർവഹിച്ചു. അറിയപ്പെടുന്ന സ്റ്റേജ് പെർഫോർമർമാരുമായിരുന്നു ഇരുവരും. വേദികളിൽ ഗായികമാരുടെ സ്വരം മനോഹരമായി അനുകരിക്കുമായിരുന്നു മഹേഷ് കനോഡിയ.

ബോളിവുഡിന്റെ മാസ്മരികതയിൽ ശ്വാസംമുട്ടിയിട്ടും ഗുജറാത്തി സിനിമയെ തലയുയർത്തിനിർത്താനും പ്രേക്ഷകരിലെത്തിക്കാനും ഇരുവരും വഹിച്ച പങ്ക് വലുതാണ്. 1969-ൽ ‘വേലി നേ അവ്യാ ഫൂൽ’ എന്ന സിനിമയിലൂടെയാണ് നരേഷ് അഭിനയരംഗത്തെത്തിയത്. പിന്നീട് ജോഗ് സംജോഗ്, കൻകു നി കിമത്, ലജു ലഖൻ, വഞ്ചാരി വാവ്, ധോല മാരു തുടങ്ങിയ ഹിറ്റ് സിനിമകളിൽ നായകനായി. സ്നേഹലത, അരുണ ഇറാനി, റോമ മനേക് തുടങ്ങിയ നായികമാർക്കൊപ്പം അഭിനയിച്ചു. മല്ലികാ സാരാഭായിക്കൊപ്പം വേഷമിട്ട ഭാതിജി മഹാരാജും ഹിറ്റായി. ഗുജറാത്തി നടൻമാരിൽ നർത്തകനെന്ന് ആദ്യം പേരെടുത്തതും മറ്റാരുമല്ല. ബോളിവുഡിന്റെ പ്രലോഭനങ്ങളിൽനിന്നും അകന്നുനിന്ന നരേഷ് ‘ഛോട്ടാ ആദ്മി’ എന്ന ഒരേയൊരു ഹിന്ദി സിനിമയിലാണ് വേഷമിട്ടത്.

മഹെസാണ ജില്ലയിലെ കനോഡിയയിൽ ദളിത് കുടുംബത്തിലെ മിൽ തൊഴിലാളിയുടെ മക്കളായ ഇരുവരും സാമൂഹികമായ വിലക്കുകൾക്ക് പ്രതിഭയെ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് തെളിയിച്ചവരാണ്. ബി.ജെ.പി.യിലൂടെ രാഷ്ട്രീയത്തിലും ഇരുവരും തിളങ്ങി. മഹേഷ് പാഠനിൽ നിന്ന് മൂന്നുവട്ടം ലോക്‌സഭാംഗമായി. നരേഷ് 2002-ൽ കർജനിൽനിന്ന് എം.എൽ.എ.യായി. ഫാൽക്കേ കുടുംബം ഏർപ്പെടുത്തിയ ഫാൽക്കേ അക്കാദമി അവാർഡ് 2012-ൽ നരേഷിന് ലഭിച്ചു. ഇരുവരും ചേർന്ന് എഴുതിയ ആത്മകഥ ‘സൗന ഹൃദയമാ ഹമേഷ്-മഹേഷ്, നരേഷ്’ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് പ്രകാശനം ചെയ്തത്.

സാംസ്കാരിക ലോകത്തിന് മഹേഷ്, നരേഷ് കനോഡിയമാർ നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Content Highlights: Mahesh Kanodia Naresh Kanodia Gujarati Films musicians demise