നിവിന്‍ പോളി-നയന്‍താര താരജോഡികള്‍ ഒന്നിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയിലെ ഗാനങ്ങളുടെ ജ്യൂക്‌ബോക്‌സ് പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ ഏഴ് ഗാനങ്ങളുടെ ജ്യൂക്‌ബോക്‌സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കുടുക്ക് സോങ്ങിന്റെ ടീസര്‍ വൈറലായിരുന്നു.

വരൂ ആസ്വദിക്കൂ ഷാന്‍ റഹ്മാന്‍ അണിയിച്ചൊരുക്കിയ പ്രേമം സംഘട്ടനം നാടകത്തിന്റെ നല്ല ഇമ്പമുള്ള പാട്ടുകള്‍...എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ അജു വര്‍ഗീസ് ഗാനങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും.

ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.  സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തീയേറ്ററുകളിലെത്തും.

Content Highlights : Love Action Drama Movie Songs jukebox Nayanthara Nivin Pauly Shan Rahman Dhyan Aju