ഒരു പയ്യന്‍ നടുക്കടലിലേക്ക് എടുത്തുചാടുന്നതുപോലെ സിനിമയിലേക്ക് ചാടിയ ആളാണ് ഞാന്‍


ബിജു രാഘവന്‍

പക്ഷേ എവിടെയോ ശൂന്യതയില്‍നിന്ന് പിടിച്ചെടുക്കുന്ന, ഈശ്വരന് മാത്രം കണക്ഷന്‍ ഉള്ള സംഗീതം ഉണ്ടാക്കാന്‍ സംഗീത സംവിധായകനേ കഴിയുള്ളൂ.

എം.ജയചന്ദ്രൻ | ഫോട്ടോ: മാതൃഭൂമി

സംഗീത ജീവിത്തിലെ 25 വര്‍ഷങ്ങളില്‍ ജീവിതത്തിലൂടെ വന്നു കടന്നു പോയ 25 ഗാനങ്ങളും അവയ്ക്കു പിന്നിലെ അനുഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് എം.ജയചന്ദ്രന്‍

ചെമ്പകപുഷ്പ സുവാസിത യാമം

1987. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ക്വയര്‍ തുടങ്ങുന്ന വര്‍ഷമാണത്. ഞാന്‍ മാര്‍ ഇവാനിയോസിലാണ് പഠിക്കുന്നത്. കോളേജിലെ മേഴ്‌സി ടീച്ചര്‍ ചോദിച്ചു. 'ജയചന്ദ്രന് യൂണിവേഴ്‌സിറ്റി ക്വയറില്‍ പാടാന്‍ താത്പര്യമുണ്ടോ' ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. അമ്മയുടെ കൂടെ കാറില്‍ കേറി പി.എന്‍.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററില്‍ പോയി. അന്നാണ് എം.ബി.ശ്രീനിവാസനെ കുറിച്ച് ഞാനാദ്യമായി കേള്‍ക്കുന്നത്. ഞാനൊരു മുറിയിലേക്ക് കേറിയപ്പോള്‍ അദ്ദേഹം അവിടെ ഇരിപ്പുണ്ട്. കൂടെ ഹാര്‍മോണിയം വായിക്കുന്ന പരമശിവമുണ്ട്. അദ്ദേഹം എന്നോട് പാടാന്‍ പറഞ്ഞു. ഞാനുടനെ ചെമ്പകപുഷ്പ സുവാസിതയാമം എന്ന ഗാനം പാടി. അത് എം.ബി.എസ് സാര്‍ തന്നെ ചെയ്ത പാട്ടാണ്. കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അത് വന്ത് സംഗതിയെല്ലാം പോയിട്ട് പാടവേ.' ഞാനന്ന് കര്‍ണാടിക് മ്യൂസിക്കുമായി നടക്കുന്നതുകൊണ്ടും കച്ചേരികളൊക്കെ പാടുന്നതുകൊണ്ടും അറിയാതെ ഇതിനകത്ത് കുറെ കര്‍ണാടിക് സംഗീതാംശങ്ങള്‍ വന്നിട്ടുണ്ട്. അതിനെപ്പറ്റിയാണ് സാര്‍ പറയുന്നത്.

എന്തായാലും ഗുരുനാഥന്‍ എം.ബി.ശ്രീനിവാസിന്റെ മുന്നില്‍ ഞാനാദ്യമായിട്ട് പാടിയ ചെമ്പകപുഷ്പ സുവാസിതയാമം എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു പാട്ടായി മാറി. പിന്നെയാണ് അദ്ദേഹത്തിന്റെ പല പാട്ടുകളും ഞാന്‍ അറിയുന്നത്. കൃഷ്ണതുളസിക്കതിരുമായി, നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ,മിഴികളില്‍ നിറകതിരായി സ്‌നേഹം, എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ കണ്‍മണി തുടങ്ങിയ പാട്ടുകളൊക്കെ ഉള്ളില്‍ അലയടിക്കാന്‍ തുടങ്ങി. ഞാനിന്നൊരു സംഗീത സംവിധായകന്‍ ആയിട്ടുണ്ടെങ്കില്‍ അതിന് ആദ്യത്തെ സ്പാര്‍ക്ക് ഇട്ടുതന്നത് എം.ബി.എസ്. ആയിരുന്നു. സാറിന്റെ ഗാനങ്ങളില്‍ സര്‍ഗവൈഭവത്തിന്റെ വേറൊരു ലെവല്‍ ഉണ്ട്. അതൊക്കെ കണ്ടപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ഞാന്‍ പാട്ടുകാരനല്ല, സംഗീത സംവിധായകന്‍ ആവേണ്ടയാളാണ്. സംഗീതസംവിധായകന്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പ്ലാറ്റ് ഫോമില്‍നിന്നുകൊണ്ട് ശബ്ദം കൊടുത്ത് കൂടുതല്‍ ഭാവാത്മകമായി അവതരിപ്പിക്കാനേ ഒരു പാട്ടുകാരന് ചെയ്യാന്‍ പറ്റൂ.പക്ഷേ എവിടെയോ ശൂന്യതയില്‍നിന്ന് പിടിച്ചെടുക്കുന്ന, ഈശ്വരന് മാത്രം കണക്ഷന്‍ ഉള്ള സംഗീതം ഉണ്ടാക്കാന്‍ സംഗീത സംവിധായകനേ കഴിയുള്ളൂ.

