അച്ഛന് ക്ലാസിക്കല്‍ മ്യൂസിക്കിനോടായിരുന്നു താത്പര്യം. അമ്മയ്ക്കാവട്ടെ ലളിതഗാനവും സിനിമാപാട്ടുകളുമൊക്കെയാണ് ഇഷ്ടം. ഇതെല്ലാം കൂടിച്ചേര്‍ന്ന സംഗീതമാണ് വീട്ടില്‍ ഞാന്‍ ചെറുപ്പത്തില്‍ കേട്ടുകൊണ്ടിരുന്നത്. ആ സമയത്താണ് കരിനീല കണ്ണുള്ള പെണ്ണേ നിന്റെ കവിളത്ത് ഞാനൊന്ന് നുള്ളി എന്നൊരു പാട്ട് കേള്‍ക്കുന്നത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതം. ശ്രീകുമാരന്‍ തമ്പിയുടെ രചനയും. യേശുദാസിന്റെ ചെറുപ്പകാലത്ത് എച്ച്.എം.വി ഇറക്കിയ റെക്കോഡാണത്. അതില്‍ കരിനീല കണ്ണുള്ള പെണ്ണേ എന്നതിന്റെ കൂടെ എന്തോ ഒരു ഇന്‍സ്ട്രുമെന്റ് വായിക്കുന്നുണ്ട്. അത് എന്താണെന്ന് പിടി കിട്ടാതെ നില്‍ക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞു, അത് തബല എന്ന ഇന്‍സ്ട്രുമെന്റ് ആണെന്ന്. ചേട്ടന്‍ മൃദംഗവും ഘടവുമൊക്കെ വായിക്കും. കുറച്ചുകഴിയുമ്പോഴേക്കും കരിനീല കണ്ണുള്ള പെണ്ണേ എന്ന പാട്ട് എന്റെയൊരു ഡ്രീം മ്യൂസിക് പോലെയായി. അതിലുള്ള യേശുദാസിന്റെ ശബ്ദവും തബല എന്ന ഉപകരണവുമാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചത്. പിന്നെ യേശുദാസ് എങ്ങനെയിരിക്കും എന്നായി ആലോചന. അദ്ദേഹത്തിന്റെ പടങ്ങള്‍ എല്‍പി റെക്കോഡിന്റെ പിന്നിലൊക്കെ ഒട്ടിച്ചുവെച്ചിട്ടുണ്ട്. അതില്‍ താടിയൊക്കെ വെച്ചൊരാളാണ്. ആ താടി എന്റെ മനസ്സില്‍ കയറി. യേശുദാസിന് താടിയുണ്ട്, അപ്പോള്‍ എനിക്കും താടിവേണമെന്നായി ചിന്ത. ഏഴോ എട്ടോ വയസ്സിലാണെന്ന് ഓര്‍ക്കണം. യേശുദാസ് ഭയങ്കര പാട്ടാണ്, എനിക്കും അതുപോലെ എപ്പോഴെങ്കിലും പാടാന്‍ പറ്റുമോ? എന്തായാലും ഒമ്പതാം വയസ്സില്‍ ഞാന്‍ ആദ്യത്തെ സംഗീതക്കച്ചേരി നടത്തി. അപ്പോഴേക്കും യേശുദാസിന്റെ ശബ്ദത്തോട് വല്ലാത്തൊരു ആരാധന തോന്നിത്തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തെ എങ്ങനെയെങ്കിലും ഒന്ന് നേരിട്ട് കാണണമെന്നായി ചിന്ത. അപ്പോഴാണ് സെനറ്റ് ഹാളില്‍ അദ്ദേഹത്തിന്റെ ഒരു ഗാനമേളയുണ്ടെന്ന് കേള്‍ക്കുന്നത്. അവിടെ ചെന്നാണ് വെള്ള വസ്ത്രമണിഞ്ഞ, താടി നീട്ടി വളര്‍ത്തിയ യേശുദാസിനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം അവിടെയൊരു പാട്ടുപാടി. സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍....അങ്ങനെ യേശുദാസ് എന്ന ഇതിഹാസത്തെ ആദ്യമായി കണ്ടപ്പോള്‍ കേട്ട ആ പാട്ടും മനസ്സില്‍ കുടിയേറി.
