-
കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നളളും മൂര്‍ത്തേ..
ഇടയ്ക്കയുടേയും പുല്ലാങ്കുഴലിന്റേയും മാത്രം അകമ്പടിയോടെ കാവാലം നാരായണപ്പണിക്കരുടെ ഈ വരികള്‍ക്ക് അനൂപും കാര്‍ത്തിക്കും ചേര്‍ന്നൊരുക്കിയ കവര്‍ വേര്‍ഷന്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എന്തിനേറെ കാവാലത്തിന്റെ മകന് ശ്രീകുമാര്‍ തന്നെ കവര്‍ വേര്‍ഷന്‍ കണ്ടപ്പോഴുണ്ടായ സന്തോഷം കാവാലം നാരായണപ്പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ പങ്കുവെക്കുകയും ചെയ്തു.
ലോക്ഡൗണ്‍ കാലത്ത് ഒരു തമാശയ്ക്ക് തൃശ്ശൂര്‍ വിവേകോദയം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അനൂപും ശിഷ്യന് കാര്‍ത്തിക്കും ചേര്‍ന്ന് തുടങ്ങിവെച്ച സംഗീതയാത്ര സോഷ്യല്‍ മീഡിയയെ സംഗീതസാന്ദ്രമാക്കിയിരിക്കുകയാണ്. പതിമൂന്നോളം കവര്‍ സോങ്ങുകളാണ് ടീച്ചര്‍-സ്റ്റുഡന്റ് സീരീസ് എന്ന പേരില്‍ ലോക്ഡൗണ്‍ കാലത്ത് ഇരുവരും ചേര്‍ന്ന് ചെയ്തത്. റെക്കോഡിങ്ങും മിക്സിങും ചിത്രീകരണവും വീഡിയോ എഡിറ്റിങ്ങും എല്ലാം മൊബൈല്‍ ഫോണില്‍. ജീനാ ജീനാ എന്ന ഗാനത്തിന്റെ കവര്വേര്ഷനായി സ്റ്റീല്‍ കുടത്തില്‍ വരെ പക്കമേളം പരീക്ഷിച്ചു. സീറോ ഇന്വെസ്റ്റ്മെന്റിലൊരുക്കിയ പരിശ്രമം ശുദ്ധസംഗീതത്തെ സ്നേഹിക്കുന്ന ആയിരങ്ങള്‍ ഏറ്റെടുത്തതോടെ ലോകത്തിന്റെ പലഭാഗങ്ങളിലുളള മലയാളികള്‍ ഫെയ്സ്ബുക്ക് ലൈവിനായി ഇവരെ സമീപിച്ചുതുടങ്ങി.
'വീട്ടിലിരുന്ന് മടുത്തപ്പോള്‍ ഞങ്ങള്‍ വെറുതെ തമാശയ്ക്ക് ചെയ്തതാണ്. എന്നും ചെയ്യാറുളള ചിന്ന ചിന്ന ആശൈ ഞാന്‍ ഗിറ്റാറില്‍ വായിച്ച് കാര്‍ത്തിക്കിന് അയച്ചുകൊടുത്തു. കാര്‍ത്തിക് അത് ഫ്ളൂട്ടില്‍ വായിച്ച് മിക്സ് ചെയ്ത് എനിക്ക് അയച്ചുതന്നു. പരിചയക്കാര്‍ക്ക് അത് അയച്ചുകൊടുത്തപ്പോള്‍ നല്ല അഭിപ്രായമാണ് പറഞ്ഞത് അതിന്റെ ആവേശത്തില്‍ വീണ്ടും ചെയ്തു. ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ അടുത്ത വീഡിയോ എപ്പോഴാണ് എന്ന ചോദ്യമായി. അതോടെ ഞങ്ങള്‍ തുടരുകയായിരുന്നു.' അനൂപ് പറയുന്നു.

