മലയാളികൾക്ക് പ്രിയങ്കരനായ ഗായകൻ മധു ബാലകൃഷ്ണനും ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രം 'മൈ ഡിയർ മച്ചാനി'ലൂടെയാണ് മധു ബാലകൃഷ്ണൻ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

'പൂമുടിച്ച് പുതുമനെപോലെ ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും....' കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ തമിഴും മലയാളവും ഇടകലർത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണൻ സംഗീതം നൽകിയത്. കെ എസ് ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണനും ചേർന്നാണ് ​ഗാനം ആലപിക്കുന്നത്. ഒരു അഗ്രഹാരത്തിൻറെ പശ്ചാത്തലത്തിൽ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ ഗാനമാണിത്.

ഇത്തരമൊരു ഗാനത്തിന് സംഗീതം നൽകാനും ചിത്രച്ചേച്ചിക്കൊപ്പം പാടാനും കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് മധു ബാലകൃഷ്ണൻ പറഞ്ഞു. "കവി ശ്രേഷ്ഠനായ രമേശൻസാറിൻറെ വരികൾക്ക് ഈണം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പിന്നണി ഗാനരംഗത്ത് ഞാൻ 25 വർഷം പിന്നിടുകയാണ്. ഇതിനിടയിൽ പാട്ടുകൾക്ക് ഈണം നൽകാൻ പല കാരണങ്ങൾ കൊണ്ട് കഴിയാതെപോയി. ഈ ഗാനം വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. എൻറെ അടുത്ത സുഹൃത്ത് സൗണ്ട് എഞ്ചിനീയറായ ഷിയാസാണ് എനിക്ക് ഇങ്ങനെയൊരു സാധ്യതയ്ക്ക് പ്രേരണയായത്. എന്നാൽ എനിക്ക് സംഗീതം ഒരുക്കാൻ അവസരം നൽകി സഹായിച്ചത് ബെൻസി പ്രൊഡക്ഷൻസിന്റെ നിർമ്മാതാവ് ബെൻസി നാസർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബോസാണ്. ബോസിനോട് പ്രത്യേകം നന്ദിയുണ്ട്.വളരെ മനോഹരമായ പാട്ടാണ്. ഇനി ആസ്വാദകർ ആ പാട്ട് ഏറ്റെടുക്കുമെന്നാണ് എൻറെ പ്രതീക്ഷ, ഇത്രയും കാലം ആലാപനത്തിലായിരുന്നു ശ്രദ്ധ. ഇനി സംഗീത സംവിധാനത്തിലും ശ്രദ്ധിക്കേണ്ടിവരും. ഇനിയും കൂടുതൽ പാട്ടുകൾക്ക് ഈണം നൽകണമെന്നു തന്നെയാണ് എൻറെ ആഗ്രഹം", മധു ബാലകൃഷ്ണൻ പറഞ്ഞു.

മധു ബാലകൃഷ്ണൻ വ്യക്തമാക്കി. യുവതാരങ്ങളായ അഷ്ക്കർ സൗദാൻ, രാഹുൽ മാധവ്, ബാല, ആര്യൻ, അബിൻ ജോൺ എന്നിവരാണ് മൈ ഡിയർ മച്ചാനിലെ മുഖ്യ കഥാപാത്രങ്ങൾ. വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷൻ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയർ മച്ചാൻസ് ഒരു ഫാമിലി എൻർടെയ്നർ കൂടിയാണ്. ബാനർ - ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം - ബെൻസി നാസർ, സംവിധാനം- ദിലീപ് നാരായണൻ, ഛായാഗ്രഹണം- പി സുകുമാർ, കഥ/തിരക്കഥ -വിവേക്, ഷെഹീം കൊച്ചന്നൂർ, ഗാനരചന- എസ് രമേശൻ നായർ, ബി ഹരിനാരായണൻ, സംഗീതം- വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, പി ആർ ഒ - പി ആർ സുമേരൻ.

Content Highlights : Madhu Balakrishnan turns music director in My dear Machans