ഇതൊക്കെ എനിക്ക് മനസ്സിലാക്കിച്ചുതന്നൊരു പാട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഗാനം. വയലാര്‍ എഴുതിയതാണ്. ഗംഗാ യമുനാ ഗോദാവരി പമ്പാ നര്‍മദ കാവേരി.ഇതില്‍ ഗംഗ എന്ന ട്യൂണ്‍ വരുമ്പോള്‍ ഗംഗ ഒഴുകുന്ന പോലെ തോന്നും. ആ ഈണത്തിലൂടെ നമുക്ക് ഗംഗയെയും യമുനയെയും ഗോദാവരിയെയും കാണാന്‍ പറ്റും. ആ പാട്ടാണ് ശരിക്കും ഞാന്‍ സംഗീത സംവിധായകനാവാന്‍ കാരണം. അതോടെ ഞാന്‍ അവിടെ പാട്ടു കണ്ടക്ട് ചെയ്യാന്‍ തുടങ്ങി.

അതിന് ശേഷമാണ് ഞാന്‍ ദേവരാജന്‍ മാസ്റ്ററെ കാണുന്നത്. ആദ്യം കണ്ടപ്പോള്‍ മാസ്റ്ററൊരു പാട്ടുപാടാന്‍ പറഞ്ഞു. ഞാന്‍ എം.ബി.എസിന്റെ പാട്ടാണ് പാടിയത്. പക്ഷേ അത് വളരെയധികം പോസിറ്റീവായാണ് മാസ്റ്റര്‍ കണ്ടത്. അദ്ദേഹം പറഞ്ഞു നീ ലളിതഗാനമല്ല, ക്ലാസിക്കല്‍ കച്ചേരിയാണ് കൂടുതല്‍ പാടേണ്ടത്. ആ കാലത്ത് എന്റെയൊരു കച്ചേരി കരമനയില്‍ നടക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ ഹാളിലാണ് പരിപാടി. ഞാന്‍ സ്റ്റേജില്‍ കേറി ഇരിക്കുമ്പോള്‍ ദൂരെ പിന്നിലായി തലയിലൊരു കെട്ടൊക്കെ കെട്ടി ഒരാള്‍ വന്നുനില്‍ക്കുന്നത് കണ്ടു. 'അയ്യോ അത് മാസ്റ്ററല്ലേ. ഞാന്‍ എങ്ങനെ കച്ചേരി പാടുന്നു എന്ന് കേള്‍ക്കാന്‍ വേണ്ടി നില്‍ക്കുകയാണ്' ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു നിമിഷമായിരുന്നു അത്. പിറ്റേന്ന് ഞാന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'നീയെങ്ങനെയാ പാടുന്നതെന്ന് അറിയാന്‍ വേണ്ടി വന്നതാണന്ന്.' അതൊരു വലിയ ഓര്‍മയാണ്. അങ്ങനെയൊരു അനുഭവം വേറെ ആര്‍ക്കെങ്കിലും ഉണ്ടോ എന്നറിയില്ല. എന്തായാലും ആ സ്‌നേഹത്തിന് പാത്രമാവാന്‍ എനിക്കു സാധിച്ചു.

ദേവരാജ സംഗീതം

ദേവരാജന്‍ മാസ്റ്റര്‍ എന്നെ പഠിപ്പിച്ചൊരു ഗാനമുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനം എന്നില്‍ വരാനിടയാക്കിയ ഗാനം. ചക്രവര്‍ത്തിനി നിനക്ക് ഞാനെന്റെ ശില്‍പഗോപുരം തുറന്നു എന്ന പാട്ട്. അതിന്റെ ഓരോ വരികളും കോമ്പോസിഷന്‍സും എങ്ങനെയാണ് പാടേണ്ടതെന്ന് അദ്ദേഹം ഇരുത്തി പഠിപ്പിച്ചു. അപ്പോഴേക്കും സംഗീത സംവിധാനത്തെക്കുറിച്ചും സംവിധായകര്‍ എങ്ങനെയാണ് പാട്ടിലേക്ക് കയറുന്നതെന്നുമൊക്കെ ഞാന്‍ ചിന്തിച്ച് തുടങ്ങിയിരുന്നു.