അമ്മയുടെ പാചകവും അച്ഛന്റെ രാഗങ്ങളും
അമ്മ അസ്സലായി പാചകം ചെയ്യുമായിരുന്നു. സുകുമാരി ചേച്ചിയുടെ ഭക്ഷണം കഴിക്കാനായിട്ട് അച്ഛന്റെ സുഹൃത്തുക്കളൊക്കെ വീട്ടില്‍ വരും. വിരുന്നുകാര്‍ രാത്രി അത്താഴമൊക്കെ കഴിച്ച് പാചകം അസ്സലായെന്ന് പറയുമ്പോള്‍ അമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആനന്ദം തത്തിക്കളിക്കുന്നുണ്ടാവും. അതിഥികള്‍ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ അച്ഛന്റെ ചുണ്ടിലൊരു രാഗം വിരിയും. അവരെ ഗേറ്റില്‍ കൊണ്ടുപോയി യാത്രയാക്കുന്നതുവരെ അച്ഛനത് മൂളുന്നുണ്ടാവും. പലപ്പോഴും അച്ഛനത് അറിഞ്ഞിരുന്നില്ല. പക്ഷേ ഞാനത് എപ്പോഴും കേള്‍ക്കുന്നുണ്ട്. നീലാംബരി,ഷഹാന,ആനന്ദഭൈരവി തുടങ്ങി വളരെ ശാന്തപ്രകൃതമുള്ള രാഗങ്ങളോടാണ് അച്ഛന് ഇഷ്ടം. അന്ന് അച്ഛന്‍ മൂളിക്കൊണ്ടിരുന്ന പാട്ടുകളിലൊന്നാണ് 'ഇന്ദുമുഖീ ഇന്നു രാവില്‍ എന്തുചെയ്‌വൂ നീ...'എന്ന്. എപ്പോഴും ഇതുപാടിക്കൊണ്ടിരിക്കും. അന്ന് ഞാന്‍ വിചാരിച്ചത് ഈ പാട്ട് തുടങ്ങുന്നതേ ഇങ്ങനെയാണെന്നാണ്. കുറെ കഴിഞ്ഞപ്പോഴാണ് 'ഹര്‍ഷബാഷ്പം തൂകി' എന്നതാണ് അതിന്റെ തുടക്കമെന്ന് മനസ്സിലാവുന്നത്. അങ്ങനെ ഹര്‍ഷബാഷ്പം തൂകിയതും പ്രിയപ്പെട്ട പാട്ടുകളിലൊന്നായി മാറി.
സുഹൃദ് സദസ്സുകളില്‍ ചിലപ്പോള്‍ അച്ഛനും അമ്മയും കൂടെ പാടുമായിരുന്നു. അച്ഛന് രാഗാധിഷ്ഠിതമായ ഒന്ന് രണ്ട് പാട്ടുകളേ ഇഷ്ടമുള്ളൂ. അങ്ങനെ അച്ഛനും അമ്മയും ഒന്നിച്ച് പാടിക്കൊണ്ടിരുന്ന ചില ദിവസങ്ങളില്‍ ഞാന്‍ കേട്ടൊരു പാട്ടുണ്ട്. 'ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു.' അച്ഛന്റെയും അമ്മയുടെയും കൂടെയുള്ളതില്‍ ഒരിക്കലും മറക്കാനാവാത്തൊരു ഓര്‍മ ആ പാട്ടിലുണ്ട്. അതില്‍ 'മാനത്തെ മട്ടുപ്പാവില്‍ താരകനാരിമാരാ ഗാനനിർഝരി കേട്ടു തരിച്ചുനിന്നു' എന്നൊക്കെ രണ്ടുപേരും കൂടെ പാടുമ്പോഴേക്കും വല്ലാത്തൊരു അനുഭവമായിരുന്നു. എന്റെ കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നായിരുന്നു അത്.
