പാട്ട് പാടി മഴ പെയ്യിച്ച കഥയുണ്ട്. എന്നാൽ, പാട്ട് കൊണ്ട് ഒരു രാജ്യത്തെ സമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനാവുമോ? ആ കഥയാണ് ഡെസ്പാസിറ്റോ എന്ന സ്പാനിഷ് ഗാനത്തിന് പറയാനുള്ളത്. കടക്കെണിയിലായ പ്യൂർട്ടൊറീക്കയെ കരകയറ്റിയത് ഈയൊരൊറ്റ ഗാനമാണ്.

ഡാൻസ് വീഡിയോകളും മാഷ്അപ്പുകളുമായി ലോകം ''ഡെസ്പാസിറ്റോ ' ആഘോഷിക്കുമ്പോള്‍  സാമ്പത്തികമായി തകര്‍ന്നുപോയ ഒരു കൊച്ചു രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍  കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗായകരായ ലൂയിസ് ഫോണ്‍സി യും ഡാഡി യാങ്കീയും .

'ഡെസ്പാസിറ്റോ' എന്ന സ്പാനിഷ് ഗാനം സാവധാനത്തില്‍ സംഗീതലോകത്തെ മായികലോകത്തേയ്ക്ക് പടര്‍ന്നു കയറുകയായിരുന്നു. പാശ്ചാത്യ സംഗീത രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ  ആലാപനത്തോടെ ഗാനം  സ്പാനിഷ് ഭാഷയിലെ ഏറ്റവും പ്രശസ്തമായ മാക്കറീനയെ മറികടന്നു. ഡെസ്പാസിറ്റോയ്‌ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍  ട്രെന്‍ഡ്. അതോടൊപ്പമാണ് സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പ്യൂർട്ടൊറീക്കോ എന്ന രാജ്യത്തിന്റെ രക്ഷയായി ഡെസ്പാസിറ്റോ മാറിയത് .

മൂന്നു മാസം മുന്‍പ് പ്യൂർട്ടൊറീക്കോയുടെ ഗവര്‍ണര്‍ റിക്കാര്‍ഡോ റോസ്സലോ രാജ്യത്തിന്റെ  പൊതു കടം 70 മില്യണ്‍ ഡോളര്‍ കടന്നതായും രാജ്യം പാപ്പരായതായും പ്രഖ്യാപിച്ചത്. എന്നാല്‍ 'ഡെസ്പാസിറ്റോ'യുടെ ആഗോള ഹിറ്റ് വീഡിയോ കാര്യങ്ങൾ മാറ്റിമറിച്ചു. സൂപ്പര്‍ ഗായകരായ ലൂയിസ് ഫോണ്‍സിയും ഡാഡി  യാങ്കീയുടേയും നാടു കാണാനും വീഡിയോ ഷൂട്ട് ചെയ്ത മനോഹര സ്ഥലങ്ങള്‍ കാണാനും ടൂറിസ്റ്റുകളുടെ പ്രവാഹം തുടങ്ങി. ടൂറിസ്റ്റുകളുടെ  എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. വീഡിയോ ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍ ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ടൂര്‍ ഓപ്പറേറ്റർമാര്‍ .

പ്യൂർട്ടൊറീക്കോയുടെ ദൃശ്യഭംഗിയും ആഘോഷജീവിതവും മിസ്സ് യൂണിവേഴ്സ് 2006 സുലൈക റിവൈറയുമാണ് വിഡിയോയില്‍ ഗായകരോടൊപ്പം പ്രത്യക്ഷപ്പെടുന്നത്. മതിലുകള്‍ കെട്ടി രാജ്യങ്ങളെ തമ്മിലകറ്റുന്ന കാലത്ത് അമേരിക്കയില്‍ ഒരു സ്പാനിഷ് ഗാനം ഒന്നാം സ്ഥാനത്ത് എത്തുന്നത്. സംഗീതപ്രേമികളുടെ മനസ്സിലൂടെ ഏതു ഭാഷയെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയുടെ മനസ്സ് തന്നെ സന്തോഷിപ്പിക്കുന്നതായി ലൂയിസ് ഫോണ്‍സി പറയുന്നു.