അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽനിന്ന് പാറശ്ശാല പൊന്നമ്മാൾ പദ്മശ്രീ പുരസ്കാരം സ്വീകരിക്കുന്നു
തിരുവനന്തപുരം: പൊന്നമ്മാളുടെ സംഗീതസ്വരമാധുരി, നൂറ്റാണ്ടുകളുടെ ആചാരത്തെയും പാരമ്പര്യത്തെയും മറികടന്ന് നവരാത്രിമണ്ഡപത്തിലെ ആദ്യത്തെ പെൺശബ്ദമായി. ഒന്നര നൂറ്റാണ്ടു മുൻപ് തുടങ്ങിയ നവരാത്രി സംഗീതോത്സവത്തിൽ പൊന്നമ്മാൾ പാടിയതോടെ പുതുചരിത്രമാണ് കോട്ടയ്ക്കകത്തെ സ്വാതിമണ്ഡപത്തിൽ 2006-ൽ പിറന്നത്.
13-ാമത്തെ വയസ്സിൽ പാറശ്ശാലയിൽനിന്നു തുടങ്ങിയ ആ സംഗീതജീവിതം, പല കാര്യത്തിലും പെൺകുട്ടികളുടെ ലോകത്തെ അഗ്രഗാമിയായിരുന്നു. സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യത്തെ വിദ്യാർഥിനികളിലൊരാളായിരുന്ന പാറശ്ശാല പൊന്നമ്മാൾ, കേരളത്തിലെ ആദ്യത്തെ സംഗീത കോളേജ് അധ്യാപികയും(സ്വാതി തിരുനാൾ കോളേജ്) ആദ്യത്തെ വനിതാ പ്രിൻസിപ്പലുമായിരുന്നു(തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ്).
പദ്മനാഭപുരം കൊട്ടാരത്തിൽ അരങ്ങേറിയിരുന്ന നവരാത്രി സംഗീതോത്സവം സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്താണ്(1813-1846) തിരുവനന്തപുരത്തേക്കു മാറ്റിയത്. അന്ന് കർണാടക സംഗീതവേദിയിൽ ഗായികമാർക്കു പ്രവേശനമുണ്ടായിരുന്നില്ല. 21-ാം നൂറ്റാണ്ടിലും ആ കീഴ്‌വഴക്കത്തെയും പാരമ്പര്യത്തെയും മാറ്റിമറിക്കാൻ ആരും ശ്രമിച്ചിരുന്നില്ല. 2006-ൽ പൊന്നമ്മാളിന്റെ 82-ാമത്തെ വയസ്സിലാണ് സംഗീതത്തിലൂടെ ഇവിടെയൊരു വിപ്ലവം പിറന്നത്.
നവരാത്രിമണ്ഡപത്തിൽ സ്ത്രീകളെയും പാടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, ആദ്യം പരിഗണിച്ച പേര് പൊന്നമ്മാളിേന്റതാണ്.
തിരുവിതാംകൂർ രാജകുടുംബാംഗവും സംഗീതജ്ഞനുമായ അശ്വതിതിരുനാൾ രാമവർമ്മ വലിയശാലയിലെ പൊന്നമ്മാളിന്റെ വീട്ടിലെത്തി നവരാത്രിമണ്ഡപത്തിലെ കച്ചേരിക്കായി ക്ഷണിച്ചു. മഹാഗുരുക്കന്മാരുൾപ്പെടെയുള്ളവർ പാടിപ്പഴകിയ പ്രശസ്തമായ വേദിയിൽ പാടുന്നതിന്റെ ശങ്ക തന്റെയുള്ളിലും ഉണ്ടായിരുന്നുവെന്നും എന്നാൽ, സരസ്വതീദേവിക്കു മുന്നിൽ സ്ത്രീകൾ പാടുന്നതു തെറ്റല്ലെന്ന വിശ്വാസം ആത്മബലം തന്നതായും പൊന്നമ്മാൾ പറഞ്ഞിട്ടുണ്ട്. പിന്നീട് പൊന്നമ്മാളിന്റെ ശിഷ്യരുൾപ്പെടെയുള്ള സ്ത്രീകൾ ഈ വേദിയിൽ രാഗമഴ പെയ്യിച്ചു.
content highlights : legendary carnatic singer parassala ponnammal rememberance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..