മെലഡിയുടെ വഴികള്‍
12- 13 വയസ്സുള്ളപ്പോഴേക്കും സംഗീത സംവിധായകരെയും അവരുടെ സംഭാവനകളെക്കുറിച്ചുമൊക്കെ ഞാന്‍ മനസ്സിലാക്കി തുടങ്ങി. അതോടെ ദേവരാജന്‍ മാസ്റ്റര്‍, മദന്‍മോഹന്‍,എസ്.പി. ബര്‍മന്‍ തുടങ്ങിയവരൊക്കെ ഇതിഹാസ ബിംബങ്ങളായി മനസ്സില്‍ കയറി. മദന്‍ മോഹന്റെ നെയ്‌നാ ബര്‍സേ എന്ന പാട്ട് അങ്ങനെ കേട്ടതിലൊന്നാണ്. മദന്‍മോഹനും ലതാമങ്കേഷ്‌ക്കറും ഒരുമിച്ച് ചേര്‍ന്ന ചില പാട്ടുകളുണ്ട്. നമ്മള്‍ എത്ര വിട്ടുപോവണം എന്നുവിചാരിച്ചാലും വിടാന്‍ സാധിക്കാത്ത ഗാനങ്ങള്‍. റേഡിയോയിലൂടെ ഇതൊക്കെ കേള്‍ക്കുമ്പോള്‍ മദന്‍മോഹനെ എപ്പോഴെങ്കിലും ഒന്ന് കാണണമെന്ന് തോന്നിത്തുടങ്ങി. പക്ഷേ മരിക്കുംമുന്നേ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല എന്നത് ഇന്നും സങ്കടമായിട്ട് നില്‍ക്കുകയാണ്. പക്ഷേ അവിടെനിന്ന് എനിക്കൊരു വഴി തുറന്നുകിട്ടി. മദന്‍മോഹന്‍ കാട്ടിത്തന്ന മെലഡിയുണ്ടാക്കുന്ന വഴി. ഞാനും അതിലൂടെ നടക്കാന്‍ കൊതിച്ചു.
ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ ദിനം
എന്റെ അമ്മയുടെ കസിനാണ് സംവിധായകന്‍ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ഞാന്‍ അവരെ രാധമ്മായി എന്നാണ് വിളിക്കാറ്. അമ്മ ഇടയ്ക്കിടയ്ക്ക് അവരോട് പറയും 'രാധേ പപ്പനോട് (പത്മരാജന്‍) പറഞ്ഞിട്ട് കുട്ടനെ ഒന്ന് സിനിമയില്‍ പാടിക്കണം'ആ സമയത്താണ് ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയുടെ റെക്കോഡിങ് വരുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലമാണ്. എന്നെയും കൂട്ടി റെക്കോഡിങ്ങിന് ചെന്നൈയില്‍ വരാന്‍ പത്മരാജന്‍ സാര്‍ പറഞ്ഞു. 'നിനക്കൊരു ട്രാക്ക് പാടാനെങ്കിലും അവസരം കിട്ടുമല്ലോ' എന്നും പറഞ്ഞാണ് അമ്മ എന്നെ വിടുന്നത്. അങ്ങനെ ഞാന്‍ ജീവിതത്തിലാദ്യമായി ചെന്നൈയിലെത്തി. അന്ന് മദിരാശി പട്ടണത്തിന്റെ തെരുവുകളിലൂടെ കാറില്‍ പോവുമ്പോള്‍ വഴിയിലെങ്ങും ഇളയരാജയുടെ വലിയ കട്ടൗട്ടുകളാണ് കാണുന്നത്. ഞാനൊരുപാട് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ തന്ന സംഗീത സംവിധായകനാണ് അദ്ദേഹം. എന്റെ കിടപ്പുമുറിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു പടം ഒട്ടിച്ചുവെച്ചിട്ടുണ്ട്.