എന്റെ പൊന്നുതമ്പുരാന്‍ എന്ന സിനിമയുടെ റെക്കോഡിങ് തരംഗിണിയില്‍ നടക്കുമ്പോള്‍ മാസ്റ്റര്‍ എന്നോടും ചെല്ലാന്‍ പറഞ്ഞു. ആദ്യത്തെ ദിവസം അവിടെ മാകമാസ മല്ലികപ്പൂ എന്ന പാട്ടാണ് റെക്കോഡ് ചെയ്യുന്നത്. ഞാനതെല്ലാം കണ്ടുനിന്നു. പക്ഷേ മാസ്റ്റര്‍ എന്നോട് ഒന്നും മിണ്ടിയില്ല. അന്നുരാത്രി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 'ഞാനവിടെ ഉണ്ടായിരുന്നു.' നീ അതെല്ലാം കണ്ടുപഠിക്ക് എന്നുമാത്രം മറുപടി പറഞ്ഞു. പിറ്റേന്ന് രാവിലെ ഞാന്‍ ചെല്ലുമ്പോള്‍ സുഭഗേ സുഭഗേ എന്ന പാട്ടാണ് റെക്കോഡ് ചെയ്യുന്നത്. വയലാര്‍ എഴുതിയതാണ്. അദ്ദേഹത്തിന്റെ മരണശേഷം ഈ സിനിമയ്ക്കുവേണ്ടി എടുത്തതാണ്. മാസ്റ്റര്‍ പെട്ടെന്ന് എന്റെ അടുത്തുപറഞ്ഞു 'നീയൊരുകാര്യം ചെയ്യ്. അവിടെപോയി ഇത് കണ്ടക്ട് ചെയ്യൂ' ഞാനാകെ തരിച്ചുനിന്നു. ഒരു പാട്ട് കണ്ടക്ട് ചെയ്യാനൊന്നും എനിക്ക് അറിയില്ല. എന്നാലും എന്തോ ഒരു ധൈര്യത്തില്‍ ഞാന്‍ അകത്തുചെന്ന് ഹെഡ് ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു. അപ്പോള്‍ വോയിസ് റൂമില്‍നിന്ന് മധുരമായൊരു ശബ്ദം ചോദിക്കുന്നു.'റെഡിയാണോ സാര്‍.' ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ.

തിരിഞ്ഞുനോക്കിയപ്പോള്‍ സാക്ഷാല്‍ യേശുദാസ് മുന്നില്‍ നില്‍ക്കുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. അങ്ങനെ വയലാര്‍-ദേവരാജന്‍-യേശുദാസ് കോമ്പിനേഷനിലുള്ള ഒരു പാട്ട് റെക്കോഡ് ചെയ്യാനുള്ള അപൂര്‍വ ഭാഗ്യം എനിക്ക് കിട്ടി.എന്റെ തലമുറയിലെ മറ്റാര്‍ക്കും കിട്ടാത്തൊരു അവസരം.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം">
ഗൃഹലക്ഷ്മി വാങ്ങാം

അമ്മയുടെ താരാട്ട്

ചെറുപ്പത്തില്‍ അമ്മ എനിക്കൊരു വാക്ക്മാന്‍ വാങ്ങിത്തന്നിരുന്നു. തീവണ്ടി യാത്രകളിലൊക്കെ ആ വാക്ക്മാനില്‍ പാട്ടുകേട്ടാണ് ഞാന്‍ പോവുന്നത്. അതിലെപ്പോഴും കേള്‍ക്കാന്‍ ഇഷ്ടമുള്ള പാട്ട് ഔസേപ്പച്ചന്റെ ഉണ്ണികളെ ഒരു കഥ പറയാം ആണ്. ഇപ്പോഴും ട്രെയിന്‍ യാത്ര എന്നുപറഞ്ഞാല്‍ ആ പാട്ട് ഓര്‍മ വരും. എല്ലാ യാത്രകളിലും ഞാനത് കേട്ടോണ്ടിരിക്കും. ഈ കാസറ്റ് ഞാന്‍ പലതവണ വാങ്ങിച്ചിട്ടുണ്ട്. എന്റെ മനസ്സിലൊരു നാഴികക്കല്ലിട്ട പാട്ടാണത്. എങ്ങനെയാണ് ഒരു ബ്യൂട്ടിഫുള്‍ മെലഡി കണ്ടക്ട് ചെയ്യുന്നതെന്നുള്ള മനോഹരമായ ചിന്തകള്‍ ആ പാട്ടിലും അതിന്റെ ഓര്‍ക്കസ്‌ട്രേഷനിലുമുണ്ട്. അത് ഇപ്പോഴും ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു.