തൃശ്ശൂര്‍ വെള്ളാറ്റഞ്ഞൂര്‍ സ്വദേശിയാണ് അനൂപ്. ആയുര്‍വേദ ഡോക്ടറായ പാര്‍വതിയാണ് ഭാര്യ. രണ്ടുകുട്ടികളാണ് ഇവര്‍ക്ക്. കവര്വേര്ഷന്റെ വീഡിയോ ചിത്രീകരിക്കുന്നതെല്ലാം പാര്‍വതിയാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അനൂപ് തികഞ്ഞൊരു സംഗീതാസ്വാദകനാണ്. സംഗീതപഠനം തുടങ്ങിവെച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല, പക്ഷേ നന്നായി പാടുകയും ഗിറ്റാറും ഇടയ്ക്കയും വായിക്കുകയും ചെയ്യും. ഹാര്‍മോണിയം കലാകാരനായ ചെറിയച്ഛനാണ് അനൂപിന് ഇടയ്ക്ക വാങ്ങി നല്‍കുന്നത്. സോപാനസംഗീതത്തോട് താല്പര്യമുണ്ടായിരുന്നതിനാല് അതിന്റെ ചിട്ടകള്‍ കുറച്ചുകാലം ശാസ്ത്രീയമായി അഭ്യസിച്ചു. ഇംഗ്ലീഷ് അധ്യാപകനാണെങ്കിലും യുവജനോത്സവത്തിന് കുട്ടികളെ വാദ്യമത്സരത്തില് പങ്കെടുപ്പിക്കാനും അവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കാനും അനൂപ് മുന്നില്‍ത്തന്നെയുണ്ടാകും. പക്ഷേ എല്ലാം സ്കൂള്‍ പഠനസമയം കഴിഞ്ഞതിനുശേഷം മാത്രം.
സംഗീതത്തോട് താല്പര്യമുള്ള തൃശ്ശൂര്സ്വദേശികളായ സുഹൃത്തുക്കളെ കിട്ടിയതോടെ അനൂപിന്റെ നേതൃത്വത്തില്‍ 2015-ല്‍ ഇലഞ്ഞിക്കൂട്ടം എന്നപേരില്‍ ഒരു ബാന്‍ഡ് തുടങ്ങിയിരുന്നു. 'ഒരു കാലഘട്ടത്തില്‍ ഗാനമേളകള്‍ നമ്മുടെ നാട്ടില്‍ വളരെ സജീവമായിരുന്നു ആളുകള്‍ക്ക് താല്പര്യവുമായിരുന്നു. പിന്നെ ഗാനമേളകള്‍ കരോക്കേ വെച്ച് ചെയ്യാന്‍ തുടങ്ങി. മുന്‍കൂട്ടി റെക്കോഡ് ചെയ്തുവെച്ച് കാണികള്‍ക്ക് മുന്നില്‍ നിന്ന് വെറുതെ ചുണ്ടനക്കി അഭിനയിക്കുന്നവരുമുണ്ട്. ഇതെല്ലാം കണ്ടുമടുത്തപ്പോഴാണ് ഇലഞ്ഞിക്കൂട്ടം എന്നപേരില്‍ ഞങ്ങളൊരു ബാന്‍ഡ് ആരംഭിക്കുന്നത്.'
സിനിമാപാട്ടുകള്‍ തന്നെയാണ് ഇലഞ്ഞിക്കൂട്ടം കൂടുതലും ചെയ്തിട്ടുളളത്. 2019-ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത പൂരം ജനിച്ചൊരുനാട്... എന്നു തുടങ്ങുന്ന ആ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. അതോടെ ബാന്‍ഡിന് നിറയെ പരിപാടികള്‍ കിട്ടിത്തുടങ്ങി. ബാന്ഡിലെത്തുന്ന ഗായകര്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കാനുളള ശ്രമത്തിനിടയില്‍ സ്വന്തം പാട്ടിന് ഇടവേള കൊടുത്ത അനൂപ് ലോക്ഡൗണ്‍ ആയപ്പോഴാണ് സ്വന്തം സംഗീതത്തെ വീണ്ടും പൊടിതട്ടിയെടുത്തത്. കാര്‍ത്തിക്കും കട്ടസപ്പോര്‍ട്ടായി മാഷിനൊപ്പം നിന്നതോടെ ടീച്ചര്‍- സ്റ്റുഡന്റ് സീരീസ് തൃശ്ശൂര്‍ക്കാരുടെ ഭാഷയില്‍ 'ഒരു സംഭവങ്ങ്ടായി!'
Content Highlights:Lockdown diaries: Anoop Vellattanjur and Karthik's teacher- student music series went viral on FB
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..