തെരുവിലെ ഈ കട്ടൗട്ടുകള്‍ കൂടെ കണ്ടപ്പോള്‍ ഇളയരാജ എന്നത് വലിയൊരു സംഭവമാണല്ലോ എന്നെനിക്ക് തോന്നിത്തുടങ്ങി. അങ്ങനെ കാഴ്ചകളെല്ലാം കണ്ട് ഞാന്‍ സ്റ്റുഡിയോയിലെത്തി. അവിടെ 'ഞാന്‍ ഗന്ധര്‍വ'ന്റെ പൂജ നടക്കുകയാണ്. പറഞ്ഞുമാത്രം കേട്ടിട്ടുള്ള സിനിമയിലെ വലിയ ആളുകളെല്ലാം അവിടെയുണ്ട്. എന്നെ കണ്ടപ്പോള്‍ പത്മരാജന്‍ സാര്‍ ചോദിച്ചു, 'മോനെ പാട്ടുപഠിക്കണ്ടേ '. ഞാന്‍ തലയാട്ടി. അദ്ദേഹം എന്നെയും വിളിച്ച് ഒരു മുറിക്ക് അകത്തേക്ക് പോയി. അതിനകത്ത് പത്മരാജന്‍, ഭരതന്‍, കൈതപ്രം, ജോണ്‍സണ്‍ എന്നിവരൊക്കെ ഇരിക്കുന്നുണ്ട്. ഒരു ഹാര്‍മോണിയവും വെച്ചാണ് ജോണ്‍സേട്ടന്റെ ഇരിപ്പ്. എന്നെ കണ്ടപാടെ അദ്ദേഹം ചോദിച്ചു, 'ഇതാണോ പത്മരാജന്‍ പറഞ്ഞ പയ്യന്‍.' അദ്ദേഹം അതേ എന്നു തലയാട്ടി. അപ്പോള്‍ ജോണ്‍സേട്ടന്‍ 'മോനെ പാട്ടുപഠിക്കാം. ആദ്യം നീ ഈ പാട്ടൊന്ന് കേട്ടുനോക്ക്' എന്നുപറഞ്ഞു പാട്ട് മൂളിത്തുടങ്ങി. ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം എന്ന പാട്ടില്‍ ജോണ്‍സേട്ടന്‍ ലയിച്ചിരിക്കുകയാണ്. ഇടയ്ക്ക് ചില വേരിയേഷന്‍സൊക്കെ വരുമ്പോള്‍ എന്റെ മുഖത്തോട്ട് നോക്കും. ഇതൊക്കെ നിന്നെക്കൊണ്ട് പാടാന്‍ പറ്റുമോടെ എന്നാണ് ആ നോട്ടത്തിന്റെ പിന്നിലെ ഉദ്ദേശമെന്ന് എനിക്ക് തോന്നി തുടങ്ങി. എന്നാലും ഞാന്‍ പാട്ടു പഠിച്ചു. റെക്കോഡിങ്ങ് ദിവസമെത്തി. രാവിലെ ചിത്രച്ചേച്ചി വന്നിട്ട് 'പാലപ്പൂവേ നിന്‍തിരുമംഗല്യ താലി തരൂ' എന്ന പാട്ട് പാടി. ഞാനതൊക്കെ നേരില്‍ കണ്ടു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഞാന്‍ പാടേണ്ടത്. ഓര്‍ക്കസ്ട്ര വന്നു. എല്ലാവരും തയ്യാറായി. ആ നിമിഷം എത്തുമ്പോഴാണ് ഒരു ടെലിഗ്രാം വരുന്നത്. 'ജോണ്‍സേട്ടന്റെ ഭാര്യയുടെ അച്ഛന്‍ മരിച്ചു'. അതോടെ അന്നത്തെ റെക്കോഡിങ് വേണ്ടെന്ന് വെച്ചു. ഞാന്‍ നാട്ടിലേക്ക് തിരികെ പോന്നു.
വീണ്ടും ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് എന്നെ അന്വേഷിച്ചെങ്കിലും അതൊരു സ്‌കൂള്‍ പരീക്ഷാക്കാലമായിരുന്നു. അതെന്തായാലും നന്നായി. കാരണം അങ്ങനെയാണ് യേശുദാസ് ആ ഗാനം പാടുന്നത്. അന്ന് ഞാന്‍ എത്രനന്നായി പാടിയാലും യേശുദാസ് പാടിയതിന്റെ ഏഴയലത്ത് എത്തില്ല. അങ്ങനെ വന്നാല്‍ ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം എന്ന അനശ്വര ഗാനം നമുക്ക് നഷ്ടപ്പെടുമായിരുന്നു.
മുന്നില്‍ ഇളയരാജ
ഇളയരാജയുടെ പൂവേ തെന്‍പൂവേ ഉന്‍വാസം വരും എന്ന പാട്ട് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം അത് യേശുദാസ് പാടിയതുകൊണ്ടാണ്. എന്‍ ഇനിയ പൊന്‍നിലാവേ...എന്നതിലും യേശുദാസിന്റെ ശബ്ദമാണ് എന്റെ മനസ്സില്‍ കയറിയത്. യേശുദാസിന് തമിഴില്‍ മനോഹരമായ പാട്ടുകൊടുക്കുന്നയാളാണ് ഇളയരാജ എന്നുതോന്നിയപ്പോള്‍ അദ്ദേഹത്തെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. ആ ഇഷ്ടം വലുതായപ്പോള്‍ അദ്ദേഹത്തെ നേരിട്ടൊന്ന് കാണണം എന്നായി ആഗ്രഹം.
ചിത്രച്ചേച്ചിയുടെ വീട്ടില്‍ ഞാന്‍ പലപ്പോഴും താമസിച്ചിട്ടുണ്ട്. ചേച്ചിയുടെ കൂടെ റെക്കോഡിങ്ങ് കാണാന്‍ പോവും. ചേച്ചിക്ക് എന്നെ കൊച്ചിലേ അറിയാം. ചേച്ചിയുടെ ഭര്‍ത്താവ് വിജയന്‍ചേട്ടന്റെ അപ്പൂപ്പനും എന്റെ അപ്പൂപ്പനും കുടുംബ സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഒരിക്കല്‍ ചിത്രചേച്ചി ഇളയരാജയുടെ റെക്കോഡിങ്ങിന് എന്നെ കൊണ്ടുപോയി. എവിഎം സ്റ്റുഡിയോയിലാണ്. ചേച്ചിയുടെ ഒരു അംബാസഡര്‍ കാറിലാണ് ഞങ്ങള്‍ അവിടെപ്പോയി ഇറങ്ങിയത്. അപ്പോഴേക്കും എന്റെ മനസ്സിലൂടെ തെന്‍പാണ്ടി ചീമയിലെ എന്ന പാട്ടൊക്കെ ഓടിപ്പോവുന്നുണ്ട്. ഞങ്ങള്‍ വലിയ വാതിലുകളൊക്കെ കടന്ന് ഇരുട്ട് നിറഞ്ഞ മുറികളിലൂടെയൊക്കെ ആ സ്റ്റുഡോയിയിലെത്തി. ഉള്ളില്‍ചെന്ന് ഒരു വാതിലിന് കൊട്ടിയപ്പോള്‍ അത് തുറന്നുവന്നു. അകത്ത് വെള്ളവസ്ത്രധാരിയായ ഒരാള്‍ ഹാര്‍മോണിയം പിടിച്ച് താഴെ ദിവാനില്‍ ഇരിക്കുന്നു. ഇത് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും സ്തബ്ധനായിപ്പോയി. ചേച്ചി എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തി. 'ഇതെന്റെ കസിനാണ്. ജയചന്ദ്രന്‍. പാടാറുണ്ട്.' അപ്പോള്‍ ഇളയരാജ സാര്‍ വളരെ രൂക്ഷമായിട്ട് എന്റെ കണ്ണിലോട്ട് നോക്കി. അതോടെ ഞാന്‍ ദ്രവിച്ചുപോയി. എന്തുപറയണം, എന്ത് പ്രവര്‍ത്തിക്കണം എന്നൊക്കെയുള്ള സ്ഥലകാല ബോധമില്ലാതെ നിന്നു. അപ്പോള്‍ ചിത്രച്ചേച്ചി എന്റെ മുഖത്തുനോക്കി. ഞാന്‍ ഒന്നും മിണ്ടിയില്ല, ഇളയരാജ സാറും ഒന്നുംമിണ്ടിയില്ല. ഒരു മിനിറ്റ് നിശ്ശബ്ദത മാത്രം. അതിനുശേഷം ചിത്രച്ചേച്ചി പറഞ്ഞു 'ഞാന്‍ പോയിട്ട് വരട്ടെ സാര്‍' എന്ന്. അദ്ദേഹം തല കുലുക്കി.
പുറത്തിറങ്ങിയതും ചേച്ചി എന്നെ വഴക്ക് പറയാന്‍ തുടങ്ങി. ഇത്രയും വലിയൊരു സംഗീതഞ്ജനെ കണ്ടിട്ട് നീ ആ കാലില്‍ ഒന്ന് നമസ്‌കരിച്ചില്ലല്ലോ എന്നായിരുന്നു ചേച്ചിയുടെ പരാതി. ഞാന്‍ പറഞ്ഞു 'ആരാധന മൂത്തിട്ട് എന്തുചെയ്യണമെന്ന് അറിയാതെ നിന്നുപോയെന്ന്.' ആ നിമിഷത്തിലും നിലാവേ വാ....സുന്ദരി കണ്ണാലൊരു തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്റെ ഉള്ളില്‍ കിടന്ന് നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
പ്രിയപ്പെട്ട 25 പാട്ടുകള്‍
- കരിനീല കണ്ണുള്ള പെണ്ണേ നിന്റെ കവിളത്ത് ഞാനൊന്ന് നുള്ളി
- സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
- ഹര്‍ഷബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നു
- ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍ പൊന്നോടക്കുഴലില്‍
- നെയ്നാ ബര്‍സേ(മദന്‍മോഹന്‍)
- ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം
- എന്‍ ഇനിയ പൊന്‍നിലാവേ(ഇളയരാജ)
- തെന്‍പാണ്ടി ചീമയിലേ
- ചെമ്പകപുഷ്പ സുവാസിതയാമം
- കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയ
- നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ
- മിഴികളില്‍ നിറകതിരായി സ്നേഹം
- എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ കണ്‍മണി
- പൂവേ സെമ്പൂവേ ഉന്‍വാസം വരും
- സുഭഗേ സുഭഗേ
- ഉണ്ണികളെ ഒരു കഥപറയാം
- പാരിജാതം തിരുമിഴി തുറന്നു
- .തേരേ മേരെ(കിഷോര്‍കുമാര്‍)
- നിലാവേ വാ
- യെസ്റ്റര്‍ഡേ(ബീറ്റില്‍സ്)
- സംതിങ് മോര്‍(ബീറ്റില്‍സ്)
- ശ്രീലതികകള്‍ തളിരിടും
- ചക്രവര്‍ത്തിനി നിനക്ക് ഞാനെന്റെ ശില്‍പഗോപുരം തുറന്നു
- സുന്ദരി കണ്ണാലൊരു
- വാതില്‍ക്കല് വെള്ളരി പ്രാവ്
(തുടരും)
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: M Jayachandran Open Up about his 25 years of music life