ജയതിലകന്‍ എന്ന ജയമാമയും ഇതേപോലെ ചില പാട്ടുകള്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ കസിനാണ് ജയമാമ. അച്ഛനും അമ്മയും സ്വന്തം അനിയനെപ്പോലെ കാണുന്നയാള്‍. സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് ഞാന്‍ ജയമാമയുടെ വീട്ടില്‍ പോയി താമസിക്കും. അദ്ദേഹം വലിയൊരു സംഗീതാസ്വാദകനാണ്. രാത്രികളില്‍ ജയമാമ പറയും 'എടാ എരുമയുടെ ശബ്ദമാണെനിക്ക്. എന്നാലും ഞാന്‍ പാടും എന്ന്' എന്നിട്ട് പാരിജാതം തിരുമിഴി തുറന്നു എന്നു പാടും. എന്നിട്ട് അതിന്റെ വരികളെപ്പറ്റിയൊക്കെ സംസാരിക്കും. ഇന്നും സുഹൃദ്‌സദസ്സുകളില്‍ ഗാനങ്ങളെ അദ്ദേഹം വിശകലനം ചെയ്യും. അദ്ദേഹത്തിന്റെ ശേഖരത്തില്‍നിന്നാണ് ഞാന്‍ കിഷോര്‍കുമാറിന്റെ ശബ്ദം ആദ്യമായിട്ട് കേള്‍ക്കുന്നത്. ആ നിമിഷം മുതല്‍ ഞാനതില്‍ വീണുപോയതാണ്. മുഹമ്മദ്‌ റഫി വേറൊരു അനുഭവമാണ്. പക്ഷേ കിഷോര്‍കുമാറിന്റെ പാട്ടിന് മറ്റൊരു ഭംഗിയുണ്ട്. അതില്‍ രണ്ട് പാട്ടുകള്‍ ഞാനെപ്പോഴും ഓര്‍ക്കുന്നു. തേരേ മേരെ, ഏക് ലംഹാ സബ്കുച്ചേ ...അത് രണ്ടും മാറിമാറി കേട്ടോണ്ടിരിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ശീലം മാറിയിട്ടില്ല.

ഇളങ്കോ ചേട്ടന്റെ ബീറ്റില്‍സുകള്‍

ദേവരാജന്‍ മാസ്റ്ററുടെ ഗിറ്റാറിസ്റ്റാണ് ഇളങ്കോ ചേട്ടന്‍. ഞാന്‍ 25 വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പമായിരുന്നു. ഞാന്‍ കമ്പോസ് ചെയ്യാന്‍ തുടങ്ങിയതുതൊട്ട് എന്റെയൊരു വഴികാട്ടിയായി ഇളങ്കോ ചേട്ടന്‍ കൂടെയുണ്ട്. എന്റെ ഭൂരിഭാഗം ഈണങ്ങളും ആദ്യമായി കേട്ടത് ഇളങ്കോ ചേട്ടനാണ്. അദ്ദേഹം മുന്നിലൊരു ഗിറ്റാറുമായിട്ട് ഇരിക്കുമ്പോഴാവും ഞാന്‍ കമ്പോസ് ചെയ്യുന്നത്. ഇടയ്ക്ക് ഇളങ്കോ ചേട്ടന്‍ പറയും 'കുട്ടാ വേറൊരു വഴി ട്രൈ ചെയ്ത് നോക്കെന്ന്.' അപ്പോള്‍ ഞാന്‍ വേറൊന്ന് നോക്കും. അങ്ങനെയാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം. ഒരുപാട് ഗാനങ്ങള്‍ ഇളങ്കോ ചേട്ടനാണ് എന്നെ കേള്‍പ്പിച്ചിട്ടുള്ളത്. ലോകസംഗീതവുമായിട്ടുള്ള ബന്ധവും ഇളങ്കോ ചേട്ടന്‍ വഴിയാണ്. ഇളയരാജയുടെ പാട്ടുകളും ബീറ്റില്‍സുമാണ് ഇളങ്കോ ചേട്ടന്റെ ഹരം. എപ്പോഴും ബീറ്റില്‍സില്‍ ഇളങ്കോ ചേട്ടന്‍ പാടുന്നതാണ് യെസ്റ്റര്‍ ഡേ, സംതിങ് മോര്‍ എന്നീ പാട്ടുകള്‍. ഇത് രണ്ടും എന്റെ മനസ്സിലോട്ട് കേറി. ഇളങ്കോ ചേട്ടനിലൂടെയാണ് ഞാന്‍ ബീറ്റില്‍സിനെ തിരിച്ചറിയുന്നത്. ഈ പാട്ടുകളെല്ലാം പിന്നീട് എനിക്ക് വഴികാട്ടികളായി.

ദൈവസന്നിധിയില്‍

ബാലമുരളീകൃഷ്ണയുടെ കച്ചേരികളോടും അദ്ദേഹത്തിന്റെ കൃതികളോടും പ്രത്യേകമായിട്ടുള്ള ഇഷ്ടമുണ്ട്. മദ്രാസില്‍ എന്റെ ചേട്ടനും ഞാനും കൂടെയാണ് ആദ്യമായി ബാലമുരളീകൃഷ്ണ സാറിനെ കാണാന്‍ പോയത്. ഞാന്‍ ദൈവത്തെ പോലെ കാണുന്നൊരാളാണ്. ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു 'കാന്‍ യു സിങ് എ സോങ് ഫോര്‍ മി'. വല്ലാതായിപ്പോയി. ഞാന്‍ വെറുമൊരു പയ്യന്‍. അവിടെയിരുന്ന് മര്യാദയ്ക്ക് പാടെന്നുപറഞ്ഞാല്‍ പാടും. പക്ഷേ മുന്നിലുള്ളത് ദൈവതുല്യനായൊരു മനുഷ്യന്‍. അത്രയും വലിയൊരു കലാകാരന് മാത്രമേ ഒരു പാട്ടെനിക്ക് പാടിത്തരുമോ എന്ന് ചോദിക്കാന്‍ പറ്റൂ. അതാണ് അദ്ദേഹത്തിന്റെ കാരക്ടര്‍. കറ കളഞ്ഞ മ്യൂസീഷ്യന്‍. നിറ കുടം തുളുമ്പില്ല. അദ്ദേഹം പാടുന്ന പല രാഗങ്ങളും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. രേവതി രാഗം ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹം പാടിയിട്ടാണ്. ശ്രീലതികകള്‍ എന്ന പാട്ട് ചെയ്യാനായിട്ട് രവീന്ദ്രന്‍ മാഷെ പ്രചോദിപ്പിച്ചത് ഈ പല്ലവിയാണ്. ഓര്‍മകള്‍ ആ ദൈവത്തെ ചുറ്റിപ്പറ്റി പറക്കുകയാണ്, ഇപ്പോഴും.

ഓര്‍മകളിലെ 25 വര്‍ഷങ്ങള്‍. എനിക്കിതൊരു വലിയ യാത്രയായിരുന്നു. ഒരു പയ്യന്‍ നടുക്കടലിലേക്ക് എടുത്തുചാടുന്നതുപോലെ സിനിമയിലേക്ക് ചാടിയ ആളാണ് ഞാന്‍. നീന്തല്‍ എന്തെന്നറിയാതെ നടുക്കടലില്‍ ചെന്നുവീണു. ആദ്യമൊക്കെ ജലമൗനമായിരുന്നു. ആഴക്കടലില്‍ എവിടെയൊക്കെയോ മുങ്ങിക്കിടന്നു. പിന്നെ പഠിച്ചുപഠിച്ചു മുന്നോട്ട് നീന്തിയതാണ്. സഹായിക്കാനോ ശുപാര്‍ശ ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. ഓരോ ചുവടിലും ഞാന്‍ എന്നെത്തന്നെ തെളിയിക്കണമായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുനീന്തി. വലിയ സംഗീത ഗുരുക്കന്‍മാരുടെ കാരുണ്യത്താല്‍ ഇപ്പോള്‍ ഈ യാത്ര കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. പോയനാളുകളില്‍ എനിക്ക് വഴികാട്ടിയ എല്ലാ മഹാന്‍മാരുടെയും കാല്‍ക്കല്‍ ഈ ഗാനം കൂടെ സമര്‍പ്പിക്കുന്നു. വാതില്‍ക്കല് വെള്ളരിപ്രാവ്, വാക്കുകൊണ്ട്....

ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം ഞാന്‍ എത്രനന്നായി പാടിയാലും യേശുദാസ് പാടിയതിന്റെ ഏഴയലത്ത് എത്തില്ല

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: M Jayachandran Open Up about his 25 years of music and movie life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented